
തിരുവനന്തപുരം: നിർമ്മാണം പൂർത്തിയായ ആറുവരി ദേശീയപാതയിലൂടെ കെ.എസ്.ആർ.ടി.സി ഉൾപ്പടെയുള്ള ബസുകൾ ഓടുന്നത് വിലക്കി മോട്ടോർവാഹനവകുപ്പ്. ആറുവരി പാതയിൽ ബസ് ഡ്രൈവർമാർ നിയമം ലംഘിക്കുന്നത് കാരണം അപകടങ്ങൾ വർദ്ധിച്ച പശ്ചാത്തലത്തിലാണ് നടപടി. സർവീസ് റോഡുകളിലൂടെ വേണം ബസുകൾ പോകേണ്ടത്.
നിർദേശം ലംഘിച്ച് ദേശീയപാതയിൽ കയറുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നത് ഉൾപ്പെടെ കർശന നടപടികളുണ്ടാകും. ആറുവരി ദേശീയ പാതകളിൽ ഒരിടത്തും വാഹനങ്ങൾ നിർത്താൻ പാടില്ലെന്നാണ് വ്യവസ്ഥ. എങ്ങും ബസ് സ്‌റ്റോപ്പും അനുവദിച്ചിട്ടില്ല. സർവീസ് റോഡുകളിലാണ് സ്‌റ്റോപ്പുകളുള്ളത്. സർവീസ് റോഡുകൾ ഇല്ലാത്ത മേഖലകളിൽ മാത്രമാണ് ദേശീയപാതകളിലേക്ക് കടക്കാൻ അനുമതിയുള്ളത്. അതും താത്കാലിക ക്രമീകരണം മാത്രമാണ്.
ചില ബസ് ഡ്രൈവർമാർ ആറുവരിപ്പാതയിൽ ഓടിക്കുകയും നിരത്തിൽ യാത്രക്കാരെ ഇറക്കിവിടുകയും ചെയ്തിരുന്നു. യാത്രക്കാർ ഹൈവേയിൽ നിന്നും പുറത്തിറങ്ങാൻ കിലോമീറ്ററുകൾ നടക്കേണ്ടി വന്നു. ചില ബസുകൾ ദിശ തെറ്റി ഓടിച്ചതും, റിവേഴ്സ് എടുത്തതും പരാതിക്ക് ഇടയാക്കി. അമിതവേഗം അപകടങ്ങൾക്കും കാരണമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |