ന്യൂഡൽഹി: 2000 രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് ചാർജ് ഈടാക്കുന്ന പുതിയ സംവിധാനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി. കേന്ദ്രസർക്കാരിന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് കോടതി അംഗീകരിക്കാത്തത്. ഉത്തരവിനെതിരായ പൊതുതാല്പര്യ ഹർജിയിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
വ്യാപാരി ഇടപാട് നിരക്കെന്ന പുതിയ സംവിധാനത്തെ ചോദ്യം ചെയ്തുള്ള ഹർജിയിൽ കേന്ദ്ര സർക്കാർ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ,നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവരോട് നാലാഴ്ചയ്ക്കകം മറുപടി നൽകാൻ കോടതി നിർദേശിച്ചു. വ്യാപാരിയിൽ നിന്നും ഈടാക്കുന്ന നിരക്ക് നികുതിയോ സർക്കാർ ഈടാക്കുന്ന ഫീസോ അല്ലെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എൻ. വെങ്കട്ടരാമൻ കോടതിയെ അറിയിച്ചു. ഇടപാടുകൾ കൈകാര്യം ചെയ്യുന്ന ബാങ്കുകൾ, പേയ്മെന്റ് സേവനദാതാക്കൾ തുടങ്ങിയവർക്കിടയിലാണ് ഈ തുക പങ്കിടുകയെന്നും കേന്ദ്രം വ്യക്തമാക്കി.
ഒക്ടോബർ 15മുതലാണ് മാറ്റം നിലവിൽ വരുന്നത്. 2000ന് മുകളിലുള്ള എല്ലാ യുപിഐ പേയ്മെന്റുകളും ഈ സംവിധാനം ബാധകമാകില്ല. പുതിയ സംവിധാനത്തിന്റെ ഭാഗമായി യുപിഐ ആപ്പുകൾ ഉപയോക്താക്കളിൽ നിന്ന് പ്രത്യേക പ്ലാറ്റ്ഫോം ഫീസോ മറ്റുനിരക്കുകളോ ഈടാക്കാൻ പാടില്ലെന്നും ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്കുള്ള യുപിഐ ഇടപാടുകൾക്ക് പുതിയ സംവിധാനം ബാധകമാകില്ല.
വ്യാപാരി ഇടപാട് നിരക്കെന്ന പുതിയ സംവിധാനം നികുതിയോ സർക്കാർ ഫീസോ അല്ലെങ്കിൽ, ഈടാക്കലിന് എന്താണ് നിയമപരമായ അടിസ്ഥാനം എന്നതിലാണ് സുപ്രീം കോടതി വ്യക്തത തേടിയത്. ഇതുസംബന്ധിച്ച് കേന്ദ്രം, ആർബിഐ, നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവയുടെ വിശദീകരണം ലഭിച്ച ശേഷമായിരിക്കും കേസിലെ തുടർനടപടികൾ.
The Supreme Court refused to stay the new system imposing charges on merchants for UPI transactions exceeding ₹2000. The court asked the Central Government, RBI, and NPCI to submit detailed affidavits within four weeks regarding the public interest litigation challenging this order. The government clarified the charge isn't a tax, but shared among service providers.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |