SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.39 PM IST

ഇന്ത്യൻ സന്ദർശനത്തിന് പിന്നാലെ പാക് യാത്ര; ബംഗ്ലാദേശ് രഹസ്യാന്വേഷണ മേധാവിയുടെ നീക്കങ്ങൾ ചർച്ചയാകുന്നു

abu-muhammad-sarwar-farid
മേജർ ജനറൽ അബു മുഹമ്മദ് സർവാർ ഫരീദ്

​​​ധാക്ക: ഇന്ത്യാ സന്ദർശനം കഴിഞ്ഞ് മടങ്ങി 11 ദിവസത്തിന് പിന്നാലെ ബംഗ്ലാദേശിന്റെ രഹസ്യാന്വേഷണ വിഭാഗം മേധാവി മേജർ ജനറൽ അബു മുഹമ്മദ് സർവാർ ഫരീദ് പാകിസ്ഥാനിലെത്തി. നവംബർ ഒമ്പതിന് എമിറേറ്റ്‌സ് വിമാനത്തിൽ അദ്ദേഹം ഫരീദാബാദിലേക്ക് യാത്രതിരിച്ചെന്നാണ് മാദ്ധ്യമ റിപ്പോർട്ട്.

ബംഗ്ലാദേശിലെ സുരക്ഷാ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. രാത്രി 8.27ന് 587-ാം നമ്പർ വിമാനത്തിൽ ഫരീദ് ഇസ്ലാമാദിലേക്ക് പുറപ്പെട്ടതായാണ് വിവരം. എന്നാൽ, പാകിസ്ഥാൻ സന്ദർശനത്തിന്റെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമല്ല. പാകിസ്ഥാനിൽ അദ്ദേഹം നടത്താനിരിക്കുന്ന കൂടിക്കാഴ്‌‌ചകളെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിട്ടില്ല.

ഇക്കഴിഞ്ഞ ഒക്‌ടോബർ അവസാനവാരം ന്യൂഡൽഹിയിൽ നടന്ന എട്ടാമത് ദക്ഷിണേന്ത്യൻ ഭീകരവിരുദ്ധ സമ്മേളനത്തിൽ പങ്കെടുക്കാനാണ് ഫരീദ് ഇന്ത്യയിലെത്തിയത്. ദക്ഷിണേന്ത്യൻ രാജ്യങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥർ‌ പങ്കെടുത്ത സമ്മേളനത്തിൽ ബംഗ്ലാദേശിനെ പ്രതിനിധീകരിച്ചാണ് അദ്ദേഹം എത്തിയത്. ഒക്‌ടോബർ 28ന് ധാക്കയിൽ തിരിച്ചെത്തിയ ഫരീദ് 11 ദിവസത്തിന് ശേഷമാണ് പാകിസ്ഥാനിലേക്ക് യാത്ര തിരിച്ചത്. സന്ദർശനവുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങളൊന്നും ബംഗ്ലാദേശ് സർക്കാർ പുറത്തുവിട്ടിട്ടില്ല. ഇന്ത്യയ്‌ക്കും പാകിസ്ഥാനുമിടയിൽ ബംഗ്ലാദേശ് നടത്തുന്ന സുരക്ഷാ-നയതന്ത്ര ഇടപെടലുകൾ ശ്രദ്ധിക്കപ്പെടുന്ന സാഹചര്യത്തിൽ ഈ സന്ദർശനത്തെ അതീവ ഗൗരവമായാണ് രാജ്യം നിരീക്ഷിക്കുന്നത്.

ബംഗ്ലാദേശിൽ താരിഖ് റഹ്‌മാൻ ഫെബ്രുവരി 17ന് അധികാരമേറ്റതിന് പിന്നാലെ പാകിസ്ഥാനുമായുള്ള സൈനിക സഹകരണം വർദ്ധിച്ചതായാണ് റിപ്പോർട്ട്. നവംബർ ഒമ്പതിന് മേജർ ജനറൽ കാഷിഫ് അബ്‌ദുള്ളയുടെ നേതൃത്വത്തിലുള്ള നാലംഗ പാക് സൈനിക സംഘം ധാക്കയിലെത്തി. ബംഗ്ലാദേശ് സായുധസേനാ വിഭാഗം മേധാവി ലെഫ്‌റ്റനന്റ് ജനറൽ മിർ മുഷ്‌ഫിഖുൾ റഹ്മാനുമായി സംഘം ചർച്ച നടത്തി. A2AST കരാർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കൂടിക്കാഴ്‌ചയിൽ ചർച്ചയായത്. ഇരുരാജ്യങ്ങളും തമ്മിൽ രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറുക, അതിർത്തി സുരക്ഷ ശക്തിപ്പെടുത്തുക, സംയുക്ത സൈനിക പരിശീലനവും അഭ്യാസങ്ങളും നടത്തുക, സൈനിക ഉദ്യോഗസ്ഥർ തമ്മിലുള്ള ആശയവിനിമയം വർദ്ധിപ്പിക്കുക എന്നിവയാണ് കരാറിന്റെ ലക്ഷ്യങ്ങൾ.

English Summary

Bangladesh’s intelligence chief Major General Abu Mohammad Sarwar Farid has travelled to Pakistan, just 11 days after returning from India. The visit comes amid growing military and intelligence cooperation between Dhaka and Islamabad, raising questions about Bangladesh’s evolving regional security ties

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PAK-BANGLADESH RELATIONS, NATIONAL SECURITY, BENGLADESH NSI, MILITARY COOPERATION, REGIONAL DIPLOMACY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360