SignIn
Kerala Kaumudi Online
Saturday, 11 July 2026 2.36 AM IST

വയനാട് തുരങ്കത്തിന്റെ ചരിവ് ഏത് നിമിഷവും തകരാമെന്ന് കോൺട്രാക്‌ടർ മുന്നറിയിപ്പ് നൽകിയിരുന്നു, റിപ്പോർട്ട് പുറത്ത്

READ ENGLISH VERSION
wayanad-landslide
വയനാട് മണ്ണിടിച്ചിൽ (ഫോട്ടോ: രോഹിത്)

കൽപ്പറ്റ: വയനാട്ടിൽ മണ്ണിടിച്ചിലുണ്ടായ തുരങ്കത്തിന്റെ ചരിവ് ഏതുസമയവും തകരാൻ സാദ്ധ്യതയുള്ളതായി കോൺട്രാക്‌ടർ റിപ്പോർട്ട് നൽകിയിരുന്നതായി വിവരം. വയനാട്ടിലെ തുരങ്ക നിർമ്മാണത്തിന്റെ ചുമതലയുള്ള സബ് കോൺട്രാക്ടറായ ദിലീപ് ബിൽഡ്കോൺ ലിമിറ്റഡ് (ഡിബിഎൽ) തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. വയനാട് തുരങ്കത്തിന്റെ നോർത്ത് പോർട്ടലിന് മുകളിലുള്ള കുന്നിൻചരിവ് ഇതിനകം തന്നെ തകർന്നുതുടങ്ങിയതായി റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.

ഡിബിഎല്ലിലെ സീനിയർ ജിയോളജിസ്റ്റ് രാജു സാഗർ, ജിഎസ്ഐയിലെ എ രമേശ് കുമാർ, ടർക്കിഷ് എഞ്ചിനീയറിംഗ് കൺസൾട്ടിംഗ് ആന്റ് കോൺട്രാക്റ്റിംഗിലെ അതോറിറ്റി എഞ്ചിനീയർ ഡോ. എച്ച്.കെ. സിംഗ് എന്നിവർ സംയുക്തമായി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഗുരുതര പിഴവുകൾ ചൂണ്ടിക്കാട്ടുന്നത്.

തുരങ്ക പദ്ധതിക്ക് രണ്ട് പോർട്ടുകളാണുള്ളത്. കോഴിക്കോട് ആനക്കാംപൊയിലിൽ സൗത്ത് പോർട്ടലും, വയനാട് കല്ലടി-മേപ്പാടിക്കടുത്ത് നോർത്ത് പോർട്ടലും. തുരങ്കത്തിന്റെ പ്രവേശന കവാടമായ നോർത്ത് പോർട്ടലിലാണ് മണ്ണിടിച്ചിലുണ്ടായത്.

റിപ്പോർട്ടിൽ പറയുന്നത്

ജൂൺ മൂന്നിനും ജൂൺ 11നും ഇടയിൽ സ്ഥലം പരിശോധിച്ച എഞ്ചിനീയർമാർ തുരങ്കത്തിന്റെ പ്രവേശന കവാടത്തിന് മുകളിലുള്ള കുന്നിൻചരിവിലെ മണ്ണ് കട്ടി കുറഞ്ഞതും ചെളി നിറഞ്ഞതുമാണെന്ന് കണ്ടെത്തിയിരുന്നു. ഇടതുവശത്ത് ഏകദേശം 35 മീറ്റർ താഴ്ചയിൽ കട്ടിയുള്ള പാറയ്ക്ക് മുകളിലായാണ് കുന്നിൻചരിവ് സ്ഥിതിചെയ്തിരുന്നത്. വെള്ളത്തിൽ വളരെ വേഗത്തിൽ ഒഴുകിപ്പോകുന്ന തരത്തിലെ മണ്ണാണിത്.

