പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതി യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയുണ്ടെന്ന് എബ്രഹാം കലമണ്ണിൽ. ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ഭൂവുടമയും ആറന്മുള ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റുമായ എബ്രഹാം സ്ഥലത്ത് വീണ്ടും ഡ്രോൺ സർവേ നടത്തി. ആവശ്യമെങ്കിൽ സർക്കാർ അംഗീകൃത സർവേ നടത്താമെന്നും അദ്ദേഹം പറഞ്ഞു.
'തന്റെ പക്കൽ 400 ഏക്കർ ഉണ്ട്. സർവേക്കായി സ്വകാര്യ കമ്പനി വീണ്ടും എത്തും. ആയിരം ഏക്കർ കൂടി ലഭിച്ചാൽ പദ്ധതി യാഥാർത്ഥ്യമാകും. പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാർ അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. അബിൻ വർക്കി എംഎൽഎയും ആന്റോ ആന്റണി എംപിയും പദ്ധതിക്ക് വേണ്ടി ഒപ്പമുണ്ട്. പ്രോജക്ട് സമർപ്പിച്ചാൽ മിച്ച ഭൂമി ഒഴിവാകും. അതോടെ ഹൈക്കോടതിയിലെ കേസ് അവസാനിക്കും'- കലമണ്ണിൽ പറഞ്ഞു
അതേസമയം, പദ്ധതിപ്രദേശത്ത് നടന്ന ഡ്രോൺ സർവേയിൽ പ്രതികരണവുമായി മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ രംഗത്തെത്തി. വിമാനത്താവളത്തിനായുള്ള പുതിയ നീക്കം ദുരൂഹമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഭൂമി കച്ചവടമാണ് ലക്ഷ്യമെന്നും ഒരിക്കലും ആറന്മുളയിൽ വിമാനത്താവളത്തിനുള്ള അനുമതി ലഭിക്കില്ലെന്നും കുമ്മനം പറഞ്ഞു.കൊടുമൺ അടക്കമുള്ള മറ്റു സ്ഥലങ്ങളിൽ പദ്ധതി സാദ്ധ്യത പരിശോധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പുതിയ സർക്കാർ വന്നുവെന്ന് പറഞ്ഞ് ഉമ്മാക്കി കാട്ടി പേടിപ്പിക്കണ്ടെന്നും ബിജെപി പ്രതിഷേധം ശക്തമാക്കുമെന്നും കുമ്മനം പ്രതികരിച്ചു. അബിൻ വർക്കി പ്രദേശത്തെ വിഷയങ്ങൾ പഠിച്ചിട്ടല്ല പറയുന്നത്. ഒരു നിർമ്മാണവും സഹിക്കാൻ പറ്റുന്ന ഭൂമിയല്ല ആറന്മുളയിലേത്. എല്ലാവർഷവും വെള്ളം വന്നുചേരുന്ന സ്ഥലമായി ആറന്മുള മാറിയെന്നും വയനാട് കണ്ടെങ്കിലും പാഠം പഠിക്കണമെന്നും കുമ്മനം രാജശേഖരൻ വ്യക്തമാക്കി.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് വൻ ജനകീയ പ്രക്ഷോഭം നേരിട്ട പദ്ധതിയാണ് ആറന്മുളയിലെ വിമാനത്താവളം. പുഞ്ചപ്പാടം നികത്തുന്നത് വലിയ പാരിസ്ഥിതിക പ്രശ്നമുണ്ടാക്കുമെന്ന് അന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രക്ഷോഭം. തുടർന്ന് 2014ൽ ദേശീയ ഹരിത ട്രൈബ്യൂണൽ പദ്ധതി റദ്ദാക്കിയിരുന്നു. ഇത് സുപ്രീംകോടതിയും ശരിവയ്ക്കുകയായിരുന്നു.
പുതിയ സർക്കാർ അധികാരത്തിലെത്തിയതോടെ വിമാനത്താവള പദ്ധതി വീണ്ടും ചർച്ചയിലേക്ക് വരികയാണ്. കഴിഞ്ഞ മാസം അബിൻ വർക്കിയും പദ്ധതിയെ കുറിച്ച് പരാമർശം നടത്തിയിരുന്നു. ആർക്കും ബുദ്ധിമുട്ടില്ലാതെ വരികയാണെങ്കിൽ പദ്ധതി നല്ലതാണെന്നായിരുന്നു അബിൻ വർക്കിയുടെ പ്രതികരണം.
The proposed Aranmula Airport project has resurfaced after landowner and Aranmula Charitable Trust president Abraham Kalamannil expressed hope that it could finally become a reality. He said a drone survey has been conducted and claimed the UDF government is supportive, with backing from MLA Abin Varkey and MP Anto Antony. According to him, acquiring more land could help revive the project.
However, senior BJP leader Kummanam Rajasekharan strongly opposed the move, calling it suspicious and alleging it is aimed at land dealings rather than development. He argued that Aranmula's flood-prone terrain is unsuitable for an airport and warned that the BJP would intensify protests. The airport project was previously scrapped in 2014 following environmental concerns and public protests, with the decision later upheld by the Supreme Court.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |