SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.37 PM IST

കൃഷി വാഴ, വില്പന എം.ഡി.എം.എ; രാസലഹരി കടത്ത് മുഖ്യപ്രതി ‘ഡാനി ഭായ്’ അറസ്റ്റിൽ

READ ENGLISH VERSION
dhanesh

ആലുവ: ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വൻതോതിൽ എം.ഡി.എം.എ കടത്തുന്ന ശൃംഖലയിലെ മുഖ്യകണ്ണിയായ 'കർഷക പുരസ്കാര ജേതാവ്" അങ്കമാലിയിൽ അറസ്റ്റിലായി. മൈസൂർ നഞ്ചൻഗുഡുവിൽ താമസിക്കുന്ന ഹരിപ്പാട് പായിപ്പാട് വയ്യാപുരം പറയ്യിൽ വീട്ടിൽ ‘ഡാനി’ എന്നുവിളിക്കുന്ന ധനേഷ് എസ്. നായർ (31) ആണ് അറസ്റ്റിലായത്. ആലുവ ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലായിരുന്നു നടപടി. ഇയാളിൽനിന്ന് 803 ഗ്രാം ഹാഷിഷ് ഓയിലും 8 ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു.

2023ൽ സംസ്ഥാന സർക്കാരിന്റെ മികച്ച യുവ കർഷകനുള്ള പുരസ്കാരം ധനേഷിന് ലഭിച്ചിരുന്നു! നഞ്ചൻഗുഡുവിൽ ധനേഷിന് വാഴത്തോട്ടവും കൃഷിയിടങ്ങളുമുണ്ട്. ഇവിടെ നിന്നുള്ള വാഴക്കുലകളിൽ രാസലഹരി ഒളിപ്പിച്ച് കടത്തിയ ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിതരണക്കാർക്ക് എത്തിക്കുന്നതാണ് രീതി.

ആലുവയിൽ 185 ഗ്രാം എം.ഡി.എം.എയുമായി ഞായറാഴ്ച അറസ്റ്റിലായ ഹരികൃഷ്ണന്റെ മൊബൈൽ ഫോണിൽ നിന്നാണ് ധനേഷിനെക്കുറിച്ച് വിവരം ലഭിച്ചത്. തോപ്പുംപടിയിൽനിന്ന് ഏഴ് ഗ്രാം എം.ഡി.എം.എയുമായി ഷിനു സെബാസ്റ്റ്യൻ അറസ്റ്റിലായതും ഹരികൃഷ്ണനിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്.

ധനേഷ് ഇൻസ്റ്റഗ്രാം വഴി നൽകുന്ന നിർദ്ദേശങ്ങൾക്കനുസരിച്ചാണ് ഹരികൃഷ്ണനും ഷിനുവും ലഹരിമരുന്ന് വിതരണം ചെയ്തിരുന്നത്. പണം ധനേഷിന് എത്തിക്കും.

അങ്കമാലി ഇൻസ്പെക്ടർ ആർ. രൂപേഷ്, നെടുമ്പാശേരി ഇൻസ്പെക്ടർ ബി.കെ. അരുൺ, എസ്.ഐമാരായ ജോജോ ജോർജ്, വി. അനൂപ് എന്നിവരും അന്വേഷണസംഘത്തിലുണ്ട്.

പഠിച്ചത് ജ‌ർമ്മനിയിൽ

2015 മുതൽ 2018 വരെ ജർമ്മനിയിൽ അഗ്രി ബിസിനസ് പഠിച്ച ധനേഷ്, 2018ലെ പ്രളയകാലത്താണ് കേരളത്തിൽ തിരിച്ചെത്തിയത്. തുടർന്ന് സംസ്ഥാനത്തും പുറത്തും കാർഷിക സംരംഭങ്ങൾ ആരംഭിക്കുകയായിരുന്നു. ലഹരിമരുന്ന് വാഴക്കുലകൾക്കുള്ളിൽ പൊതിഞ്ഞ് ഒളിപ്പിക്കുന്നതടക്കമുള്ള കടത്തുരീതികൾ വ്യക്തമാക്കുന്ന വീഡിയോകൾ ധനേഷിന്റെ മൊബൈൽ ഫോണുകളിൽ കണ്ടെത്തിയിട്ടുണ്ട്. സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലഹരിമരുന്ന് ശൃംഖലയുടെ കൂടുതൽ വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA