ന്യൂഡൽഹി: മാലിന്യം നിറഞ്ഞുകൂടിയ മദ്ധ്യപ്രദേശിലെ അജ്‌നാർ നദിയുടെ ശുചീകരപ്രവർത്തനങ്ങളിലൂടെ ലോകശ്രദ്ധ നേടിയ യുവാവാണ് സുരേന്ദ്ര സിംഗ് ചൗധരി എന്ന ബിട്ടു തബാഹി. ഇപ്പോഴിതാ, ഡൽഹിയിലെ യമുനാ നദീതീരത്തും ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് അദ്ദേഹം. സെപ്‌തംബർ 20ന് ലോകശുചീകരണ ദിനത്തോടനുബന്ധിച്ചാണ് ബിട്ടു മൂന്ന് ദിവസത്തെ ക്യാമ്പയിന് തുടക്കം കുറിച്ചത്.
ആദ്യദിവസം ബിട്ടു തബാഹിയും ഒരു കൂട്ടം സന്നദ്ധ പ്രവർത്തകരും ചേർന്ന് നാലര മണിക്കൂറോളം യമുനാ തീരത്ത് ശുചീകരണം നടത്തി. ഏകദേശം 585 കിലോഗ്രാം മാലിന്യമാണ് ബിട്ടുവും അനുയായികളും ചേർന്ന് നീക്കം ചെയ്‌തത്. പൂക്കൾ, മാലകൾ, ആരാധനാ സാമഗ്രികൾ, പ്ലാസ്റ്റിക് ഉൾപ്പടെയുള്ള ധാരാളം മാലിന്യങ്ങൾ നദീതീരത്ത് ചിതറിക്കിടന്നിരുന്നതായി അദ്ദേഹം പറഞ്ഞു. പ്രദേശവാസികളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായതായി ബിട്ടു അറിയിച്ചു.
രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലൂടെ യാത്രചെയ്‌ത് ശുചിത്വത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്‌ടിക്കുകയാണ് തന്റെ ജീവിതലക്ഷ്യമെന്ന് ബിട്ടു വ്യക്തമാക്കി. അടുത്ത ശുചീകരണ പ്രവർത്തനത്തിന്റെ വേദി ഗുരുഗ്രാമിലെ ഖേഡ്‌കി ദൗളിയായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബിട്ടുവിന്റെ അജ്‌നാർ നദി ശുചീകരണം ആഗോളശ്രദ്ധ നേടിയതിനു പിന്നാലെ നെതർലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പരിസ്ഥിതി സംഘടനയുടെ സ്ഥാപകൻ ബോയൻ സ്ലാറ്റ് ബിട്ടുവിന് ജോലി വാഗ്‌ദാനം ചെയ്‌തിരുന്നു.
യമുനാ ശുചീകരണത്തിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് മണിക്കൂറുകൾക്കുള്ളിൽ 3.34 ലക്ഷത്തിലധികം കാഴ്‌ചക്കാരെയാണ് സ്വന്തമാക്കിയത്. നിരവധിപേരാണ് ബിട്ടുവിനെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്. ഒരു വ്യക്തിക്ക് സമൂഹത്തിൽ വലിയ മാറ്റം സൃഷ്‌ടിക്കാനാകുമെന്ന് അദ്ദേഹം ഒറ്റയ്‌ക്ക് തെളിയിക്കുകയാണെന്ന് പലരും അഭിപ്രായപ്പെട്ടു.
Bittu Tabahi launches a Yamuna cleanup drive in Delhi, removing 585 kg of waste on the first day.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |