ദുബായ്: 50 വർഷം നീണ്ട പ്രവാസ ജീവിതത്തിനൊടുവിൽ ദുബായിയോട് വിട പറയാനൊരുങ്ങി മലയാളി. ആബിദ് സി കെ 1976 നവംബർ പത്തിന് 16-ാം വയസിലാണ് യുഎഇയിലെത്തിയത്. പത്ത് ദിർഹവും അമ്മാവൻ അയച്ചുതന്ന വിസയും മാത്രമായിരുന്നു ആബിദിന്റെ കയ്യിൽ അപ്പോഴുണ്ടായിരുന്നത്. തന്റെ ജീവിതത്തിലെ നല്ലൊരു കാലം മുഴുവൻ ദുബായിലാണ് ചെലവഴിച്ചതെന്ന് ആബിദ് പറയുന്നു. രണ്ട് പെൺമക്കൾ വിവാഹിതരായി. ആറ് പേരക്കുട്ടികളുണ്ട്. ഈ രാജ്യം തന്നോട് അങ്ങേയറ്റം ഉദാരമായാണ് പെരുമാറിയതെന്നും ആബിദ് മനസുതുറന്നു.
'യുഎഇയിലായിരുന്ന അമ്മാവൻ എനിക്ക് വിസ അയച്ചുതന്ന് അങ്ങോട്ടേയ്ക്ക് വിളിക്കുകയായിരുന്നു. ബോംബെയിലെത്തിയതിനുശേഷം അവിടെനിന്നാണ് ദുബായിലേയ്ക്ക് 16-ാം വയസിൽ വിമാനം കയറിയത്. പാന്റിന്റെ പോക്കറ്റിലായി 2000 രൂപയുണ്ടായിരുന്നു. ഇതിൽ ഒരു ഭാഗം ബോംബെ വിമാനത്താവളത്തിൽ വച്ച് 10 ദിർഹത്തിന് മാറ്റിയെടുത്തു. വിമാനം കയറുന്നതിന് മുൻപ് താൻ വരുന്നതായി സൂചിപ്പിച്ച് അമ്മാവന് ടെലിഗ്രാം അയച്ചു. എന്നാലത് അദ്ദേഹത്തിന് സമയത്തിന് ലഭിച്ചില്ല. ദുബായിൽ വിമാനമിറങ്ങിയപ്പോൾ അമ്മാവൻ അവിടെയുണ്ടായിരുന്നില്ല. തുടർന്ന് ഷാർജയിലെ റോള്ളയിലേയ്ക്ക് ടാക്സിയിൽ പുറപ്പെട്ടു. ഈ സമയത്തിനുള്ളിൽ അമ്മാവന് ടെലിഗ്രാം ലഭിക്കുകയും എന്നെ കൂട്ടിക്കൊണ്ടുപോകാൻ അദ്ദേഹം എത്തുകയും ചെയ്തു.
പിറ്റേദിവസം മുതൽ ഒരു തുണിക്കടയുടെ ഷാർജ ശാഖയിൽ സെയിൽസ്മാനായി ജോലിയാരംഭിച്ചു. ഉപഭോക്താക്കളോട് സംസാരിക്കാൻ ഫാർസി, അറബിക്, ഹിന്ദി തുടങ്ങിയ ഭാഷകൾ പഠിച്ചു. നെയിംബോർഡുകളും മറ്റും നോക്കിയാണ് ഭാഷ പഠിച്ചത്. അമ്മാവനൊപ്പമായിരുന്നു താമസിച്ചിരുന്നത്. 700 ദിർഹമായിരുന്നു ആദ്യ ശമ്പളം. ഇതിൽ 250 ദിർഹം വീട്ടിലേയ്ക്ക് അയച്ചു. 500 രൂപയായിരുന്നു അന്ന് അതിന്റെ മൂല്യം.
22-ാം വയസിൽ സാഹിറയെ വിവാഹം കഴിച്ചു. 25-ാം വയസിൽ ഹജ്ജ് യാത്രക്കിടെയാണ് ആദ്യ കുഞ്ഞ് ജനിച്ചത്. സന്തോഷവാർത്ത അറിയിച്ചുള്ള ഫോൺ വിളിയെത്തിയപ്പോൾ പബുറൈദയിലായിരുന്നു ഞാൻ. അതിനാൽ മകൾക്ക് ബുറൈദയെന്ന് പേരിട്ടു. 1988ൽ രണ്ടാമത്തെ കുഞ്ഞ് ഫാഹിമ ജനിച്ചു. കുറച്ചുവർഷങ്ങൾക്കുശേഷം കുടുംബവും യുഎഇയിലേയ്ക്ക് താമസം മാറി. യുഎഇയിൽ വിപുലമായ ബിസിനസുണ്ട്. താൻ യുഎഇയിലെത്തിയ അതേദിവസംതന്നെ ഇന്ത്യയിലേയ്ക്ക് മടങ്ങണമെന്ന് കഴിഞ്ഞവർഷമാണ് തീരുമാനിച്ചത്'- ആബിദ് പറഞ്ഞു. പ്രവാസികൾക്കായി keralauae.com എന്ന വെബ്സൈറ്റും ആബിദ് തയ്യാറാക്കിയിട്ടുണ്ട്.
After spending 50 years in the UAE, Malayali expatriate Abid C.K. is preparing to return to India. He arrived in Dubai in 1976 at age 16 with just 10 dirhams. Starting as a salesman earning AED 700 monthly, he built a successful life and business in the UAE, where he raised his family and now has six grandchildren.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |