SignIn
Kerala Kaumudi Online
Wednesday, 30 September 2026 2.09 AM IST

സ്വർണം വാങ്ങാൻ ഇതാണ് നല്ല സമയം; കുത്തനെ ഇടിഞ്ഞ് വില, ഒരു പവന് കുറഞ്ഞത് 1000 രൂപ

READ ENGLISH VERSION
gold
പ്രതീകാത്മകചിത്രം

തിരുവനന്തപുരം: പശ്ചിമേഷ്യൻ യുദ്ധം നാണയപ്പെരുപ്പ സമ്മർദ്ദം ശക്തമാക്കിയതോടെ അമേരിക്ക വീണ്ടും പലിശ വർദ്ധിപ്പിച്ചേക്കുമെന്ന ആശങ്കയിൽ രാജ്യാന്തര വിപണിയിൽ സ്വർണ വില കുത്തനെ ഇടിഞ്ഞു. 10 വർഷ യുഎസ് ബോണ്ടുകളുടെ യീൽഡ് രണ്ട് പതിറ്റാണ്ടിനിടെയിലെ ഉയർന്ന തലത്തിലെത്തിയതോടെ നിക്ഷേപകർ സ്വർണത്തിൽ നിന്ന് വൻതോതിൽ പണം പിൻവലിച്ചതാണ് തിരിച്ചടിയായത്.

കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 125 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 13,640 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു പവന് 1000 രൂപ കുറഞ്ഞ് 1,09,120 രൂപയായി. ഇന്നലെ രണ്ടുതവണയായി പവന് 2640 രൂപ ഇടിഞ്ഞിരുന്നു. സെപ്തംബർ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവില എത്തിനിൽക്കുന്നത്. ഇന്നലെ ഒരവസരത്തിൽ സ്വർണ വില ഔൺസിന് 150 ഡോളർ കുറഞ്ഞ് 4,130 ഡോളറിലെത്തിയിരുന്നു.

ഓഹരി വിപണി

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുമെന്ന ആശങ്കയും യുഎസ് ട്രഷറി ബോണ്ട് യീൽഡിലെ കുതിപ്പും ഇന്ത്യൻ ഓഹരി വിപണിയിൽ രക്തച്ചൊരിച്ചിൽ സൃഷ്‌ടിച്ചു. ഇറാൻ മുന്നോട്ടുവെച്ച വെടിനിറുത്തൽ, ഹോർമുസ് ഇടനാഴി തുറക്കൽ നിർദേശങ്ങൾ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിയതോടെ ക്രൂഡ് വില ഉയർന്നതാണ് നിക്ഷേപകർക്ക് നെഞ്ചിടിപ്പ് ഉയർത്തിയത്. ബ്രെന്റ് ക്രൂഡോയിൽ വില രണ്ട് ശതമാനം ഉയർന്ന് 107 ഡോളർ കവിഞ്ഞു.

സെൻസെക്‌സ് 1,124 പോയിന്റ് ഇടിഞ്ഞ് 72,771.72ലും നിഫ്‌റ്റി 360.25 പോയിന്റ് ഇടിഞ്ഞ് 22,780.25ലും വ്യാപാരം പൂർത്തിയാക്കി. സെൻസെക്സ് സൂചികയിലെ 30 കമ്പനികളിൽ ഒരെണ്ണം മാത്രമാണ് നേട്ടമുണ്ടാക്കിയത്. എൽ ആൻഡ് ടി, പവർ ഗ്രിഡ് എന്നിവയുടെ ഓഹരി വില മൂന്ന് ശതമാനം ഇടിഞ്ഞു. അദാനി പോർട്ട്‌സ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഹിന്ദുസ്ഥാൻ യൂണിലിവർ, റിലയൻസ് ഇൻഡസ്ട്രീസ്, എസ്.ബി.ഐ എന്നിവയുടെ ഓഹരികളും കനത്ത തിരിച്ചടി നേരിട്ടു. മിഡ് കാപ്പ്, സ്മാൾ കാപ്പ് ഓഹരി സൂചികകൾ രണ്ട് ശതമാനം ഇടിഞ്ഞു.

രൂപയ്ക്കും സമ്മർദ്ദം

ക്രൂഡോയിൽ വിലക്കുതിപ്പും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും രൂപയ്ക്ക് സമ്മർദ്ദം ശക്തമാക്കി. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലെ 28 പൈസ നഷ്‌ടത്തോടെ 96.03ൽ അവസാനിച്ചു. പത്ത് വർഷ യുഎസ് ബോണ്ട് യീൽഡ് ഇന്നലെ 5.2 ശതമാനത്തിലെത്തിയതും രൂപയ്ക്ക് തിരിച്ചടിയായി.

English Summary

Gold prices fell sharply in the international market amid concerns that inflationary pressures from the West Asian conflict could prompt the US to raise interest rates again. In Kerala, the price of 22-carat gold fell by ₹125 per gram and ₹1,000 per sovereign, reaching ₹13,640 per gram and ₹1,09,120 per sovereign.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOLD PRICE KERALA, KERALA GOLD RATE, STOCK MARKET CRASH, RUPEE VALUE, US BOND YIELD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360