ഹൈദരാബാദ്: സ്വന്തം നാട്ടിൽ ഒരു ട്വന്റി-20 മത്സരം തോൽക്കുകഇന്ത്യൻ ടീമിനെ സംബന്ധിച്ചിടത്തോളം അപൂർവമായ കാര്യമാണ്. 2019 ന് ശേഷം ഇന്ത്യ നാട്ടിൽ കളിച്ചിട്ടുള്ള മത്സരങ്ങളിൽ ഒരു ട്വന്റി-20 പോലും പരാജയപ്പെട്ടിരുന്നില്ല. എന്നാൽ വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ ഇന്ത്യ രണ്ട് മത്സരങ്ങൾ ഇതിനോടകം തോറ്റു. നാലാം മത്സരത്തിൽ 24 റൺസിന് തോറ്റതോടെ അഞ്ചുമത്സര പരമ്പരയിൽ ഇരു ടീമുകളും 2-2ന് തുല്യതയിലാണ്. ഇപ്പോഴിതാ ശനിയാഴ്ച നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ ബാറ്റർമാർ കൂടുതൽ ഉത്തരവാദിത്വം കാട്ടണമെന്നാണ് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗാവസ്കറുടെ മുന്നറിയിപ്പ്. ജിയോ സ്റ്റാറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
' ഇന്ത്യൻ ടീം ആദ്യം മെച്ചപ്പെടുത്തേണ്ടത് റൺ ചേസ് ചെയ്യുന്ന രീതിയാണ്. ബാറ്റിംഗ് നിര കൂടുതൽ ഉത്തരവാദിത്വം കാട്ടണം. ബാറ്റർമാർ ഉത്തരവാദിത്വം ഏറ്റെടുത്തില്ലെങ്കിൽ ടീമിന് വിജയിക്കാനാവില്ല. മഞ്ഞുവീഴ്ചയുള്ള ഇത്തരം പിച്ചിൽ ബാറ്റുകൊണ്ട് ആധിപത്യം സ്ഥാപിക്കണമായിരുന്നു. തുടർച്ചയായി രണ്ട് ട്വന്റി-20 ലോകകപ്പുകൾ നേടിയ ടീമിൽനിന്ന് പ്രതീക്ഷിക്കുന്ന മികവ് മത്സരത്തിൽ പൂർണമായും കാണാനായില്ല.
മികച്ച തുടക്കമാണ് സഞ്ജു ഇന്ത്യയ്ക്ക് നൽകിയത്. എന്നാൽ മറ്റു ബാറ്റർമാർക്ക് അത് മുതലാക്കാനായില്ല. അഭിഷേക് ശർമയുടെ പ്രകടനം മോശമായിരുന്നു. അദ്ദേഹത്തിന്റെ നിലവാരവുമായി ഒത്തുപോകുന്നതല്ല ആ ഇന്നിംഗ്സ്. കീമോ പോളിന്റെ തന്ത്രത്തിൽ ഇഷാൻ കിഷൻ വീണു. സെഞ്ച്വറിക്കുശേഷം ശ്രേയസ് അയ്യർക്കും മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല. ബൗളിംഗ് മോശമായിരുന്നുവെന്ന് എനിക്കറിയാം. എന്നാൽ ഇപ്പോഴുള്ള ബൗളർമാർക്ക് രാജ്യാന്തര ക്രിക്കറ്റിൽ വേണ്ടത്ര പരിചയമില്ല. അവർക്ക് റൺസ് വഴങ്ങേണ്ടിവരും. ബൗണ്ടറികൾ വഴങ്ങാതെ അവർക്ക് പഠിക്കാനാവില്ല,' -ഗവാസ്കർ കൂട്ടിച്ചേർത്തു,
ഇന്നലെ ഹൈദരാബാദിൽ നടന്ന മത്സരത്തിൽ 24 റൺസിനായിരുന്നു വെസ്റ്റ് ഇൻഡീസിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 247 റൺസെടുത്തപ്പോൾ ഇന്ത്യ 223 റൺസിന് ഓൾഔട്ടായി. നിർണായക ഘട്ടത്തിൽ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ കീമോ പോളാണ് വെസ്റ്റ് ഇൻഡീസിന്റെ വിജയത്തിൽ സുപ്രധാന പങ്കുവഹിച്ചത്. അടിച്ചു തകർക്കുകയായിരുന്ന സഞ്ജുവിനെയും പകരമെത്തിയ ഇഷാൻ കിഷനെയും തന്റെ ആദ്യ ഓവറിൽ (ഇന്ത്യൻ ഇന്നിംഗ്സിലെ 5-ാം ഓവർ) തന്നെ മടക്കി പോൾ വിൻഡീസിനെ വിജയവഴിയിൽ എത്തിക്കുകയായിരുന്നു.
Former India captain Sunil Gavaskar has urged Indian batters to take greater responsibility after India lost the fourth T20I against West Indies by 24 runs in Hyderabad. West Indies scored 247/3 before bowling India out for 223, with Keemo Paul claiming five wickets.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |