
കൊല്ലം: അന്ധനായ ശിവപ്രസാദിന്റെ ഭാര്യയാണ് ആനന്ദവല്ലി. പ്രായം 64. തയ്യലായിരുന്നു തൊഴിൽ. 24 വർഷമായി ആനന്ദവല്ലിയാണ് ഈ 67 കാരന്റെ കഴ്ചയും ജീവിതവും. കഥ ഇങ്ങനെ:
ശിവപ്രസാദിന്റെ അപ്പച്ചിയുടെ വീട്ടിൽ ആനന്ദവല്ലി തയ്ക്കാൻ പോകുമായിരുന്നു. 'എന്റെ ആങ്ങളയ്ക്ക് കാഴ്ചയില്ലാത്ത ഒരുമകനുണ്ട്. അവനെ നിനക്ക് കല്യാണം കഴിക്കാമോ"യെന്ന് ആനന്ദവല്ലിയോട് ശിവപ്രസാദിന്റെ അപ്പച്ചി ചോദിച്ചു. ആനന്ദവല്ലിയുടെ അച്ഛനമ്മമാർക്ക് ഏഴു മക്കളാണ്. അതിൽ അഞ്ചും പെൺകുട്ടികൾ. വീട്ടിലെ പ്രാരാബ്ധം ഓർത്ത് ആനന്ദവല്ലി ശിവപ്രസാദിനെ നേരിൽ കാണുകയോ സംസാരിക്കുകയോ ചെയ്യാതെ വിവാഹത്തിന് സമ്മതിച്ചു.
കൊല്ലം നഗരത്തിലെ വീടുകൾ കയറിയിറങ്ങി സ്റ്റേഷനറി സാധനങ്ങൾ വിൽക്കുകയാണ് ശിവപ്രസാദിന്റെ ജീവിതമാർഗം.
ഇരുകൈകകളിലും ഭാരമുള്ള സഞ്ചികൾ പിടിച്ച് ഒരുദിവസം 10 കിലോമീറ്ററിലേറെ നടക്കും. 64 കാരിയായ ആനന്ദവല്ലിയുടെ കൈപിടിച്ചാണ് നടപ്പ്. അതിൽ സന്തുഷ്ടരാണ് ഇരുവരും. ആരോടും പരിഭവമില്ല.
1989ലായിരുന്നു വിവാഹം. അരുൺ പ്രസാദ് മൂത്തമകനാണ്. മകൾ ആര്യ വിവാഹിതയായി.
തുടക്കം ചന്ദനത്തിരിയിൽ
തിരുവനന്തപുരം ആർട്സ് കോളേജിൽ നിന്ന് പ്രീഡിഗ്രിക്കു ശേഷം 1982ൽ ശിവപ്രസാദിന് ട്രാവൻകൂർ പ്ലൈ വുഡ്സ് ഇൻഡസ്ട്രീസിൽ ജോലി ലഭിച്ചു. പനയം അമ്പഴവയൽ അരുൺനിവാസിൽ നിന്ന് ബന്ധുക്കൾ അഞ്ചാലുംമൂട് ബസ് സ്റ്റോപ്പിലെത്തിക്കും. അവിടെ നിന്ന് ബസിൽ പുനലൂരിറങ്ങി സഹപ്രവർത്തകർക്കൊപ്പം ഒരുകിലോമീറ്റർ നടന്നാണ് കമ്പനിയിലേക്ക് പോയിരുന്നത്. കമ്പനി നഷ്ടത്തിലായതോടെ 2022ൽ ശിവപ്രസാദ് വി.ആർ.എസെടുത്തു. തുടന്ന് ഉപജീവനത്തിന് ചന്ദനത്തിരി കച്ചവടം തുടങ്ങി. പിന്നീടാണ് സ്റ്റേഷനറി സാധനങ്ങൾ മൊത്തവ്യാപാര സ്ഥാപനങ്ങളിൽ നിന്ന് വാങ്ങി കച്ചവടം തുടങ്ങിയത്. ഗുണനിലവാരമുള്ള കമ്പനി സാധനങ്ങൾ നൽകി ശിവപ്രസാദ് വിശ്വാസ്യതയും കാത്തുസൂക്ഷിച്ചു. ദിവസം 10,000 രൂപയുടെ വരെ സാധനങ്ങൾ വിൽക്കും. ആയിരം രൂപ വരെ മിച്ചം കിട്ടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |