തിരുവനന്തപുരം: സിഎംആർഎൽ വിഷയത്തിൽ രാഷ്ട്രീയ ലക്ഷ്യത്തോടെ പുതിയ ആരോപണങ്ങൾ ഇഡി പുറത്തുവിടുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് ഇഡി കത്ത് നൽകി. 25 പേജുള്ള റിപ്പോർട്ടാണ് ഇഡി കൈമാറിയത്. സംസ്ഥാന പൊലീസ് മേധാവിക്ക് ഇഡി കത്തയച്ചാൽ അത് പെട്ടെന്ന് പുറത്തുവരില്ല. പക്ഷേ അത് പുറത്തുവരാനിടയായി. ഇഡി തന്നെ അത് പുറത്തുകൊടുക്കുകയാണ്. തനിക്ക് ഇഡിയുടെ കത്തോ അറിയിപ്പോ ലഭിച്ചിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
'സിഎംആർഎൽ യാതൊരു സേവനവും ലഭിക്കാതെ എക്‌സാലോജിക്കിന് പണം നൽകിയെന്നായിരുന്നു ഇഡിയുടെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിൽ സിഎംആർഎല്ലിന് സാമ്പത്തിക നഷ്ടമുണ്ടായെന്നായിരുന്നു എസ്എഫ്‌ഐഒ ആരോപിച്ചത്. ഇതിനെത്തുടർന്നാണ് അന്വേഷണം നടന്നത്. കമ്പനിക്ക് ലഭിച്ച വഴിവിട്ട നേട്ടത്തിന്റെ പ്രതിഫലമെന്നാണ് ഇഡി ഇപ്പോൾ പറയുന്നത്. മുഖ്യമന്ത്രിയായിരുന്ന കാലത്ത് സിഎംആർഎല്ലിന് വഴിവിട്ട യാതൊരു ആനുകൂല്യവും നൽകിയിട്ടില്ല. ആനുകൂല്യം നൽകിയതായി തെളിയിക്കുന്ന എന്തെങ്കിലും രേഖ ഇതുവരെ എവിടെയും ഹാജരാക്കപ്പെട്ടിട്ടില്ല.
എക്‌സാലോജിക്കിന് നൽകിയ പണം സേവനത്തിന് നൽകിയ പ്രതിഫലമാണെന്ന് സിഎംആർഎൽ തന്നെ വ്യക്തമാക്കിയതാണ്. മുഖ്യമന്ത്രിയെന്ന നിലയിൽ വഴിവിട്ട സഹായം നൽകിയെന്ന ആരോപണം ഹൈക്കോടതി തള്ളി. ആരോപണങ്ങളിൽ മതിയായ വസ്തുതകളും രേഖകളും ഹാജരാക്കാൻ പരാതിക്കാരന് കഴിഞ്ഞില്ലെന്നത് ചൂണ്ടിക്കാട്ടി വിജിലൻസ് കോടതിതന്നെ അതിൽ തീരുമാനമെടുത്തിരുന്നു.
ആരോപണങ്ങളിൽ കേസെടുക്കാൻ മതിയായ വസ്തുതകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജികൾ തള്ളിയത്. സംശയങ്ങൾ മാത്രം അടിസ്ഥാനമാക്കി പൊതുപ്രവർത്തകനെതിരെ ക്രിമിനൽ അന്വേഷണം ആരംഭിക്കുന്നത് അദ്ദേഹത്തിന്റെ അന്തസിനും പൊതുജീവിതത്തിനും ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് കോടതി വ്യക്തമാക്കിയത്. ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ സുപ്രീം കോടതിയും തയ്യാറായില്ല. മൂന്ന് കോടതികളും പരിശോധിച്ച കാര്യങ്ങളാണ് പുതിയ രീതിയിൽ വീണ്ടും എത്തുന്നത്. പുതിയ രാഷ്ട്രീയ വ്യാഖ്യാനമുണ്ടാക്കാനാണ് ഇഡി ശ്രമിക്കുന്നത്'- പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Pinarayi Vijayan accused the ED of making new allegations in the CMRL case for political purposes. The ED reportedly submitted a 25-page report to the Kerala Police Chief seeking a case under the Prevention of Corruption Act. Vijayan said he had received neither the ED’s letter nor any notification.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |