ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഇരുകരകളിലായി സ്ഥിതി ചെയ്യുന്ന രണ്ട് പ്രദേശങ്ങൾ. ഒന്ന് നമ്മുടെ കേരളം. മറ്റൊന്ന് ആഫ്രിക്കൻ ഭൂഖണ്ഡത്തിന് സമീപമുള്ള ദ്വീപ് രാഷ്ട്രമായ മഡഗാസ്കർ. ഭൂപടത്തിൽ നോക്കിയാൽ തമ്മിൽ ആയിരക്കണക്കിന് കിലോമീറ്ററുകളുടെ അകലം. എന്നാൽ പ്രകൃതിഭംഗിയിലും ഭൂപ്രകൃതിയിലും മാത്രമല്ല, ഭൂമിയുടെ ചരിത്രത്തിലും ഇവയ്ക്കിടയിൽ അതിശയിപ്പിക്കുന്ന ബന്ധങ്ങളുണ്ട്.
പ്രത്യേകിച്ച്, മഡഗാസ്കറിന്റെ കിഴക്കൻ തീരം കേരളത്തെ ഓർമിപ്പിക്കുന്നതാണ്. കടലിനോട് ചേർന്നുകിടക്കുന്ന തീരപ്രദേശം, അതിന് പിന്നിൽ ഉയർന്നുനിൽക്കുന്ന മലനിരകൾ, സമൃദ്ധമായ മഴക്കാടുകൾ, നദികൾ, ഈർപ്പമുള്ള ഉഷ്ണമേഖലാ കാലാവസ്ഥ എന്നിവ ഈ സാമ്യത്തിന് കാരണമാകുന്നു. മഡഗാസ്കറിന്റെ കിഴക്കൻ തീരവും കേരളത്തിന്റെ പടിഞ്ഞാറൻ തീരവും ചേർത്തുവച്ചാൽ ഒരു പസിൽ പോലെ ചേരുമെന്നത് ഏറെ കൗതുകകരമാണ്.
എന്നാൽ ഇതുവെറും കാഴ്ചയിലെ സാമ്യം മാത്രമല്ല. കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് കേരളവും മഡഗാസ്കറും ഭൂമിശാസ്ത്രപരമായി ഏറെ അടുത്താണ് സ്ഥിതി ചെയ്തിരുന്നത്. ഒരുകാലത്ത് ചേർന്നുകിടന്ന ഭൂഭാഗങ്ങൾ അകന്നുപോയത് എങ്ങനെ?
ഏകദേശം 16 കോടി വർഷങ്ങൾക്ക് മുമ്പ് ഗോണ്ട്വാന എന്ന മഹാഭൂഖണ്ഡം പല ഭാഗങ്ങളായി പിളരാൻ തുടങ്ങി. ഇന്നത്തെ ആഫ്രിക്ക, ദക്ഷിണ അമേരിക്ക, അന്റാർട്ടിക്ക, ഓസ്ട്രേലിയ, ഇന്ത്യ, മഡഗാസ്കർ തുടങ്ങിയ ഭൂപ്രദേശങ്ങൾ അന്ന് ഈ വലിയ ഭൂഖണ്ഡത്തിന്റെ ഭാഗങ്ങളായിരുന്നു. ആദ്യഘട്ടത്തിൽ ഇന്ത്യയും മഡഗാസ്കറും ഒരുമിച്ചുതന്നെ തുടർന്നെങ്കിലും പിന്നീട് ഭൂമിയുടെ പുറംപാളിയിലുണ്ടായ ചലനങ്ങളും അഗ്നിപർവത പ്രവർത്തനങ്ങളും ഇവയെ വേർപെടുത്തി.
ഏകദേശം 8.6–8.8 കോടി വർഷങ്ങൾക്ക് മുമ്പ് ഇന്ത്യ മഡഗാസ്കറിൽനിന്ന് വേർപെട്ട് വടക്കോട്ട് നീങ്ങിത്തുടങ്ങിയെന്നാണ് ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ഒരുവർഷം ഏകദേശം 20 സെന്റീമീറ്റർ വടക്കോട്ട് സഞ്ചരിച്ച ഇന്ത്യ അഞ്ചരക്കോടി വർൽം മുമ്പ് ഏഷ്യയിൽ ചെന്നിടിച്ചുവെന്നാണ് ചരിത്ര പഠനങ്ങൾ വ്യക്തമാക്കുന്നത്. അതിനെത്തുടർന്ന് ഹിമാലയം ഉയർന്നുവെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.
നീലഗിരിക്കും ആനമല മലനിരകൾക്കും ഇടയിലുള്ള സ്വാഭാവിക വിടവാണ് പാലക്കാട് ചുരം. കേരളത്തെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്ന ഈ ഭൂമിശാസ്ത്ര പ്രത്യേകതയ്ക്ക് മഡഗാസ്കറുമായും ബന്ധമുണ്ടെന്നാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. പാലക്കാട് ചുരവും മഡഗാസ്കറിലെ റാനോത്സാര എന്ന ചുരവും ഒരു ജിഗ്‌സോ പസിൽ പോലെ കൃത്യമായി യോജിക്കുന്നവയാണ് എന്നാണ് കണ്ടെത്തൽ.
കേരളം മഡഗാസ്കറുമായി വേർപ്പെട്ടെങ്കിലും ഇപ്പോഴും ഇവ തമ്മിൽ നിരവധി സാമ്യങ്ങൾ ഉള്ളതായാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. കേരളത്തിന്റെ ഔദ്യോഗിക മത്സ്യമായ കരിമീൻ ഇന്ത്യയിൽ മറ്റൊരിടത്തും ഇല്ലെങ്കിലും അതുമായി സാമ്യമുള്ള മത്സ്യങ്ങൾ മഡഗാസ്കറിലെ പുഴകളിൽ ഉണ്ടെന്നാണ് കണ്ടെത്തൽ.
കൂടാതെ, കേരളത്തിലെ ഇടുക്കി ജില്ലയിൽ കണ്ടെത്തിയ പാതാളത്തവളയുമായി സാമ്യമുള്ള തവളകളെ ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപായ സെഷെയ്ൽസിൽ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ഇന്ത്യ ഇന്നും ചലിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ വർഷവും ഏകദേശം അഞ്ച് സെന്റീമീറ്ററോളമാണ് ഇന്ത്യ മുന്നോട്ട് നീങ്ങുന്നത്.
Kerala and Madagascar share striking geographical and historical connections, once being part of the ancient Gondwana supercontinent. Geological studies reveal India separated from Madagascar millions of years ago, drifting north to form the Himalayas. The Palakkad Gap aligns with Madagascar's Ranotsara Gap, and similar fish species further highlight their deep, shared past.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |