തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രമുഖ ഹോട്ടൽമുറിയിൽ മൂട്ടയുടെ കടിയേറ്റ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ വിധിച്ച് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ. കാസർകോട്ട് നിന്നെത്തിയ കുടുംബത്തിനാണ് ഹോട്ടൽ അധികൃതർ 30,000 രൂപ നൽകണമെന്ന് കാസർകോട് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവിട്ടത്. ചെറുവത്തൂരിലെ വാസുദേവ കോണൂരായ നൽകിയ ഹർജിയിലാണ് വിധി. 15,000 രൂപ നഷ്ടപരിഹാരമായും 10,000 രൂപ ചികിത്സച്ചെലവായും 5000 രൂപ കോടതിച്ചെലവായും നൽകാനാണ് ഉത്തരവ്.
2024 ഓഗസ്റ്റ് 26നാണ് വാസുദേവയും കുടുംബവും ശ്രീ പദ്മനാഭസ്വാമിക്ഷേത്ര ദർശനത്തിനും ബന്ധുവിന്റെ കല്യാണത്തിൽ പങ്കെടുക്കാനും തിരുവനന്തപുരത്ത് എത്തിയത്. തുടർന്ന് ഇവർ 'രൂപ്മഹൽ' എന്ന ഹോട്ടലിൽ മുറിയെടുത്തു. 3500 രൂപയുടെ ഡബിൾ മുറിയാണെടുത്തത്. യാത്രാക്ഷീണമുണ്ടായിരുന്നിട്ടും തനിക്കും കുടുംബത്തിനും രാത്രി ഉറങ്ങാൻ കഴിഞ്ഞില്ലെന്നും തുടർന്ന് പരിശോധിച്ചപ്പോഴാണ് കിടക്കയിൽ മൂട്ടയെ കണ്ടതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
കുട്ടികൾക്കടക്കം മൂട്ടയുടെ കടിയേറ്റതായും ഇക്കാര്യം ഹോട്ടൽ അധികൃതരെ അറിയിച്ചതായും പരാതിയിൽ പറയുന്നു. പിറ്റേദിവസം കുടുംബം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. തിരികെ നാട്ടിലെത്തിയ വാസുദേവ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു. ഹോട്ടലിനെതിരെ ഇതിന് മുൻപ് ഇത്തരം പരാതികൾ വന്നിട്ടില്ലെന്ന് ഹോട്ടർ അധികൃതർ വാദിച്ചെങ്കിലും നഷ്ടപരിഹാരം നൽകാൻ വിധിക്കുകയായിരുന്നു. ഒരു മാസത്തിനുള്ളിൽ തുക കുടുംബത്തിന് നൽകണമെന്നാണ് ഉത്തരവ്.
A family from Kasaragod has been awarded ₹30,000 compensation after suffering bedbug bites in a hotel room. The Kasaragod Consumer Disputes Redressal Commission ordered the hotel to pay ₹15,000 for compensation, ₹10,000 for medical expenses, and ₹5,000 as legal costs following a complaint by Vasudeva Konoor of Cheruvathur.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |