SignIn
Kerala Kaumudi Online
Monday, 02 November 2026 10.19 PM IST

മോദി സർക്കാരിനെ തൊടാൻ കഴിയില്ല: നിതിൻ നബിൻ

READ ENGLISH VERSION
s

ന്യൂഡൽഹി: മോദി സർക്കാരിനെ തൊടാൻ കഴിയില്ലെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിൻ പറഞ്ഞു. ഇന്നലെ ഡൽഹി രാംലീല മൈതാനിയിൽ 'ഇന്ത്യ' മുന്നണിയുടെ റാലി നടക്കുമ്പോൾ, ഹരിയാനയിലെ റോത്തക്കിൽ ബി.ജെ.പി സംഘടിപ്പിച്ച കൂറ്റൻ പദയാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ജനാധിപത്യം സംരക്ഷിക്കുക,അരാജകത്വം ഇല്ലാതാക്കുക'യെന്ന മുദ്രാവാക്യമുയ‌ർത്തിയ പദയാത്രയിൽ പതിനായിരങ്ങൾ പങ്കെടുത്തു. രാഹുൽ ഗാന്ധിക്കെതിരെയും കോൺഗ്രിനെതിരെയും നിതിൻ നബിൻ ആഞ്ഞടിച്ചു. എന്തിനാണ് ജനാധിപത്യത്തെ വെല്ലുവിളിക്കുന്നത്? ഹിമാചൽ പ്രദേശിലും കർണാടകയിലും ജനവിധി അവർക്ക് അനുകൂലമാകുമ്പോൾ ജനാധിപത്യം വിജയിച്ചുവെന്ന് അവകാശപ്പെടുന്നു.

ഹരിയാന,മഹാരാഷ്ട്ര,ഉത്തർപ്രദേശ്,ബീഹാർ,ബംഗാൾ എന്നിവിടങ്ങളിൽ പരാജയപ്പടുമ്പോൾ ജനാധിപത്യം അപകടത്തിലാണെന്ന് പ്രഖ്യാപിക്കുന്നു. ഇതെന്ത് ഇരട്ടത്താപ്പാണ്. വിദേശ ശക്തികളുടെ അജൻഡകൾ നടപ്പാക്കാനുള്ള ഉപകരണമായി രാഹുൽ മാറിയിരിക്കുന്നു. വിദേശ രാജ്യങ്ങളിൽ അടുത്തിടെ അസ്വസ്ഥതകളും ഭിന്നതകളുമുണ്ടാക്കുന്ന അതേ കൂട്ടരാണ് ഇതിനു പിന്നിലും പ്രവർത്തിക്കുന്നത്. പ്രതിപക്ഷം 'ഭരണമാറ്റത്തെ' കുറിച്ചാണ് സംസാരിക്കുന്നതെന്നും നിതിൻ കുറ്റപ്പെടുത്തി.

കോൺഗ്രസിൽ രാഹുൽ ഉൾപ്പെടുന്ന കുടുംബം കൽപ്പിക്കുന്നത് നേതാക്കൾ അനുസരിക്കുന്നു. രാജ്യത്തെ നിയമങ്ങൾ പോലും രാഹുലിന്റെ ഇഷ്‌ടാനിഷ്‌ടങ്ങൾക്കനുസരിച്ചാണ് രൂപീകരിക്കേണ്ടതെന്ന് നേതാക്കൾ വിശ്വസിക്കുന്നു. കോൺഗ്രസിന് യഥാർത്ഥ കരുത്തുണ്ടായിരുന്നുവെങ്കിൽ സ്വന്തം പാർട്ടിക്കുള്ളിലെ 'രാജവാഴ്ച' അവസാനിപ്പിച്ച് ജനാധിപത്യം സ്ഥാപിക്കുമായിരുന്നു. ഭരണഘടനയുടെ പകർപ്പും കൈയിലേന്തി നടക്കുന്നവരാണ് അതിന്റെ പേജുകളും കീറിയെറിയുന്നത്. കോൺഗ്രസിനെ ജനങ്ങൾ തിരഞ്ഞെടുക്കുന്നില്ല. തുടർച്ചയായ തിരഞ്ഞെടുപ്പ് പരാജയങ്ങളിൽ നിന്നുണ്ടായ നിരാശ കാരണം ജനാധിപത്യ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താനാണ് ശ്രമം. 1984ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വധത്തിനു പിന്നാലെയുണ്ടായ സിഖ് വിരുദ്ധ കലാപത്തെയും നിതിൻ പരാമർശിച്ചു. കോൺഗ്രസ് ഇതുവരെ സിഖ് സമുദായത്തോട് മാപ്പു പറയാത്തത് എന്തുകൊണ്ടാണ്? വൻവൃക്ഷം വീഴുമ്പോൾ ഭൂമി കുലുങ്ങുമെന്നാണ് രാഹുലിന്റെ പിതാവ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി അന്ന് ന്യായീകരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BJP, LATESTNEWS, NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360