കനത്ത മഴയിൽ കുന്നിൻചരിവിലെ മണ്ണ് കൂടുതൽ ഭാരമുള്ളതും ദുർബലമാവുന്നു. ഒഴുകിപ്പോകാനുള്ള സാദ്ധ്യതയും വർദ്ധിപ്പിക്കുന്നു. മണ്ണ് നിലനിർത്താൻ കമ്പനി ചരിവിനെ പടികളാക്കുകയും ഷോട്ട്ക്രീറ്റ് എന്നറിയപ്പെടുന്ന കോൺക്രീറ്റ് നേർത്ത പാളി തളിക്കുകയും സോയിൽ നെയിൽസ് എന്നറിയപ്പെടുന്ന ലോഹ ആങ്കറിംഗ് ദണ്ഡുകൾ ഘടിപ്പിക്കുകയും ചെയ്തു. എന്നാൽ അപ്പോഴേക്കും കുന്നിൻചരിവ് തകർന്നുതുടങ്ങിയിരുന്നുവെന്ന് റിപ്പോർട്ട് രേഖപ്പെടുത്തിയിരിക്കുന്നു. ഇവിടെ വിള്ളലുകൾ വികസിക്കുന്നതും, ഭൂമി താഴേക്ക് പതിക്കുന്നതും, ചെളിവെള്ളം പുറത്തേക്ക് ഒഴുകുന്നതും, മണ്ണിനുള്ളിൽ തന്നെ ദ്വാരങ്ങൾ രൂപപ്പെടുന്നതും എഞ്ചിനീയർമാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.


ചരിവിനെ താങ്ങിനിർത്തുന്ന രണ്ട് ദണ്ഡുകൾക്കിടയിലുള്ള വിടവിൽക്കൂടി വെള്ളം ഒഴുകുന്നത് എഞ്ചിനീയർമാർക്ക് കേൾക്കാൻ സാധിക്കുമായിരുന്നു. മണ്ണിനടിയിലൂടെ ഇതിനോടകം തന്നെ ജലപാത നിർമിക്കപ്പെട്ടതായാണ് ഇത് സൂചിപ്പിക്കുന്നത്.

ഇത്തരത്തിലുള്ള ആന്തരിക മണ്ണൊലിപ്പ് ചരിവിനെ വേഗത്തിൽ ദുർബലപ്പെടുത്തുകയും പെട്ടെന്നുള്ള തകർച്ചയിലേക്ക് നയിക്കുകയും ചെയ്യുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ തകർച്ച ഒഴിവാക്കാനുള്ള സുരക്ഷാ സംവിധാനങ്ങളും കാര്യക്ഷമമല്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഭൂഗർഭജല സമ്മർദ്ദം അളക്കുന്ന പീസോമീറ്ററുകൾ പോലുള്ള ഉപകരണങ്ങൾ സ്ഥാപിച്ചിരുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. കുന്നിൻചരിവ് തകരാൻ പോകുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ഉപകരണമാണിത്.

ജൂൺ അഞ്ച്, ആറ്, പതിനൊന്ന് തീയതികളിൽ തുരങ്കത്തിൽ ട്രയൽ സ്ഫോടനം നടത്തിയിരുന്നു. ഈ സമയത്തുതന്നെ ചരിവിൽ വിള്ളൽ പ്രകടമായിരുന്നു. എന്നാൽ സ്ഫോടനത്തിലുണ്ടായ കുലുക്കം സുരക്ഷിതമായ പരിധിക്കുള്ളിലായിരുന്നുവെന്നും സ്ഫോടനത്തെക്കാൾ കനത്ത മഴയാണ് വിള്ളലിന് കാരണമായതെന്നുമായിരുന്നു റിപ്പോർട്ടിലെ നിഗമനം.

English Summary

A contractor's report had warned the Wayanad tunnel's north portal slope was at risk of collapse before the recent landslide. Dileep Buildcon Limited indicated the hill slope already showed signs of failure, with loose, muddy soil prone to erosion, exacerbated by heavy rains. The report cited internal soil erosion, rapid weakening, and inefficient safety measures.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WAYANAD TUNNEL, WAYANAD LANDSLIDE, DBL REPORT, വയനാട് തുരങ്കം, WAYANAD TUNNEL REPORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA