SignIn
Kerala Kaumudi Online
Sunday, 27 September 2026 7.47 PM IST

'ഇപ്പോഴും അത് ഉണങ്ങാത്ത  മുറിവായി അവശേഷിക്കുന്നു'; കുറിപ്പുമായി വിജയ്

READ ENGLISH VERSION
vijay
മുഖ്യമന്ത്രി വിജയ്

ചെന്നൈ: 41 പേരുടെ ജീവനെടുത്ത കരൂർ ദുരന്തം അനുസ്മരിച്ച് ന‌ടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ്. 2025 സെപ്തംബർ 27ന് തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിക്കുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കരൂർ ദുരന്തം ഒരിക്കലും ഉണങ്ങാത്ത മുറിവാണെന്നും വിജയ് തന്റെ എക്സ് പേജിൽ കുറിച്ചു.

'കഴിഞ്ഞവർഷം ഇതേദിവസം അതായത് സെപ്തംബർ 27 2025. എന്റെയും കരൂരിലെയും തമിഴ്നാട്ടിലെയും എല്ലാവരുടെയും ജീവിതത്തിലും ഒരു ദുഃഖകരമായ സംഭവം നടന്നു. അത് ഒരിക്കലും ഉണങ്ങാത്ത മുറിവായി അവശേഷിക്കുന്നു. പ്രിയപ്പെട്ടവരുടെ വേർപാടിൽ പരസ്പരം ആശ്വാസവും പിന്തുണയും അഭയവും നൽകാം. ഓർമകളിൽ എന്നും ജീവിക്കുന്ന ആ പ്രിയപ്പെട്ടവർക്ക് ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ'- വിജയ് കുറിച്ചു.


കരൂർ–ഈറോഡ് ദേശീയപാതയിലെ വേലുസാമിപുരത്താണ് ദുരന്തമുണ്ടായത്. ടിവികെ അദ്ധ്യക്ഷനായ വിജയ്‌യെ കാണാൻ ആയിരക്കണക്കിന് ആളുകളാണ് ഇവിടെ എത്തിയിരുന്നത്. വിജയ്‌യുടെ വരവ് മണിക്കൂറുകളോളം വൈകിയതോടെ ജനക്കൂട്ടത്തിൽ വലിയ തിരക്ക് രൂപപ്പെട്ടിരുന്നു. വിജയ് എത്തിയതിന് പിന്നാലെ വാഹനത്തിന് സമീപത്തേക്ക് ജനക്കൂട്ടം നീങ്ങിയതാണ് ദുരന്തത്തിലേക്ക് കലാശിച്ചതെന്നാണ് റിപ്പോർട്ടുകൾ.

സംഭവത്തിന് പിന്നാലെ കേന്ദ്ര-സംസ്ഥാന സർക്കാരുകളും വിവിധ രാഷ്ട്രീയ പാർട്ടികളും അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. അന്നത്തെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഏകാംഗ കമ്മിഷനെയും നിയോഗിച്ചിരുന്നു.

റാലിയുമായി ബന്ധപ്പെട്ട സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്നതിലും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിലും ടി.വി.കെ നേതൃത്വത്തിന് വീഴ്ച സംഭവിച്ചെന്നായിരുന്നു പൊലീസിന്റെ ആരോപണം. നിയന്ത്രണങ്ങളും ഗതാഗത നിയമങ്ങളും ലംഘിച്ചതായും പൊലീസ് ചൂണ്ടിക്കാട്ടി. ടി.വി.കെ ജനറൽ സെക്രട്ടറി എൻ. ആനന്ദ് അടക്കമുള്ള നേതാക്കൾക്കെതിരെ എഫ്.ഐ.ആറും രജിസ്റ്റർ ചെയ്തിരുന്നു.

തുടർന്ന് കേസ് സിബിഐ അന്വേഷണത്തിന് വിട്ടു. 2026 ജൂണിൽ അന്വേഷണം വീണ്ടും ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ദുരന്തത്തിന് ശേഷം കരൂരിലെത്തിയ വിജയ്, സംഭവം തനിക്ക് വലിയ വേദനയുണ്ടാക്കിയെന്നും മരിച്ചവരുടെ സ്മരണയ്ക്കായി ടിവികെ സ്മാരകം നിർമിക്കുമെന്നും പറഞ്ഞു. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ടിവികെ 108 സീറ്റുകൾ നേടി, തുടർന്ന് സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് വിജയ് മുഖ്യമന്ത്രിയായി അധികാരത്തിലേറിയത്.

English Summary

Actor and Tamilaga Vettri Kazhagam (TVK) leader Vijay remembered the Karur stampede that claimed 41 lives during a TVK rally on September 27, 2025. In a post on X, Vijay described the tragedy as a wound that would never heal and paid tribute to those who lost their lives.z

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIJAY KARUR STAMPEDE, KARUR TRAGEDY, TAMILAGA VETTRI KAZHAGAM, VIJAY TRIBUTE, KARUR RALLY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360