തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവച്ച തീരുമാനം ആർ ശ്രീലേഖ പിൻവലിച്ചേക്കുമെന്ന് സൂചന. നേതാക്കളുമായി നടത്തിയ ഒത്തുതീർപ്പ് ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനമെന്നാണ് വിവരം. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ ശ്രീലേഖയുമായി ചർച്ച നടത്തിയിരുന്നു. കോർപ്പറേഷനുമായുള്ള തർക്കങ്ങളാണ് രാജിയിലേക്ക് നയിച്ചത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശ്രീലേഖയെ ബോദ്ധ്യപ്പെടുത്താനായിട്ടുണ്ടെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു.
രാജി തീരുമാനം അറിയിച്ച് വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവച്ച സന്ദേശം ശ്രീലേഖ ഡിലീറ്റ് ചെയ്തിട്ടുണ്ട്. കോർപ്പറേഷൻ ഭരണം നിലനിറുത്താൻ ആളെണ്ണം തികയ്ക്കാൻ പെടാപ്പാട് നടത്തുന്ന ബി.ജെ.പിയെ ഞെട്ടിച്ചാണ് ശാസ്തമംഗലം കൗൺസിലർ ആർ ശ്രീലേഖ രാജി നീക്കം നടത്തിയത്. ഭരണം കൂടുതൽ മെച്ചപ്പെടുത്താൻ സെപ്തംബർ 25,26,27 തീയതികളിൽ കോവളത്ത് പാർട്ടി കൗൺസിലർമാർക്ക് നടത്തിയ സ്റ്റഡി ക്ളാസിൽ ആദ്യവസാനം പങ്കെടുത്തയാളാണ് ശ്രീലേഖ. എന്നാൽ ക്ളാസ് കഴിഞ്ഞ് വീട്ടിലെത്തിയ ഉടൻ രാജിക്കത്ത് മേയർ വി.വി.രാജേഷിന് അയച്ചുകൊടുത്തത് പാർട്ടി നേതൃത്വത്തേയും മേയറേയും അമ്പരപ്പിച്ചു.
പ്രതിപക്ഷത്തിന്റെ വീര്യം കുറയ്ക്കാൻ സി.പി.എമ്മിന്റെ തൃക്കണ്ണാപുരം കൗൺസിലർക്കെതിരെ ബി.ജെ.പി പുതിയ പോർമുഖം തുറന്നതിന് തൊട്ടുപിന്നാലെയാണ് ശ്രീലേഖ വെടിപൊട്ടിച്ചത്. ശ്രീലേഖ രാജി തീരുമാനവുമായി മുന്നോട്ട് പോയാൽ നഗരഭരണം പ്രതിസന്ധിയിലാകും. നിയമം അനുസരിച്ച് നഗരസഭാസെക്രട്ടറിക്കാണ് കൗൺസിലർമാർ രാജിനൽകേണ്ടത്. സെക്രട്ടറി അത് സംസ്ഥാന ഇലക്ഷൻ കമ്മിഷന് അയയ്ക്കും. അതോടെ രാജി പ്രാബല്യത്തിൽ വരും. പിന്നീട് ഈ വാർഡിലെ ഒഴിവുനികത്താൻ ഇലക്ഷൻ കമ്മിഷൻ ഉപതിരഞ്ഞെടുപ്പ് നടത്തും. ഇപ്പോഴത്തെ സാഹചര്യത്തിൽ രണ്ടുമുന്നണികളേയും പരാജയപ്പെടുത്തി വാർഡ് നിലനിറുത്താൻ ബി.ജെ.പിക്ക് ഏറെ പ്രയാസപ്പെടേണ്ടിവരും.
BJP Councillor R Sreelekha of Thiruvananthapuram Corporation may withdraw her resignation following compromise talks with senior party leaders, including state president Rajeev Chandrasekhar. Sreelekha, who cited disputes with the corporation for her initial decision, has since deleted her resignation message from a WhatsApp group. The BJP seeks to maintain its numbers in the corporation.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |