ന്യൂഡൽഹി: അടുത്തിടെ ഡൽഹിയിലുണ്ടായ രണ്ട് പീഡനങ്ങളിൽ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. ഗ്രേറ്റർ നോയിഡയിൽ നിന്ന് ഡൽഹി വരെ ബസിൽ പെൺകുട്ടി പീഡനത്തിനിരയായ സംഭവവും ഡൽഹിയിലെ ഒരു പാർക്കിൽ പെൺകുട്ടി പീഡനത്തിനിരയായ സംഭവവും മുൻനിർത്തിയാണ് സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ.
2012ൽ നടന്ന നിർഭയ കേസിന് സമാനമാണ് ഈ രണ്ട് സംഭവങ്ങളുമെന്നാണ് കോടതി നിരീക്ഷിച്ചത്. രാജ്യതലസ്ഥാനത്ത് ഇത്തരം ഗുരുതരമായ പ്രശ്‌നങ്ങൾ ഉണ്ടായിട്ടും അവ തടയുന്നതിൽ സുരക്ഷാ സേനകൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തി. പിന്നാലെയാണ് രണ്ട് വിഷയങ്ങളിലും സ്വമേധയാ കേസെടുക്കാൻ നിർദേശിച്ചത്.
ഡൽഹിയിൽ പീഡനസംഭവങ്ങൾ തടയുന്നതിൽ പൊലീസിന് വീഴ്‌ച സംഭവിച്ചു. ബസുകൾ, പാർക്കുകൾ തുടങ്ങിയ പൊതുഇടങ്ങളിൽ പോലും ആവശ്യത്തിന് നിരീക്ഷണ സംവിധാനങ്ങളോ സുരക്ഷാ സംവിധാനങ്ങളോ ഏർപ്പെടുത്തിയിട്ടില്ലെന്നും സുപ്രീം കോടതി കുറ്റപ്പെടുത്തി. ചില സ്ഥലങ്ങളിൽ ഇരുട്ടിൽ ആവശ്യത്തിന് വെളിച്ചം നൽകാനുള്ള സംവിധാനങ്ങൾ പോലുമില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
ഇരകളോട് ഐക്യദാർഢ്യപ്പെട്ടിട്ട് മാത്രം കാര്യമില്ല. നടപടിയാണ് വേണ്ടത്. നടപടിയെടുക്കുന്ന കാര്യത്തിൽ പൊലീസിന്റെ ഭാഗത്ത് വലിയ വീഴ്‌ചയാണ് ഉണ്ടായിട്ടുള്ളത്. ഇതിനൊക്കെ ആരാണ് ഉത്തരവാദിയെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും കോടതി നിർദേശിച്ചു.
The Supreme Court has taken suo motu cognizance of two recent sexual abuse cases in Delhi, including an alleged incident on a bus from Greater Noida and another in a Delhi park. The court raised concerns over police lapses and inadequate surveillance, security and lighting in public spaces, and called for accountability.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |