
തിരുവനന്തപുരം:വാർദ്ധക്യത്തിൽ ആശ്രയമില്ലാത്തവരെ സഹായിക്കാൻ നിങ്ങൾ ചെലവിടുന്ന സമയം ഇനി വിലപ്പെട്ടതാകും. വയോജനക്ഷേമത്തിനായി ചെലവഴിച്ച സമയം രേഖപ്പെടുത്തും. ഭാവിയിൽ നിങ്ങൾക്കോ വേണ്ടപ്പെട്ടവർക്കോ അത്രയും സമയത്തെ മറ്റൊരാളുടെ സേവനം ലഭ്യമാവും. സേവനമായി ആവശ്യമില്ലാത്ത വിദ്യാർത്ഥികൾക്കാണെങ്കിൽ ഗ്രേസ് മാർക്കായോ മറ്റോ പ്രയോജനപ്പെടുത്താം. നോർവേ, സ്വീഡൻ പോലുള്ള രാജ്യങ്ങളിലുള്ള ഈ 'ടൈം ബാങ്ക്' സംവിധാനം വയോജനക്ഷേമത്തിനായി പ്രയോജനപ്പെടുത്താനൊരുങ്ങുകയാണ് സാമൂഹികനീതി വകുപ്പ്. ആദ്യം തിരുവനന്തപുരം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിൽ പൈലറ്റ് പദ്ധതി നടപ്പാക്കും. തുടർന്ന് കൂടുതൽ ജില്ലകളിലേക്കും വ്യാപിപ്പിക്കും. പദ്ധതിക്ക് മന്ത്രി വി.ഇ.അബ്ദുൽഗഫൂർ തത്വത്തിൽ അംഗീകാരം നൽകി.
സംസ്ഥാനത്ത് വയോജനങ്ങൾ:
2030ആകുമ്പോഴേക്കും ചെറുപ്പക്കാരേക്കാൾ കൂടുമെന്ന് പഠനം.
2016ൽ കേരളജനസംഖ്യയുടെ 16ശതമാനം.
2030ഓടെ 30ശതമാനമായി ഉയരും.
'ടൈംബാങ്കി'നെ പഠിക്കാൻ ഏജൻസി
'ടൈംബാങ്ക്' എങ്ങനെ നടപ്പാക്കുമെന്ന് പഠിക്കാൻ ഏജൻസിയെ നിയോഗിച്ചു. റിപ്പോർട്ട് കിട്ടിയശേഷമാകും തുടർനടപടി.വയോജനങ്ങളുടെ എന്താവശ്യത്തിനും സഹായവുമായെത്താവുന്ന വിധമാകും പദ്ധതി. മരുന്നുവാങ്ങൽ, ആശുപത്രിയിൽ ഒപ്പംപോകൽ, അവർക്കൊപ്പം സമയം ചെലവിടൽ എന്നിങ്ങനെ സേവനം എന്തുമാകാം. ചെലവിടുന്ന സമയം ആപ്പിൽ ഡിജിറ്റലായി രേഖപ്പെടുത്തും. ഇത്രയും സമയം സേവനം നൽകിയയാൾക്ക് അതേരീതിയിലുള്ള സേവനമായോ മറ്റോ തിരികെ ലഭിക്കും. സേവനത്തിനുപകരം സാമ്പത്തികനേട്ടമായോ, തൊഴിൽഅവസരങ്ങളായോ, ഗ്രേസ് മാർക്കായോ ലഭ്യമാകുന്ന 'ഓപ്ഷനുകളാണ്' പരിഗണനയിലുള്ളത്. കോട്ടയം എലിക്കുളം പഞ്ചായത്തിൽ കെ-ഡിസ്‌കിന്റെ കീഴിൽ സമാനപദ്ധതി നടത്തിയിരുന്നു. സർക്കാർ നിയോഗിച്ച ഏജൻസി ഇതടക്കം പരിശോധിച്ചാണ് റിപ്പോർട്ട് സമർപ്പിക്കുക.
'വയോജനക്ഷേമത്തിനായി നൂതനപദ്ധതികളാണുളളത്. 'ടൈംബാങ്ക്' അത്തരത്തിൽ ഒന്നാണ്. കൂടുതൽ പഠനം നടക്കുന്നുണ്ട്. പൈലറ്റ് പദ്ധതി ഉടൻ ആരംഭിക്കും.'
-ഡോ.അരുൺ.എസ്.നായർ (ഡയറക്ടർ,സാമൂഹികനീതി വകുപ്പ്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |