
ഇസ്ലാമാബാദ്: പ്രമുഖ പാകിസ്ഥാനി ടെലിവിഷനായ 92 ന്യൂസിന്റെ അവതാരക റാബിയ അഹ്‌സാനെ (41) ഭർത്താവ് വെടിവച്ചു കൊലപ്പെടുത്തി. ഞായറാഴ്ച വൈകിട്ട് റാവൽപിണ്ടിയിലെ ഗുൽഷനാബാദ് മേഖലയിലെ വസതിയിലായിരുന്നു സംഭവം. സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവ് അഹ്‌സാൻ തഹീർ ഖാൻ പൊലീസിന്റെ പിടിയിലായി. അബദ്ധത്തിൽ വെടിവച്ചെന്നാണ് ഇയാൾ ആദ്യം പൊലീസിന് മൊഴിനൽകിയത്. എന്നാൽ റാബിയയെ കൊലപ്പെടുത്തിയതാണെന്ന് വിശദമായ ചോദ്യംചെയ്യലിനിടെ ഇയാൾ പൊലീസിനോട് സമ്മതിച്ചെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇരുവരും തമ്മിൽ അഭിപ്രായ ഭിന്നതകളുണ്ടായിരുന്നെന്നാണ് വിവരം. വീട്ടിലെ വസ്ത്രങ്ങൾക്കിടെയിൽ നിന്ന് ലൈസൻസില്ലാത്ത തോക്ക് പൊലീസ് കണ്ടെത്തി. വൈകിട്ട് മൂന്നോടെ കിടപ്പുമുറിയിൽ കഴുത്തിനും പിന്നിലുമായി വെടിയേറ്റ നിലയിലാണ് റാബിയയുടെ മൃതദേഹം കണ്ടെത്തിയത്. വെടിയൊച്ച കേട്ട് വീട്ടുമുറ്റത്തുണ്ടായിരുന്ന റാബിയയുടെ അമ്മയും സഹോദരിയും ഓടിയെത്തുമ്പോഴേക്കും മരണം സംഭവിച്ചു. പതിമൂന്നും പതിനൊന്നും വയസുള്ള റാബിയയുടെ പെൺമക്കളും ഇവർക്കൊപ്പമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |