SignIn
Kerala Kaumudi Online
Wednesday, 04 November 2026 6.24 PM IST

പ്രതിഷേധത്തിന് ലക്ഷ്‌മണരേഖ,​ സമരത്തിന് സമയപരിധി വേണമെന്ന് സുപ്രീംകോടതി

READ ENGLISH VERSION
1

ന്യൂ‌ഡൽഹി: പ്രതിഷേധത്തിനായി ഒരു സ്ഥലം ഏതെങ്കിലും ഒരു സംഘത്തിന് അനിശ്ചിതകാലത്തേക്ക് കൈയടക്കി വയ്ക്കാൻ അവകാശമില്ലെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. സമരം നടത്താൻ നിശ്ചയിച്ചുനൽകിയ മേഖലകളിൽ അനുമതി നൽകുമ്പോൾ സമയപരിധി വയ്‌ക്കണം. നിശ്ചിത സമയത്തേക്കായിരിക്കണം സ്ഥലം അനുവദിക്കേണ്ടത്. ഡൽഹി ജന്തൻ മന്ദറിൽ സി.ജെ.പി സമരത്തിന് ജൂലായിൽ ഒരു ദിവസത്തേക്കാണ് അനുമതി നൽകിയതെങ്കിലും 17 ദിവസം കൈയടക്കി വച്ചുവെന്ന് സോളിസിറ്റ‌ർ ജനറൽ തുഷാർ മേത്ത പറഞ്ഞപ്പോഴായിരുന്നു കോടതിയുടെ പരാമർശം.

ഒരു സംഘത്തിന് മാത്രമല്ല പ്രതിഷേധിക്കാൻ അവകാശമുള്ളതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വി.മോഹന എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. എല്ലാവർക്കും ആ ഭരണഘടനാ അവകാശമുണ്ട്. ഞങ്ങൾ സമരമിരിക്കുന്നതിനാൽ മറ്റുള്ളവർ അവിടേക്ക് വരാൻ പാടില്ലെന്ന് ഒരു സംഘത്തിനും പറയാൻ കഴിയില്ല.

കർഷകർ, തൊഴിലാളികൾ തുടങ്ങി എല്ലാവർക്കും സമരകേന്ദ്രത്തിൽ പ്രതിഷേധിക്കേണ്ടതുണ്ട്. സമരങ്ങൾക്ക് അനുമതി നൽകിയാലും നിഷേധിച്ചാലും അതിനുള്ള കാരണം രേഖാമൂലം സംഘാടകരെ പൊലീസ് അറിയിക്കണമെന്നും നിർദ്ദേശിച്ചു. ഡൽഹിയിലെ സമരങ്ങളുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹ‌ർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ഡൽഹിയിലെ സമരവേലിയേറ്റം കാരണം കോടികളുടെ നഷ്‌ടമാണുണ്ടാകുന്നതെന്ന് വ്യാപാരി വ്യവസായി സംഘടനകൾ അറിയിച്ചു. അടുത്ത രണ്ടു മാസത്തേക്ക് ഒരു സമരവും അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു. ഒരു വശത്ത് വ്യാപാരത്തിനുള്ള അവകാശവും മറുവശത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശവും ഉൾപ്പെട്ട വിഷയമാണെന്ന് തുടർന്ന് നിരീക്ഷിച്ച കോടതി വഴിയോരക്കച്ചവടക്കാർ, ചെറുകിട സംരംഭകർ എന്നിവരെക്കുറിച്ച് ആശങ്കയുണ്ടെന്നും കൂട്ടിച്ചേർത്തു. സമരം ആഹ്വാനം ചെയ്‌ത രാഷ്ട്രീയ പാർട്ടികളെയും സംഘടനകളെയും ഹർജിയിൽ കക്ഷിയാക്കാൻ ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു. അവരെയും കേൾക്കേണ്ടതുണ്ട്.

 'ജന്തർ മന്ദർ പൊതുറോഡ്'

1 ജന്തർ മന്ദർ പൊതുറോഡാണ്. സമര കേന്ദ്രമായി നിശ്ചയിക്കാനാവില്ല. സമരത്തിന്റെ പ്രത്യാഘാതം അതിന്റെ സംഘാടകരെ ഉത്തരവാദികളാക്കണമെന്നും സോളിസിറ്റ‌ർ ജനറൽ തുഷാർ മേത്ത. പ്രതിഷേധങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ പാർട്ടികൾ

2 സമരത്തിനിടെ മലയാളി മാദ്ധ്യമപ്രവർത്തകർക്കെതിരെ പൊലീസ് അതിക്രമമുണ്ടായെന്ന കേരള പത്രപ്രവർത്തക യൂണിയന്റെ ഹ‌ർജിയും കോടതി പരിഗണിച്ചു. കേന്ദ്രത്തിനും ഡൽഹി പൊലീസിനും നോട്ടീസ് അയയ്ക്കാനും ഉത്തരവ്

 കേന്ദ്രവും രാഹുലും നിലപാടറിയിക്കണം

ഒക്ടോബർ 12ന് 'ഇന്ത്യ' സഖ്യം നടത്തിയ സുപ്രീംകോടതി മാർച്ചിനെതിരെ ഒരുവിഭാഗം അഭിഭാഷകർ സമർപ്പിച്ച ഹർജിയിൽ നോട്ടീസ് അയയ്ക്കാൻ കോടതി ഉത്തരവിട്ടു. ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, കേന്ദ്രസർക്കാർ തുടങ്ങിയവർ നിലപാടറിയിക്കണം. 23ന് വീണ്ടും പരിഗണിക്കും.

English Summary

The Supreme Court ruled that no group has the right to indefinitely occupy a protest site, stressing time-bound permits to ensure shared access and constitutional protest rights. Police must provide written reasons for permit decisions. The court also directed political parties and organizations behind protests to be made parties in related petitions concerning demonstrations, emphasizing everyone's right to protest.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUPREMECOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360