ലക്‌നൗ: അപ്രതീക്ഷിതമായുണ്ടാകുന്ന കനത്ത മഴ സാധാരണ ജീവിതത്തിന് തടസമാകുന്നുവെന്ന് കാട്ടി ഇന്ദ്രദേവനെതിരെ പരാതി നൽകി യുവാവ്. ഉത്തർപ്രദേശിലെ ഹർദോയി ജില്ലയിൽ നിന്നുള്ള സൂരജ് തിവാരിയാണ് പരാതി നൽകിയത്. സെപ്തംബർ 26ന് ഉത്തർപ്രദേശ് സർക്കാരിന്റെ ജൻസുൻവായി സമാധാൻ പോർട്ടൽ വഴിയാണ് പരാതി സമർപ്പിച്ചത്.
'ചിലപ്പോൾ കനത്ത മഴയും ചിലപ്പോൾ മന്ദഗതിയിലുള്ള മഴയും സാധാരണ ജീവിതത്തെ മുഴുവനായി തടസപ്പെടുത്തുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഇന്ദ്രദേവൻ മഴ പെയ്യിക്കുന്നത്. ഇത് സാധാരണ ജനങ്ങൾക്ക് പ്രശ്നങ്ങളുണ്ടാക്കുന്നു. റോഡുകളിലും തെരുവുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറുന്നു. കർഷകർ തങ്ങളുടെ വിളകളെച്ചൊല്ലി ആശങ്കയിലാണ്. ആളുകൾക്ക് വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ ബുദ്ധിമുട്ട് നേരിടേണ്ടിവരുന്നു. ദൈനംദിന പ്രവർത്തനങ്ങൾ തടസപ്പെടുന്നു.
ഇന്ദ്രദേവന്റെ മൊബൈൽ നമ്പർ അറിയില്ല. അതിനാൽ ഇക്കാര്യം ജില്ലാ മജിസ്‌ട്രേറ്റ് ഗൗരവതരമായി പരിഗണിക്കണം. കൂടാതെ മഴ ഉടനടി നിയന്ത്രിക്കാനും ജില്ലയിലെ ജനങ്ങൾക്ക് ആശ്വാസം ലഭിക്കാനും വേണ്ടി തന്റെ ദിവ്യ ആശയവിനിമയ മാർഗത്തിലൂടെ ഇന്ദ്രദേവന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകണം'- എന്നിങ്ങനെയാണ് പരാതിയിലെ ആവശ്യം.
സെപ്തംബർ 25നും 27നും ഇടയിൽ കനത്ത മഴമൂലമുണ്ടായ നാശനഷ്ടങ്ങളിൽ ഏഴുപേരാണ് മരിച്ചത്. ഏഴുപേർക്ക് പരിക്കേറ്റു. ഈ മഴക്കാലത്ത് ഉത്തർപ്രദേശിൽ 56 പേരാണ് മഴ മൂലമുണ്ടായ അപകടങ്ങളിൽ മരണപ്പെട്ടത്. 30 കന്നുകാലികളും ചത്തു. 330 വീടുകൾക്ക് നാശനഷ്ടങ്ങളുണ്ടായതായും റിപ്പോർട്ടുണ്ട്.
A man in Uttar Pradesh’s Hardoi district filed a complaint against rain god Indra, blaming unexpected heavy rainfall for disrupting daily life. Suraj Tiwari submitted the complaint through the state’s Jan Sunwai portal. The complaint cited waterlogging, difficulties for residents and farmers’ crop concerns. Recent heavy rains reportedly killed seven people and injured seven others across the state.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |