
സ്വയംഭരണ എയ്ഡഡ്, സ്വയംഭരണ സ്വാശ്രയ കോളേജുകൾക്ക് കോഴ്സിന് അനുമതി വേണ്ട
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വയംഭരണ സ്വാശ്രയ കോളേജുകൾക്കും സ്വയംഭരണ എയ്ഡഡ് കോളേജുകൾക്കും സ്വതന്ത്രമായി അൺഎയ്ഡഡ്/സ്വാശ്രയ കോഴ്സുകൾ തുടങ്ങാൻ അനുമതി നൽകിയത് വിവാദത്തിൽ. ഇതിനു സർക്കാർ അനുമതി (എൻ.ഒ.സി) ആവശ്യമില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു.
സ്വയംഭരണ കോളേജുകളിൽ പുതിയ സ്വാശ്രയ കോഴ്സുകൾക്കും സീറ്റ് വർദ്ധനവിനും മുൻകൂർ അനുമതി വേണമെന്ന വ്യവസ്ഥയാണ് റദ്ദാക്കിയത്. കോഴ്സുകൾ ആരംഭിക്കുന്ന വിവരം മുൻകൂട്ടി അറിയിച്ചാൽ മതി. നിലവിലുള്ള സ്വാശ്രയ കോഴ്സുകളിൽ സീറ്റുകൾ സ്ഥിരമായി വർദ്ധിപ്പിക്കുന്നതിനും അനുമതി ആവശ്യമില്ല.
സ്വാശ്രയ സ്വയംഭരണ കോളേജ് പ്രതിനിധികൾ കഴിഞ്ഞദിവസം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.ജോണുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് സർക്കുലർ പുറത്തിറങ്ങിയത്. സ്വയംഭരണമുള്ള 23 സ്വാശ്രയ കോളേജുകൾ സംസ്ഥാനത്തുണ്ട്. മാർ ബസേലിയോസ് എൻജിനിയറിംഗ് കോളേജ്, തിരുവനന്തപുരം, അമൽ ജ്യോതി എൻജിനിയറിംഗ് കോളേജ്, കാഞ്ഞിരപ്പള്ളി തുടങ്ങിയവ ഈ ഗണത്തിൽ വരും.
സ്വയംഭരണ എയ്ഡഡ് കോളേജുകളിൽ ഇതിന്റെ പ്രയോജനം ലഭിക്കുന്നത്
തിരുവനന്തപുരം മാർ ഇവാനിയോസ്, കോട്ടയം സി.എം.എസ്, ചങ്ങനാശേരി അസംഷൻസ്, കോതമംഗലം മാർ അത്തനേഷ്യസ് തുടങ്ങിയ 37 കോളേജുകൾക്കാണ്.
സ്വാശ്രയ സ്വയംഭരണ അധികാരമില്ലാത്ത അൺഎയ്ഡഡ്, സ്വാശ്രയ കോളേജുകളിൽ പുതിയ കോഴ്സുകൾ തുടങ്ങുന്നതിന് എൻ.ഒ.സി വേണം.
ഏതുഗണത്തിൽപ്പെട്ടതായാലും എയ്ഡഡ് മേഖലയിൽ പുതിയ കോഴ്സുകൾ തുടങ്ങാനും നിലവിലുള്ള സീറ്റുകൾ സ്ഥിരമായി വർദ്ധിപ്പിക്കാനും എൻ.ഒ.സി വേണം. അടിക്കടി പുതുക്കേണ്ടതില്ല.
സ്വാശ്രയ കോളേജുകൾ ഓരോ വർഷവും എൻ.ഒ.സി പുതുക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കി. മൂന്നുവർഷം കൂടുമ്പോൾ പുതുക്കിയാൽ മതി. അൺഎയ്ഡഡ്, സ്വാശ്രയ കോളേജുകളിൽ നടന്നു വരുന്ന കോഴ്സുകളുടെ സീറ്റ് വർദ്ധിപ്പിക്കുന്നതിൽ സർവകലാശാലയ്ക്ക് തീരുമാനമെടുക്കാം. അഡ്മിഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം പുതിയതായി തുടങ്ങിയ കോഴ്സുകളുടെയും സീറ്റ് വർദ്ധനവിന്റേയും വിവരം സർവകലാശാല സർക്കാരിന് റിപ്പോർട്ട് ചെയ്യണം.
മൊത്തം 61 സ്വയംഭരണ
കോളജുകൾ
എയ്ഡഡ് സ്വയംഭരണം........................ 37
സർക്കാർ സ്വയംഭരണം..........................1(മഹാരാജാസ് )
സ്വാശ്രയ സ്വയംഭരണം.............................23
സ്വയം സ്വാശ്രയ കോഴ്സ്
തുടങ്ങാൻ കഴിയുന്നവ............................. 60
എയ്ഡഡ് കോളജുകളിൽ അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കും ശമ്പളം നൽകുന്നത് സർക്കാരാണ്. എന്നാൽ എയ്ഡഡ് കോളേജിനോട് ചേർന്ന് മാനേജ്‌മെന്റുകൾ നടത്തുന്ന സ്വാശ്രയ കോളേജുകളിൽ ഈ ബാദ്ധ്യത സർക്കാരിനില്ല.
അക്കാഡമിക് സ്വയംഭരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണിത്. സർക്കാർ കോളേജുകളെ ബാധിക്കുന്നതല്ല. അഴിമതിയാണെന്ന പ്രതിപക്ഷ ആരോപണം വസ്തുതകൾ മനസിലാക്കാതെയാണ്.
-റോജി എം.ജോൺ,
ഉന്നത വിദ്യാഭ്യാസ മന്ത്രി
ഉന്നതവിദ്യാഭ്യാസ മേഖലയെ കോർപ്പറേറ്റ് സ്വകാര്യ മാനേജ്‌മെന്റുകളുടെ കൊള്ളലാഭത്തിന് വിട്ടുകൊടുക്കാനുള്ള സർക്കുലർ അടിയന്തരമായി പിൻവലിക്കണം.
- പിണറായി വിജയൻ,
പ്രതിപക്ഷ നേതാവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |