ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്ന് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ. ഇതിന്റെ ഭാഗമായി പ്രതിഷേധക്കാരെയും പ്രതിപക്ഷത്തെയും ലക്ഷ്യം വയ്ക്കുകയാണെന്നും ദീപ്കെ ആരോപിച്ചു. ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) ദേശീയ അദ്ധ്യക്ഷ നേഹ ബോറ, നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് എന്നിവരോടൊപ്പം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഡൽഹിയിലെ യുവാക്കൾ തെരുവിൽ പോരാടുകയാണ്. അവരെ തെരുവിൽ വലിച്ചിഴക്കുകയാണ്. നേഹ, അയിഷ, വിലാജ്, ഇഷ എന്നിവരെയെല്ലാം വലിച്ചിഴച്ചു. ആർക്കുവേണ്ടി? ഒരു ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ. ഗ്യാനേഷിനായി സർക്കാർ സംവിധാനങ്ങൾ ഉപയോഗിക്കുകയാണ്. സ്വന്തം പൗരന്മാർക്കെതിരെതന്നെ യുദ്ധം ചെയ്യുന്നു.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയും ഇന്ത്യാ മുന്നണിയും തമ്മിലെ വ്യത്യാസം ഏകദേശം രണ്ട് ശതമാനം മാത്രമായിരുന്നു. ബിജെപിയെ ഗ്യാനേഷ് കുമാർ സഹായിച്ചുവെന്ന് എന്തുകൊണ്ട് ജനങ്ങൾക്ക് സംശയിച്ചുകൂടാ? എസ്ഐആർ നടപ്പാക്കുന്നതിനിടെ 13 കോടി വോട്ടർമാരുടെ പേരുകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ ഒഴിവാക്കി. തിരഞ്ഞെടുപ്പ് പട്ടികയിൽ മരണപ്പെട്ടവർ എന്ന് രേഖപ്പെടുത്തിയിരുന്നവരെ നേരിട്ട് കണ്ടു.
മുൻ മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, മമതാ ബാനർജി, അരവിന്ദ് കേജ്രിവാൾ ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തു. പ്രക്ഷോഭകരെ നേരിടുന്നതിനായി റെയിൽവേ സർവീസുകൾ റദ്ദാക്കി. നക്സൽ ബാധിത പ്രദേശങ്ങളിൽ നിന്ന് സുരക്ഷാ സേനയെ ഡൽഹിയിലേക്ക് കൊണ്ടുവന്നു. ഈ നടപടികൾ ആരെ സംരക്ഷിക്കാനാണ്? ഗ്യാനേഷ് കുമാറിനുവേണ്ടി മാത്രം.
'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് അല്ല', സർക്കാരിന്റെ യഥാർത്ഥ അജണ്ട 'ഒരു രാജ്യം, ഒരു പാർട്ടി' എന്നതാണ്. മോദി അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം. ഇത് അന്താരാഷ്ട്ര തലത്തിൽ എങ്ങനെയായിരിക്കും വീക്ഷിക്കപ്പെടുകയെന്ന് പ്രധാനമന്ത്രി ആലോചിക്കുന്നുണ്ടോ'- അഭിജീത് ദീപ്കെ ചോദിച്ചു.
Kokroach Janata Party founder Abhijeet Deepke accused Prime Minister Narendra Modi’s government of misusing state machinery to protect Chief Election Commissioner Gyanesh Kumar. Speaking alongside activist Prakash Raj and student leader Neha Bora, he alleged that protesters and opposition leaders were being targeted. He also criticised voter-list deletions under the Special Intensive Revision (SIR) process and questioned the government’s political agenda.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |