തിരുവനന്തപുരം: ബുധനാഴ്‌ച മുതലപ്പൊഴിയിലുണ്ടായ ചാകരക്കോളിൽ കുമിഞ്ഞുകൂടിയ വറ്റ മത്സ്യം കഴിച്ച് 28പേർ ആശുപത്രിയിൽ. ദേഹാസ്വാസ്ഥ്യമുണ്ടായ ഇവരെ വിവിധ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മത്സ്യം കഴിച്ച് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടണമെന്നാണ് വർക്കല മുനിസിപ്പാലിറ്റി പുറത്തുവിട്ട അറിയിപ്പിൽ പറയുന്നത്. മത്സ്യം വാങ്ങി സൂക്ഷിച്ചിട്ടുള്ളവർ ഉടൻതന്നെ അവ നശിപ്പിച്ചുകളയണമെന്നും മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ ഗീത ഹേമചന്ദ്രൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
പുന്നമൂട് മാർക്കറ്റിൽ നിന്ന് മത്സ്യം വാങ്ങി കഴിച്ചവരാണ് ചികിത്സയിൽ കഴിയുന്നതിൽ ഭൂരിഭാഗവും. സാധാരണ കിലോയ്‌ക്ക് 550 രൂപയായിരുന്ന വറ്റമീൻ ചാകര വന്നതോടെ 120 - 150 രൂപയ്‌ക്കാണ് വിൽക്കുന്നത്. ചാകരയിൽ അടിഞ്ഞ മീനിനൊപ്പം പഴകിയ മീൻ കൂടെ വിൽപ്പനക്കാർ ചേർത്തിട്ടുണ്ടാകാമെന്നാണ് നിഗമനം. മാത്രമല്ല, ചാകര സമയത്ത് ഒരുപാട് മീൻ പിടിക്കുമ്പോൾ ഐസ് ഇടാതെ, ബാക്‌ടീരിയ വളരാനും സാദ്ധ്യതയുണ്ട്. കൂടാതെ, വറ്റ പോലുള്ള കടൽ മീനിൽ ഹിസ്റ്റാമിൻ എന്ന വിഷം പെട്ടെന്നുണ്ടാകാൻ സാദ്ധ്യതയുണ്ട്. ശരിയായ താപനിലയിൽ സൂക്ഷിച്ചില്ലെങ്കിൽ ഈ വിഷം ഉണ്ടാകും.
മത്സ്യം കഴിച്ച് പത്ത് മുതൽ 30 മിനിട്ടിനുള്ളിൽ മുഖം ചുവക്കുക, ചൊറിച്ചിൽ, തലവേദന, വയറിളക്കം, ഛർദി തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടായാൽ ഉടൻ ചികിത്സ തേടണമെന്നും മുന്നറിയിപ്പുണ്ട്. വറ്റ വിൽപ്പന നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് മുനിസിപ്പാലിറ്റി അറിയിച്ചിരിക്കുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമല്ലെങ്കിലും, മറ്റ് രോഗങ്ങളുള്ളവരെ ഇത് ഗുരുതരമായി ബാധിക്കുമെന്നും വർക്കല ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളുടെ ചുമതലയുള്ള ഹെൽത്ത് ഇൻസ്‌പെക്‌ടർ ഷാനി പറഞ്ഞു.
Twenty-eight people were hospitalized after eating Vatta fish purchased from Punnamoodu market following a fish haul at Muthalapozhi. Varkala Municipality warned people not to consume or store the fish. Symptoms may include facial redness, itching, headache, diarrhoea and vomiting. Consumers experiencing symptoms are advised to seek immediate medical attention.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |