കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതനെതിരെ കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഭാര്യ നൽകിയ ഹർജി അംഗീകരിച്ചാണ് ഉത്തരവ് കോടതി റദ്ദാക്കിയത്. സുഗതന്റെ തടവ് കോർപ്പറേഷനിലെ ഭരണക്ഷിയായ ബിജെപിക്ക് കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയിരുന്നത്. കോടതി നടപടി ബിജെപിക്ക് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സുഗതൻ ഉടൻ ജയിൽ മോചിതനാകും. സുഗതൻ നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലാണ്.
വട്ടിയൂർക്കാവ് പൊലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് സുഗതൻ. 2019 ഓഗസ്റ്റ് 25ന് ഒരാളെ കല്ല് കൊണ്ട് തലക്കടിച്ചതിന് മനഃപ്പൂർവ്വമല്ലാത്ത നരഹത്യാശ്രമം, 2023 ജൂലായ് 20ന് മറ്റൊരാളുടെ വീട്ടിൽ അതിക്രമിച്ചു കയറി വാഹനങ്ങളും വീടും ആക്രമിച്ചു തകർത്തു, 2023 ജൂലായ് 17ന് ഭർത്താവിന് എതിരെയുള്ള പകതീർക്കാൻ ഭാര്യയെ വീട്ടിൽ കയറി ആക്രമിച്ചു, 2025 മാർച്ച് 14ന് ബിസിനസ് തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസിൽ മനഃപൂർവ്വമല്ലാത്ത നരഹത്യാശ്രമം, 2025 ജൂലായ് 25ന് സെക്യൂരിറ്റി ജീവനക്കാരന് പണം നൽകാത്തതിന് ജുഡീഷ്യൽ ഓഫീസറെ ഭീഷണിപ്പെടുത്തി, 2026 ഫെബ്രുവരി രണ്ടിന് ശിശുമന്ദിരം ജീവനക്കാരെ ഭീഷണിപ്പെടുത്തി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് തടസപ്പെടുത്തി എന്നീ കേസുകളിൽ പ്രതിയാണ് സുഗതൻ.
ഈ കേസുകൾ എല്ലാം നിലനിൽക്കെയാണ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സുഗതനെ ബിജെപി വാഴോട്ടുകോണത്ത് സ്ഥാനാർത്ഥിയാക്കിയത്. മികച്ച ഭൂരിപക്ഷത്തിലാണ് സുഗതൻ ജയിച്ചത്.
കാപ്പാ കേസിൽ തടവിൽ കഴിയവെ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്ത് കൗൺസിലറായി സുഗതൻ ചുമതലയേറ്റത് വലിയ വാർത്തയായിരുന്നു. കേരള ചരിത്രത്തിൽ ആദ്യമായായിരുന്നു ഒരു ജനപ്രതിനിധി ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തത്. തടവിൽ കഴിഞ്ഞിരുന്ന സുഗതൻ കോർപറേഷൻ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്ന ദിവസങ്ങളിൽ ഹാജർ രജിസ്റ്ററിൽ വ്യാജ ഒപ്പിട്ടു എന്നാരോപിച്ച് എൽഡിഎഫ് നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് സുഗതന്റെ ജയിൽ മോചനം.
The Kerala High Court has cancelled the KAAPA detention order against R Sugathan, a BJP councillor in Thiruvananthapuram Corporation. The court's decision came after accepting a petition filed by Sugathan's wife. This ruling provides significant relief to the BJP, whose administration in the corporation had faced challenges due to the councillor's detention.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |