ഹരിപ്പാട്: ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥൻ ഓപ്പറേഷൻ തൂഫാനെതിരെ നിലപാടെടുത്താൽ ആ വ്യക്തി സർവീസിലുണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷൻ തൂഫാൻ കേരളാ സർക്കാരിന്റെ ഏറ്റവും സുപ്രധാനമായ പദ്ധതിയാണ്. 99 ശതമാനം പൊലീസുകാരും ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വളരെ ആത്മാർത്ഥതയോടെയാണ് പ്രവർത്തിക്കുന്നത്. വൻതോതിലുള്ള ജനപിന്തുണ പദ്ധതിക്കുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
സംസ്ഥാന ആഭ്യന്തരവകുപ്പും തദ്ദേശ സ്വയംഭരണവകുപ്പും ഹരിപ്പാട് നഗരസഭയും സംയുക്തമായി നടപ്പാക്കുന്ന തൂഫാൻ 2.0 തദ്ദേശം ഹരിപ്പാട് ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്ന് കഴിച്ച് കുട്ടികൾ മസ്തിഷ്‌കം ഇല്ലാതായി ജീവിതം തകർന്നുപോകുന്ന അന്തരീക്ഷമുണ്ടാകാൻ പാടില്ലെന്നുകണ്ടാണ് പദ്ധതി തയ്യാറാക്കിയത്. പൊലീസ് സേനയിലെ ആരെങ്കിലും കൃത്രിമം കാണിച്ചാൽ അവർക്ക് രക്ഷയില്ലെന്നാണ് കൊച്ചി സംഭവം തെളിയിക്കുന്നത്. തൊണ്ടിമുതൽ അടിച്ചുമാറ്റിയിട്ടുണ്ടെങ്കിൽ അവരൊന്നും സർവീസിലുണ്ടാവില്ല. നടപടി ശക്തമായിരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തേയും പുതിയ തലമുറയെയും ലഹരിയിൽ നിന്നും രക്ഷിക്കാനാണ് ഓപ്പറേഷൻ തൂഫാൻ. അതിനെ പരാജയപ്പെടുത്താൻ വേണ്ടി ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥൻ ശ്രമിച്ചാൽ നടപടിയുണ്ടാകും. ലഹരിയുടെ വേരറുക്കും വരെ ഓപ്പറേഷൻ തൂഫാൻ അതിശക്തമായി തുടരും. തദ്ദേശവകുപ്പുകൂടി ചേർന്ന് ഓപ്പറേഷൻ തൂഫാൻ നല്ലരീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
ചേരാനല്ലൂർ സംഭവത്തിൽ നടപടിയെടുക്കേണ്ടവരുടെ പേരിൽ എ.ഡി.ജി.പി.യോട് റിപ്പോർട്ട് വാങ്ങി നടപടിയെടുത്തു. സ്ഥലംമാറ്റമെന്നത് ശിക്ഷയല്ല. അത് സ്വാഭാവികപ്രക്രിയ മാത്രമാണ്. ശിക്ഷാനടപടിയുടെ ഭാഗമാണ് സ്ഥലംമാറ്റമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
പാർട്ടി സെക്രട്ടറിയായ എം.വി. ഗോവിന്ദനിൽ നിന്നും ജനങ്ങൾ കുറച്ചുകൂടി പക്വത പ്രതീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറം കാലിക്കറ്റ് സർവകലാശാല സി.എസ്.യു. തിരഞ്ഞെടുപ്പിനിടെ നടന്ന സംഘർഷത്തിൽ എം.വി. ഗോവിന്ദന്റെ ആരോപണത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന് അടിയുണ്ടാകുന്നത് പുതിയ കാര്യമല്ല. അത് എവിടെയുമുണ്ടാകാവുന്നതാണ്. ആരടിച്ചാലും അടികൊണ്ടാലും നിയമപരമായ നടപടിയുണ്ടാകും. പാർട്ടി സെക്രട്ടറിയായ എം.വി. ഗോവിന്ദൻ ഇങ്ങനെയൊക്കെ സംസാരിക്കുന്നത് ശരിയാണോ? കുട്ടികൾ തമ്മിൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ഏറ്റുമുട്ടിയതിന് അത്തരം വാക്കുകൾ ഉപയോഗിക്കുന്നത് ശരിയാണോയെന്ന് ജനങ്ങൾ ചിന്തിക്കട്ടെയെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |