SignIn
Kerala Kaumudi Online
Saturday, 25 July 2026 8.03 PM IST

'പാറ്റ പരാമർശം നടത്തിയത്, യുവാക്കളെയല്ല': വിശദീകരണവുമായി ചീഫ് ജസ്റ്റിസ്

READ ENGLISH VERSION
surya-kant
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്

ന്യൂഡൽഹി: സുപ്രീം കോടതിയിലെ വാദത്തിനിടെ നടന്ന 'പാറ്റ' പരാമർശം വ്യാജ ബിരുദം ഉപയോഗിച്ച് നിയമരംഗത്തേക്ക് കടന്നുകൂടിയവരെക്കുറിച്ചാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്. രാജ്യത്തെ യുവാക്കളെ അധിക്ഷേപിച്ചിട്ടില്ലെന്നും അവരോട് ബഹുമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'വ്യാജ ബിരുദം നേടി അഭിഭാഷക വൃത്തിയിലേക്ക് കടന്നുകൂടിയവരെക്കുറിച്ചാണ് ഞാൻ പറഞ്ഞത്. വ്യാജ ബിരുദങ്ങളെക്കുറിച്ചും ഈ മേഖല എങ്ങനെ ശുദ്ധീകരിക്കാം എന്നതിനെക്കുറിച്ചുമായിരുന്നു ചർച്ച. ആ ഒരു സാഹചര്യത്തിലാണ് അത്തരമൊരു പരാമർശം നടത്തിയത്. ഞാൻ യാത്ര ചെയ്യുമ്പോൾ നിരവധിയാളുകൾ എന്നെ കാണാൻ എത്താറുണ്ട്. രാജ്യത്തെ യുവാക്കളിൽ നിന്നാണ് ഊർജ്ജം ഉൾക്കൊള്ളുന്നത്.'- അദ്ദേഹം പറഞ്ഞു.


ഭരണഘടനാ തത്ത്വങ്ങളോ രാജ്യത്തെ നിയമങ്ങളോ അനുവദിക്കുന്ന ഏതൊരു പരാതിക്കും പരിഹാരം കാണാൻ സുപ്രീം കോടതിയുടെ വാതിലുകൾ രാജ്യത്തെ ഓരോ പൗരന് മുന്നിലും എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നീതിന്യായ വ്യവസ്ഥയിലൂടെ രാജ്യത്തെ യുവാക്കൾക്ക് പരിഹരിക്കപ്പെടേണ്ട എന്തെങ്കിലും പരാതികളുണ്ടെങ്കിൽ സുപ്രീം കോടതിയെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.


മേയ് 15ന് നടന്ന വാദത്തിനിടെ തൊഴിൽരഹിതരായ നിയമ ബിരുദധാരികളെ പാറ്റകളോട് ഉപമിച്ചുവെന്ന രീതിയിൽ ഉയർന്ന വിവാദങ്ങളാണ് വാർത്തകളിൽ ഇടംനേടിയത്. ഇതേത്തുടർന്ന് 'കോക്രോച്ച് ജനതാ പാർട്ടി' രൂപീകരിക്കുന്നതിലേക്ക് വരെ പ്രതിഷേധങ്ങൾ എത്തുകയും ചെയ്തു. ചീഫ് ജസ്റ്റിസിന്റെ പരാമർശം നിയമരംഗത്തുള്ളവരെ മാത്രമല്ല, രാജ്യത്തെ മുഴുവൻ യുവാക്കളെയും ലക്ഷ്യമിട്ടുള്ളതാണെന്ന വ്യാഖ്യാനം വരെ ഉണ്ടായി.

തന്റെ വാക്കുകൾ മാദ്ധ്യമങ്ങൾ വളച്ചൊടിച്ച് ചിത്രീകരിച്ചതാണെന്ന് തൊട്ടടുത്ത ദിവസം തന്നെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. വ്യാജ ബിരുദങ്ങൾ ഉപയോഗിച്ച് ബാർ കൗൺസിൽ പോലുള്ള മേഖലകളിൽ എത്തിയവരെ മാത്രമാണ് താൻ വിമർശിച്ചതെന്നും, മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും മറ്റു മേഖലകളിലും ഇത്തരം ആളുകൾ കടന്നുകൂടിയിട്ടുണ്ടെന്നും അദ്ദേഹം മുൻപ് പ്രസ്താവനയിൽ പറഞ്ഞിരുന്നു. യുവജനതയിലാണ് രാജ്യത്തിന്റെ വികസനവും ഭാവിയുമിരിക്കുന്നതെന്നും, അവരെ വികസിത ഭാരതത്തിന്റെ തൂണുകളായിട്ടാണ് താൻ കാണുന്നതെന്നും ചീഫ് ജസ്റ്റിസ് അഭിമുഖത്തിൽ പറഞ്ഞു.

English Summary

Chief Justice of India (CJI) Surya Kant has clarified that his recent "cockroach" remark during a Supreme Court hearing was strictly aimed at individuals who enter the legal profession using fake degrees, not at the nation's youth.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JUSTICE SURYA KANT, CJP, LATESTNEWS, NATIONALNEWS, YOUTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360