
ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ, യു.എസിന്റെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്തെന്ന് ഇറാൻ അവകാശവാദം. ഇറാന്റെ സായുധ വിഭാഗമായ ഐ.ആർ.ജി.സിയുടെ (ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോപ്സ്) ഔദ്യോഗിക വാർത്താ ഏജൻസിയാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഹോർമുസ് കടലിടുക്കിന്റെ പ്രവേശനകവാടത്തിനു സമീപത്തുവച്ചാണ് യു.എസിന്റെ ആളില്ലാ അന്തർവാഹിനി 'ഡൈവ്- എൽഡി" പിടിച്ചെടുത്തത്. ഇതിന്റെ ദൃശ്യങ്ങളും ഇറാൻ പുറത്തുവിട്ടു.
അതേസമയം, പ്രവർത്തനരഹിതമായ അന്തർവാഹിനിയാണിതെന്നും രഹസ്യ സ്വഭാവമുള്ള റഡാർ, സോനാർ സാങ്കേതികവിദ്യകളോ തന്ത്രപ്രധാന വിവരങ്ങളോയില്ലെന്നും യു.എസ് സെൻട്രൽ കമാൻഡ് പറഞ്ഞു. ഇറാൻ പിടിച്ചെടുത്തുവെന്ന് അവകാശപ്പെടുന്ന അന്തർവാഹിനിയാണോ ഇതെന്ന് യു.എസ് സ്ഥിരീകരിച്ചിട്ടില്ല.
അതിനിടെ, ഇറാന്റെ അഞ്ച് എണ്ണക്കപ്പലുകൾ തകർത്തെന്ന് യു.എസ് അറിയിച്ചു. ഒരാഴ്ചയ്ക്കിടെ ഇറാന്റെ പത്തു ടാങ്കർ കപ്പലുകളും തകർത്തു. ഇറാനെതിരായ സാമ്പത്തിക ഉപരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി യു.എസ് ട്രഷറി വകുപ്പ് 27 ഇറാനിയൻ എയർലൈൻ കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി. യു.എസിന്റെ എം.ക്യു9 റീപ്പർ ഡ്രോൺ വെടിവച്ചിട്ടെന്ന് ഇറാനും അവകാശപ്പെട്ടു.
ഡൈവ്- എൽഡി
യു.എസ് കമ്പനിയായ ആന്തൂറിൽ ഇൻഡസ്ട്രീസ് നിർമ്മിച്ച സ്വയം നിയന്ത്രിത അന്തർവാഹിനി
19 അടി നീളവും 3 ടൺ ഭാരവും
സമുദ്രത്തിൽ 6,000 മീറ്റർ (19,700 അടി) ആഴത്തിൽ സഞ്ചരിക്കും
മനുഷ്യ സഹായമില്ലാതെ തുടർച്ചയായി 10 ദിവസം വരെയും പ്രത്യേക ദൗത്യങ്ങളിൽ ആഴ്ചകളോളവും തുടരും
ഗൾഫിലും
ആക്രമണം
പേർഷ്യൻ ഗൾഫിൽ രണ്ട് യു.എസ് കപ്പലുകൾ ഉൾപ്പെടെ പത്ത് കപ്പലുകളെയും ഹോർമുസ് കടലിടുക്കിന് സമീപം മറ്റ് പത്ത് കപ്പലുകളെയും ഇറാന്റെ ഐ.ആർ.ജി.സി നാവികസേന ആക്രമിച്ചു. ദുബായ് തീരത്ത് നങ്കൂരമിട്ടിരുന്ന എണ്ണക്കപ്പലിന് നേരെ നടന്ന ആക്രമണത്തിൽ ഒരു നാവികൻ കൊല്ലപ്പെട്ടു. ഒരു ജീവനക്കാരനെ കാണാതായി.
ജിബ്രാൾട്ടർ പതാക ഘടിപ്പിച്ച 'ഹെർക്കുലീസ് സ്റ്റാർ" കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ജോർദാനിലെ ഒരു യു.എസ് സൈനിക താവളം ലക്ഷ്യമാക്കി ടെഹ്‌റാൻ മിസൈൽ ആക്രമണവും നടത്തി. ആളപായമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |