ന്യൂഡൽഹി: ഡൽഹിയിൽ കസ്റ്റഡിയിലെടുത്ത കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദിപ്‌കെ അടക്കമുള്ള പ്രതിഷേധക്കാരെ ഞായറാഴ്ചയ്ക്കകം വിട്ടയച്ചില്ലെങ്കിൽ നിരാഹാരസമരമോ പദയാത്രയോ നടത്തുമെന്ന് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്. രാജ്യത്ത് അടിയന്തരാവസ്ഥയ്‌ക്ക് സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് നടത്തിയ കൂട്ടക്കസ്റ്റഡിക്കെതിരെയാണ് വാങ്ചുക് രംഗത്തെത്തിയത്.
ലഡാക്കിലെ തിരക്കിട്ട പ്രവർത്തനങ്ങൾ കാരണം സി.ജെ.പി പ്രതിഷേധത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് നേരത്തേ അറിയിച്ചിരുന്ന വാങ്ചുക്, പൊലീസ് നടപടിക്കു പിന്നാലെ സമരക്കാർക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. 'ഇന്ത്യ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്ക്' എന്ന കുറിപ്പോടെ എക്സിലൂടെയാണ് വാങ്ചുക് പ്രതിഷേധക്കാരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടത്.
പ്രതിഷേധത്തിൽ ഐക്യവും സമാധാനവും പാലിക്കണമെന്ന് നേരത്തേ ആഹ്വാനം ചെയ്തിരുന്നെങ്കിലും ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങൾ പ്രതീക്ഷിച്ചതല്ലെന്ന് വാങ്ചുക് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ ഉണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
പ്രക്ഷോഭത്തിന് നേതൃത്വം നൽകാൻ നിരവധി നേതാക്കൾ മുന്നോട്ടുവന്നതിൽ സന്തോഷമുണ്ടായെന്നും എന്നാൽ അവരെല്ലാം അറസ്റ്റിലായ വിവരമാണ് ഇപ്പോൾ ലഭിക്കുന്നതെന്നും വാങ്ചുക് പറഞ്ഞു. കസ്റ്റഡിയിലുള്ളവരെ ഉടൻ വിട്ടയക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവാക്കൾ സമാധാനപരമായി പ്രതിഷേധിക്കണമെന്നും വിവിധ സംഘടനകൾ ഐക്യത്തോടെ മുന്നോട്ടുപോകണമെന്നും വാങ്ചുക് നേരത്തേ ആവശ്യപ്പെട്ടിരുന്നു. സമാധാനത്തോടെയുള്ള സമരമാർഗത്തിൽനിന്ന് പ്രസ്ഥാനം വ്യതിചലിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Ladakh-based activist Sonam Wangchuk has warned that he may launch a hunger strike or foot march if Cockroach Janta Party (CJP) founder Abhijeet Dipke and other protesters detained in Delhi are not released by Sunday.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |