ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലകളിൽ ഉടൻ കുറവുണ്ടാകില്ലെന്ന് റിപ്പോർട്ട്. പശ്ചിമേഷ്യയിലെ യുദ്ധസമയത്ത് തങ്ങൾക്കുണ്ടായ നഷ്ടം നികത്തുന്നതുവരെ വില കുറയ്ക്കേണ്ടതില്ലെന്നാണ് എണ്ണക്കമ്പനികളുടെ നിലപാട്. എല്ലാമാസവും ഒന്നാംതീയതിയാണ് വില ഏകീകരിക്കുന്നത്. അതിനുമുമ്പുതന്നെ നിലപാട് എണ്ണക്കമ്പനികൾ കേന്ദ്രസർക്കാരിനെ അറിയിക്കും.ക്രൂഡാേയിൽ വില യുദ്ധത്തിന് മുമ്പുളള അവസ്ഥയിലേക്ക് എത്തിയതോടെയാണ് വില കുറയ്ക്കണമെന്ന ആവശ്യം ശക്തമായത്.
മേയ് മാസത്തിൽ പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ വില്പനയിലൂടെ പൊതുമേഖലാ എണ്ണക്കമ്പനികൾക്കുമാത്രം പ്രതിദിനം ആയിരം കോടിരൂപയുടെവരെ വരുമാന നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. രാജ്യത്ത് എണ്ണവില വർദ്ധിപ്പിച്ചതോടെ നഷ്ടം 500-600 കോടിയായി കുറഞ്ഞു. മാർച്ചുമുതൽ മേയ് വരെയുള്ള കാലയളവിൽ കമ്പനികളുടെ മൊത്തം നഷ്ടം ഒരുലക്ഷം കോടിരൂപയാണ്. ഈ നഷ്ടം തിരിച്ചുപിടിക്കാൻ കമ്പനികൾക്ക് സർക്കാർ കുറച്ചുസമയംകൂടി അനുവദിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആഗോളതലത്തിൽ ക്രൂഡോയിൽ വില കാര്യമായി വർദ്ധിച്ചിട്ടും രണ്ടരമാസത്തോളം രാജ്യത്ത് എണ്ണവില വർദ്ധിപ്പിക്കാതെ കമ്പനികൾ വില സ്ഥിരത നിലനിറുത്തിയിരുന്നു.
അമേരിക്കയും ഇറാനുമായുളള സമാധാനക്കരാറിന്റെ ഭാവിയും ഉടൻ എണ്ണവില കുറയ്ക്കുന്നതിൽ നിന്ന് കമ്പനികളെ പിന്തിരിപ്പിക്കുന്നു. യുദ്ധം അവസാനിപ്പിച്ച് ഹാേർമുസ് തുറന്നെങ്കിലും ഏതുനിമിഷം വേണമെങ്കിലും വീണ്ടും അസ്വാരസ്യങ്ങൾ ഉണ്ടാവാമെന്നും ഹോർമുസ് അടയ്ക്കാമെന്നും എണ്ണക്കമ്പനികൾക്ക് ആശങ്കയുണ്ട്.
എണ്ണവിലയിൽ ഉടൻ കുറവുവരുത്തിയില്ലെങ്കിലും എൽപിജി വിലയിൽ നേരിയ കുറവെങ്കിലും വരുത്തണമെന്ന് കേന്ദ്രം എണ്ണക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കേന്ദ്ര പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിൽ വാണിജ്യ സിലിണ്ടറിന് വില കുറയ്ക്കാൻ തീരുമാനമായെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ ഗാർഹിക സിലിണ്ടറിന്റെ വില കുറയ്ക്കുമോ എന്ന് വ്യക്തമല്ല.
വാണിജ്യ സിലിണ്ടർ വിതരണത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കുന്നതായി കേന്ദ്രസർക്കാർ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. നിയന്ത്രണം നീക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങൾക്ക് കത്ത് നൽകിയിട്ടുണ്ട്. യുദ്ധത്തിനു മുൻപുള്ള സ്ഥിതി പുനഃസ്ഥാപിക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |