SignIn
Kerala Kaumudi Online
Tuesday, 06 October 2026 1.06 PM IST

പ്രകോപനപരമായി പെരുമാറിയെന്ന് അന്വേഷണ റിപ്പോർട്ട് കന്റോൺമെന്റ് സി.ഐയ്ക്കും എസ്.ഐയ്ക്കും എതിരെ നടപടി വന്നേക്കും

READ ENGLISH VERSION

തിരുവനന്തപുരം: തലസ്ഥാനത്തെ അക്രമസമരങ്ങൾക്ക് പിന്നാലെ, പ്രകോപനപരമായി വിഷയത്തിൽ പ്രതികരിച്ച കന്റോൺമെന്റ് സി.ഐയ്ക്കും എസ്.ഐയ്ക്കും എതിരെ നടപടിയുണ്ടായേക്കും. കേസിൽ പ്രതിയായ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി നന്ദനെ ഫോൺ വിളിച്ച് അപമര്യാദയായി പെരുമാറിയ എസ്.ഐ ജി. ഗോകുൽ, പ്രവർത്തകരെ പ്രകോപിപ്പിക്കുന്ന തരത്തിൽ ഫേസ്‌ബുക്കിൽ പോസ്റ്റിട്ട എസ്.എച്ച്.ഒ സതീഷ് കുമാർ എന്നിവരോട് സിറ്റി പൊലീസ് കമ്മിഷണർ വിശദീകരണം തേടുകയായിരുന്നു.

ഇരുവർക്കും ഗുരുതര വീഴ്ചയുണ്ടായതായി സ്പെഷ്യൽ ബ്രാഞ്ച് അസി.കമ്മിഷണർ സുരേഷ് ബാബുവിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. നേരത്തേ ഇരുവരെയും കമ്മിഷണർ ഡോ.അരുൾ ആർ.ബി കൃഷ്ണ വിളിച്ചുവരുത്തി താക്കീതും ചെയ്തിരുന്നു.

ഭീഷണിമുഴക്കി സംസാരിച്ചതിൽ വിശദീകരണമാണ് എസ്.ഐയോട് തേടിയത്. പൊലീസുദ്യോഗസ്ഥർ സമൂഹമാദ്ധ്യമങ്ങളിൽ എങ്ങനെ പെരുമാറണമെന്ന 45/ 2015 എന്ന സർക്കുലർ ലംഘിച്ചതിനാണ് സി.ഐയ്ക്ക് നോട്ടീസ് നൽകിയത്. ഇരുവരുടെയും പെരുമാറ്റം എസ്.എഫ്.ഐക്കാരെ പ്രകോപിപ്പിച്ചെന്നും രംഗം വഷളാക്കിയെന്നും സ്പെഷ്യൽ ബ്രാഞ്ച് അസി.കമ്മിഷണറുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇരുവർക്കും സിറ്റി പൊലീസിൽ വേണ്ടത്ര പരിചയമില്ലാത്തതും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വിദ്യാർത്ഥി, യുവജന സംഘടനാ നേതാക്കൾ പ്രതികരിക്കുന്നത് പോലെ പെരുമാറേണ്ട ആവശ്യമില്ലായിരുന്നുവെന്നാണ് റിപ്പോർട്ടിലുള്ളത്.

ഇരുവരുടെയും മറുപടി ലഭിച്ച ശേഷം സിറ്റി പൊലീസ് കമ്മിഷണർ വകുപ്പുതല നടപടിയെടുത്തേക്കും. അതേസമയം, ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്താൽ പൊലീസിന്റെ മനോവീര്യം തകരുമെന്ന് ഒരു വിഭാഗം വാദിക്കുന്നു. ഇരുവരെയും കന്റോൺമെന്റ് സ്റ്റേഷനിൽ നിന്ന് മാറ്റാനാണ് സാദ്ധ്യത. നടപടി സേനയിൽ അമർഷമുണ്ടാക്കുമെന്ന വിലയിരുത്തലുമുണ്ട്.

സി.ഐ അവധി റദ്ദാക്കി തിരിച്ചെത്തി

അതിനിടെ, അവധിയിൽ പോയ സി.ഐ സതീഷ് അവധി റദ്ദാക്കി ഇന്നലെ ഉച്ചയോടെ തിരിച്ചെത്തി. വ്യക്തിപരമായ ആവശ്യത്തിനായിരുന്നു ഒരു ദിവസത്തെ അവധിയെന്നാണ് വിശദീകരണം. പോക്സോ കേസുകളുടെ അന്വേഷണ പരിശീലനത്തിനായി എസ്.ഐ ഗോകുലിനെ മൂന്നുദിവസത്തെ ക്ലാസിനയച്ചു. ഇരുവരെയും 10 ദിവസത്തിനകം മാറ്റണമെന്നാണ് സി.പി.എമ്മിന്റെയും എസ്.എഫ്.ഐയുടെയും ആവശ്യം. അല്ലെങ്കിൽ പൊലീസ് സ്റ്റേഷന് മുന്നിൽ അനിശ്ചിതകാല സമരമെന്നാണ് പ്രഖ്യാപനം. നാർകോട്ടിക് സെൽ സി.ഐ ബി.എം.ഷാഫിക്കാണ് കന്റോൺമെന്റ് എസ്.എച്ച്.ഒയുടെ താത്കാലിക ചുമതല . ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശപ്രകാരമാണ് തിരിച്ചുവിളിച്ചതെന്നും സൂചനയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL