SignIn
Kerala Kaumudi Online
Friday, 09 October 2026 11.56 PM IST

രാജ്യ തലസ്ഥാനത്ത് ഇന്ന് മുതൽ കടുത്ത നിയന്ത്രണം, 24 മണിക്കൂർ ഇന്റർനെറ്റ് വിച്ഛേദിക്കും,​ നിരവധി ട്രെയിനുകൾ റദ്ദാക്കി​  

READ ENGLISH VERSION
-cjp-protest-
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ നടക്കുന്ന പ്രതിഷേധം

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ കോക്ക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രഖ്യാപിച്ച പ്രതിഷേധത്തെ തുടർന്ന് ഡൽഹിയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ജൻപഥ്–കർതവ്യ പഥ് ജംഗ്ഷനിൽനിന്ന് നാലു കിലോമീറ്റർ ചുറ്റളവിൽ 24 മണിക്കൂർ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവയ്ക്കാൻ ഡൽഹി പൊലീസ് നിർദേശിച്ചു. ഇന്ന് രാത്രി പത്ത് മുതൽ നാളെ രാത്രി പത്ത് വരെയാണ് നിയന്ത്രണം.

ഇന്ന് വൈകിട്ടോടെയാണ് ഡൽഹി പൊലീസ് ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫീസിൽ ഇന്റർനെറ്റ് നിയന്ത്രണം സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. എയർടെൽ, വോഡഫോൺ–ഐഡിയ, ജിയോ, എം.ടി.എൻ.എൽ എന്നീ ടെലികോം കമ്പനികൾക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ഉത്തരവ് ഉടൻ നടപ്പാക്കാനും കമ്പനികളോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ഈച്ചയെ കൊല്ലാൻ ചുറ്റിക ഉപയോഗിക്കാനാവില്ലെന്ന് പരാമർശിച്ച സുപ്രീംകോടതി, ഡൽഹി മെട്രോ സർവീസുകളിലും തലസ്ഥാനത്തേക്കുള്ള ട്രെയിൻ സർവീസുകളിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെച്ചൊല്ലി സർക്കാരിനെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ മണിക്കൂറുകൾക്കകമാണ് ഇന്റർനെറ്റ് നിയന്ത്രണം ഏർപ്പെടുത്താനുള്ള നടപടി ഉണ്ടായത്.

ഇന്റർനെറ്റ് നിയന്ത്രണം പ്രാബല്യത്തിൽ വരുന്നതോടെ കൊണാട്ട് പ്ലേസ്, മണ്ഡി ഹൗസ്, പ്രഗതി മൈതാൻ, ബംഗ്ലാ സാഹിബ് ഗുരുദ്വാര, ബരാഖംബ റോഡ്, ഖാൻ മാർക്കറ്റ്, ലോധി റോഡ്, ജംഗ്പുര എന്നിവിടങ്ങളിലെ പ്രദേശങ്ങളിൽ പൂർണമായും സേവനങ്ങൾക്ക് തടസം നേരിടും. ജൂലായിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജന്തർ മന്ദറിൽ സി.ജെ.പി നടത്തിയ പ്രതിഷേധത്തിനിടെയും ദിവസങ്ങളോളം ഇന്റർനെറ്റ് സേവനങ്ങൾ തടഞ്ഞിരുന്നു.

അന്ന് നിയന്ത്രണം ഒന്നര കിലോമീറ്റർ ചുറ്റളവിലായിരുന്നു. ഇതുമൂലം പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യങ്ങളിലും യൂട്യൂബിലും പങ്കുവയ്ക്കാൻ ജെൻസി പ്രതിഷേധക്കാർക്കും സംഭവങ്ങൾ റിപ്പോർട്ട് ചെയ്തവർക്കും ബുദ്ധിമുട്ട് നേരിട്ടിരുന്നു. മുഖ്യധാരാ മാദ്ധ്യമങ്ങളുടെ റിപ്പോർട്ടിങ്ങിനെയും നിയന്ത്രണം ബാധിച്ചിരുന്നു. എന്നാൽ ക്രമസമാധാനം നിലനിർത്താൻ നടപടി അനിവാര്യമാണെന്നാണ് പൊലീസിന്റെ വിശദീകരണം.

പ്രതിഷേധങ്ങളെ തുടർന്ന് ഡൽഹി മെട്രോയിലെ 57 സ്റ്റേഷനുകൾ ഇന്ന് രാത്രി ഒൻപതു മുതൽ അടച്ചിടുമെന്ന് നേരത്തേ അറിയിച്ചിരുന്നു. രാജീവ് ചൗക്ക്, ന്യൂഡൽഹി, സെൻട്രൽ സെക്രട്ടേറിയറ്റ്, പട്ടേൽ ചൗക്ക്, കശ്മീരി ഗേറ്റ് തുടങ്ങിയ പ്രധാന സ്റ്റേഷനുകളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. നാളെ പുലർച്ചെ നാലിനും ഉച്ചയ്ക്ക് രണ്ടിനുമിടയിൽ ന്യൂഡൽഹി, ഹസ്‌റത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനുകളിൽ എത്തേണ്ടിയിരുന്ന മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള 60ലേറെ ട്രെയിനുകളും റദ്ദാക്കി. പ്രതിഷേധം കണക്കിലെടുത്തുള്ള നിയന്ത്രണങ്ങൾ രാജ്യ തലസ്ഥാനത്തെ ഗതാഗതത്തെയും ആശയവിനിമയത്തെയും ബാധിക്കുമെന്നാണ് വിലയിരുത്തൽ.

English Summary

Delhi Police implemented a 24-hour internet shutdown in central Delhi, closing 57 metro stations and cancelling over 60 trains. These measures target a protest by the Cockroach Janata Party against Chief Election Commissioner Gyanesh Kumar. The Supreme Court had previously questioned such extensive restrictions, though police maintain they are necessary for maintaining law and order.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INTERNET SUSPENSION, JANTAR MANTAR, CJP PROTEST, GYANESH KUMAR RESIGNATION, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360