ഇക്കഴിഞ്ഞ ലോകകപ്പിലെ മിന്നും പ്രകടനത്തോടെ ഫുട്ബോൾ ആരാധകരുടെ ശ്രദ്ധപിടിച്ചുപറ്റിയ ടീമാണ് കേപ് വെർദെ. ലോകകപ്പിലെ തുടക്കകാരായ ടീമിന്റെ ചരിത്ര നേട്ടത്തിന് ചുക്കാൻപിടിച്ചത് നാൽപ്പതുകാരനായ ഗോൾകീപ്പർ വൊസീഞ്ഞയാണ്. വൊസീഞ്ഞയുടെ സേവുകളും ടീമംഗങ്ങൾക്ക് നൽകിയ ആത്മവിശ്വാസവുമാണ് കേപ് വെർദെയെ പ്രീകോർട്ടർ വരെയെത്തിച്ചത്.
പിന്നാലെ താരത്തിന്റെ സോഷ്യൽ മീഡിയ ഫോളോവേഴ്സിന്റെയും ആരാധകരുടെയും എണ്ണം കുത്തനെ ഉയർന്നിരുന്നു. ഇപ്പോഴിതാ തന്റെ അപ്രതീക്ഷിതമായുണ്ടായ പ്രശസ്തികൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണെന്ന് വെളുപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് വൊസീഞ്ഞ. തന്റെ സമാധാനം നഷ്ടമായെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. തനിയ്ക്ക് ഇപ്പോൾ യാതൊരു സ്വകാര്യതയുമില്ലെന്നും സ്വസ്ഥത നഷ്ടപ്പെട്ടെന്നും വൊസീഞ്ഞ പറയുന്നു.
'പുറത്തുപോയാലും ഒരു റെസ്റ്റോറന്റിൽ പോയാലും ഫോട്ടോയ്ക്കും ഓട്ടോഗ്രാഫിനുമായി നിരവധിപേർ വരും. അല്ലെങ്കിൽ അതിലും മോശമായി ആരെങ്കിലും എന്റെ വീഡിയോ പകർത്തും. ഇതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മാറ്റം. എനിക്ക് ഇതിൽ കാര്യമായൊന്നും ചെയ്യാനാവില്ല'- താരം പറഞ്ഞു.
തന്റെ അമ്മയുടെ വീട്ടിൽ ഇപ്പോൾ ദിവസവും ആരാധകർ എത്താറുണ്ടെന്നും അത് അവർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും അതിനാൽ സാഹചര്യം മനസിലാക്കി ആരാധകർ അതിരുകൾ നിശ്ചയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മിക്കവരും പ്രശസ്തരാകാൻ ആഗ്രഹിക്കുന്നു. അവർ അതിന്റെ നല്ലവശം മാത്രമെ കാണുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നത്തെ ജീവിതമാണോ പണ്ടത്തെ ജീവിതമാണോ വേണ്ടതെന്ന് ചോദിച്ചാൽ താൻ പണ്ടത്തെ ജീവിതം തന്നെ തെരഞ്ഞെടുക്കുമെന്നും വൊസീഞ്ഞ വ്യക്തമാക്കി.
Cape Verde goalkeeper Vozinha, who rose to fame during the recent World Cup, has revealed he is struggling with his newfound celebrity. He expressed a loss of privacy and peace due to relentless fan interactions, including constant requests for photos, autographs, and even visits to his mother’s home, stating he prefers his pre-fame life.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |