റിയാദ്: അമേരിക്കയും സഖ്യകക്ഷികളും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായതിന് പിന്നാലെ ബ്രെന്റ് ക്രൂഡ് ബാരലിന് 99 ഡോളർ എന്ന നിലയിലെത്തി. ഖാർഗ് ദ്വീപ് മേഖലയിൽ സ്‌ഫോടനങ്ങൾ നടന്നതായി ഇറാനിയൻ ഔദ്യോഗിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെയാണ് എണ്ണവില കുത്തനെ ഉയർന്നത്. കഴിഞ്ഞ ദിവസം ഇറാനിയൻ എണ്ണ ടാങ്കറുകൾക്ക് നേരെ യു.എസ് ആക്രമണം നടത്തിയിരുന്നു.
സൗദി അറേബ്യയുടെ ഊർജ്ജ വിതരണ സൗകര്യങ്ങൾക്കുനേരെ ഹൂതികൾ നടത്തിയ ആക്രമണങ്ങളും എണ്ണവിലയിൽ പെട്ടെന്നുള്ള കുതിച്ചുചാട്ടത്തിന് കാരണമായി. ആക്രമണത്തിൽ 73 സാധാരണക്കാർക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെയാണ് ബ്രെന്റ് ക്രൂഡ് വില 99 തൊട്ടത്. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഓയിൽ വില 2.7 ശതമാനത്തിലധികം ഉയർന്ന് ബാരലിന് 94 ഡോളറിന് മുകളിലെത്തി. മൊത്തവ്യാപാര ഗ്യാസ് വിലയിലും ഏകദേശം രണ്ട് ശതമാനത്തിന്റെ വർദ്ധനയുണ്ടായി.
സൗദി അറേബ്യയുടെ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ചെങ്കടലിൽ വാണിജ്യ കപ്പലുകൾക്കുനേരെ ഹൂതികൾ നടത്തിയ ആക്രമണങ്ങളെ സൗദി അറേബ്യ അപലപിച്ചു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമാണ് സൗദി അറേബ്യ. യു.എസ് നാവികസേനാ കപ്പലുകൾക്കു നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തതോടെയാണ് ഇറാനിയൻ എണ്ണക്കപ്പലുകൾക്കു നേരെ യു.എസ് ആക്രമണം നടത്തുകയും അവയിലൊന്ന് മുക്കുകയും ചെയ്തത്.
ഇറാനും യു.എസും തമ്മിലെ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് സൗദി അറേബ്യയ്ക്ക് നേരെ ഹൂതി വിമതർ ശക്തമായ ആക്രമണം നടത്തിയത്. തെക്കൻ സൗദിയിലെ ഖാമീസ് മുഷൈത്ത്, അഭ, നജ്രാൻ, ജിസാൻ നഗരങ്ങളിൽ ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ പതിക്കുകയായിരുന്നു. അരാംകോ എണ്ണ കേന്ദ്രങ്ങളിലും ഖാമീസ് മുഷൈത്തിലെ കിംഗ് ഖാലിദ് എയർ ബേസിലും ആക്രമണമുണ്ടായി. അരാംകോയുടെ ജിസാൻ റിഫൈനറിയിൽ അടക്കം വൻ തീപിടിത്തമുണ്ടായി. പ്രതിദിനം നാല് ലക്ഷം ബാരൽ എണ്ണ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ഭീമൻ റിഫൈനറിയാണ് ജിസാനിലേത്. ആക്രമണ പശ്ചാത്തലത്തിൽ മേഖലയിലെ എണ്ണ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ താത്കാലികമായി നിറുത്തിവച്ചു.
ഇക്കൊല്ലം സൗദിക്ക് നേരെയുണ്ടായ ഏറ്റവും വലിയ ഹൂതി ആക്രമണമാണിത്. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയ്ക്കിടെ ചെങ്കടൽ ഊർജ്ജ ഇടനാഴിയെ കൂടി സ്തംഭിപ്പിക്കുംവിധമുള്ള ഹൂതി പ്രകോപനം ആഗോള വിപണിയെ പിടിച്ചുകുലുക്കി. ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് സൗദിയുടെ നേതൃത്വത്തിലെ അറബ് സഖ്യ സേന പ്രഖ്യാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |