SignIn
Kerala Kaumudi Online
Wednesday, 01 July 2026 10.27 PM IST

'ആന്തരികാവയവങ്ങൾ കാണാനില്ല': പരാതിയുമായി വെനസ്വേലയിൽ മരിച്ച ഇന്ത്യൻ യുവാവിന്റെ കുടുംബം

READ ENGLISH VERSION

rakesh-chouhan
മരിച്ച രാകേഷ് ചൗഹാൻ

ന്യൂഡൽഹി: വെനസ്വേലയിൽ കപ്പൽ ജീവനക്കാരനായിരുന്ന ഇന്ത്യൻ യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ഹൃദയാഘാതത്തെ തുടർന്ന് മേയിൽ മരിച്ച ഉത്തർപ്രദേശിലെ ദേവരിയ സ്വദേശി രാകേഷ് ചൗഹാന്റെ(33) കുടുംബമാണ് ദുരൂഹത ആരോപിച്ച് രംഗത്തെത്തിയത്. നാട്ടിലേയ്ക്ക് അയച്ച രാകേഷിന്റെ ശരീരത്തിൽ തലച്ചോ‌ർ, ഹൃദയം, ശ്വാസകോശം ഉൾപ്പെടെയുള്ള ഒരു ആന്തരികാവയവങ്ങളും കാണാനില്ലെന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യം.

രാകേഷ് ചൗഹാൻ 2025 നവംബറിലാണ് കപ്പൽ ജീവനക്കാരനായി വെനസ്വേലയിലെത്തിയത്. കഴിഞ്ഞ മേയില്‍ കപ്പലിൽ വച്ച് രാകേഷ് മരണപ്പെട്ടതായി കമ്പനി അധികൃതർ കുടുംബത്തെ അറിയിച്ചിരുന്നു. തുടക്കത്തിൽ വീഴ്ചയിൽ പരിക്കേറ്റതിനെത്തുടർന്നായിരുന്നു മരണമെന്നാണ് കുടുംബത്തെ അറിയിച്ചത്. എന്നാൽ പിന്നീട് മരണകാരണം ഹൃദയാഘാതമാണെന്ന് തിരുത്തിപ്പറഞ്ഞു. ഒരു മാസത്തിന് ശേഷം ജൂൺ നാലിനാണ് മൃതദേഹം നാട്ടിലെത്തിച്ചത്.

എന്നാല്‍ മരണത്തിൽ സംശയം തോന്നിയ കുടുംബം ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെത്തുടർന്ന് വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തുകയായിരുന്നു. ഈ റിപ്പോർട്ടിലാണ് ശരീരത്തിൽ ആന്തരികാവയവങ്ങളൊന്നും ഇല്ലെന്ന വിവരം അറിഞ്ഞത്. തലച്ചോറ്, ഹൃദയം, ശ്വാസകോശങ്ങൾ, കരൾ, വൃക്കകൾ, പ്ലീഹ, ആമാശയം, കുടലുകൾ, തൈറോയ്ഡ്, ശ്വാസനാളം എന്നിവയെല്ലാം ശരീരത്തിൽ നിന്ന് നീക്കം ചെയ്യപ്പെട്ട നിലയിലായിരുന്നു. ഇതോടെയാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയത്.

സംഭവത്തിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് സീഫെയറേഴ്സ് യൂണിയൻ ഓഫ് ഇന്ത്യ (എഫ്എസ്‌യുഐ) രംഗത്തെത്തിയിട്ടുണ്ട്. വെനസ്വേലൻ അധികൃതർ മരണകാരണം സംബന്ധിച്ച വിവരങ്ങളോ പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ടോ കൈമാറാത്തതിൽ ദുരൂഹതയുണ്ടെന്നും നാവികർ ബലിയാടുകളാക്കപ്പെടുകയാണെന്നും എഫ്എസ്‌യുഐ ആരോപിച്ചു. സംഭവത്തിൽ ഇന്ത്യൻ എംബസി അടിയന്തരമായി ഇടപെടണമെന്നും കൃത്യമായ അന്വേഷണം വേണമെന്നും ഫെഡറേഷൻ എക്സിൽ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEATH, ORGANS MISSING, INDIAN SAILOR DEATH, VENEZUELA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360