SignIn
Kerala Kaumudi Online
Tuesday, 03 November 2026 2.44 AM IST

'അമേരിക്കയിൽ പ്രതിഷേധിച്ചാൽ എന്താകുമായിരുന്നു?'; ഇന്ത്യയാണ് തന്റെ വീടെന്ന് കോടതിക്കുമുന്നിൽ ഇമ്രാൻ ഖാൻ

READ ENGLISH VERSION
imran-khan-
പ്രതിഷേധത്തിനിടെ ഇമ്രാൻഖാനെ പൊലീസ് കസ്റ്റഡിയിൽ എടുത്തപ്പോൾ

മുംബയ്: തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് നടൻ ഇമ്രാൻ ഖാനെ രൂക്ഷമായി വിമർശിച്ച് ബോംബെ ഹൈക്കോടതി. അമേരിക്കൻ പൗരനും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് ഉടമയുമായ ഇമ്രാൻ ഖാൻ എസ്ഐആർ പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിനാണെന്ന് കോടതി ചോദിച്ചു. ഇമ്രാൻ ഖാനോട് വെറുമൊരു സത്യവാങ്മൂലം നൽകിയാൽ മതിയാകില്ലെന്നും നിരുപാധികം മാപ്പുപറയണമെന്നും കോടതി ആവശ്യപ്പെട്ടു.

തുടർന്ന്,​ പ്രതിഷേധത്തിൽ പങ്കെടുത്തതിന് നടൻ കോടതിയിൽ നിരുപാധികം മാപ്പുപറഞ്ഞു. ഭാവിയിൽ ഇത്തരം പ്രതിഷേധങ്ങളിൽ പങ്കെടുക്കില്ലെന്നും കോടതിയിൽ ഉറപ്പുനൽകി. ഇന്ത്യൻ പൗരന്മാർക്കും ഒസിഐ കാർഡ് ഉടമകൾക്കും ലഭിക്കുന്ന അവകാശങ്ങൾ ഒരു പോലെയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അമേരിക്കയിൽ ഒരു ഇന്ത്യക്കാരൻ ഇതുപോലെ പ്രതിഷേധിച്ചിരുന്നെങ്കിൽ അവിടത്തെ അധികൃതർ എന്ത് നടപടിയെടുക്കുമായിരുന്നുവെന്നും കോടതി ആരാഞ്ഞു.

വർഷങ്ങളായി ഇന്ത്യയിൽ താമസിക്കുന്ന ഇമ്രാൻ ഖാൻ ഇതുവരെ ഒരു പ്രതിഷേധത്തിലും പങ്കെടുക്കാതിരുന്നിട്ട് ഇപ്പോൾ ഇത്തരമൊരു സമരത്തിൽ പങ്കെടുത്തത് എന്തിനാണെന്നും കോടതി ചോദിച്ചു. ഇന്ത്യൻ പൗരന്മാർക്കുള്ള എല്ലാ അവകാശങ്ങളും ഒസിഐ കാർഡ് ഉടമകൾക്ക് അവകാശപ്പെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ഇമ്രാൻ ഖാൻ അമേരിക്കൻ പൗരനാണെന്നും ഇന്ത്യയിൽ പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് അവകാശമില്ലെന്നുമാണ് വിദേശികളുടെ രജിസ്ട്രേഷൻ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് കോടതിയെ അറിയിച്ചത്. ഒസിഐ കാർഡ് ഉടമയെന്ന നിലയിൽ ഇന്ത്യയിൽ അദ്ദേഹത്തിനുള്ള അവകാശങ്ങളും ആനുകൂല്യങ്ങളും ഇന്ത്യൻ പൗരന്മാരുടേതിൽനിന്ന് വ്യത്യസ്തവും പരിമിതവുമാണെന്നും കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.

സമൂഹമാദ്ധ്യമങ്ങളിൽ വലിയ സ്വാധീനമുള്ള വ്യക്തിയാണ് ഇമ്രാൻ ഖാനെന്നും പ്രതിഷേധത്തിന്റെ ലക്ഷ്യവും ഉദ്ദേശ്യവും അറിയാമായിരുന്നിട്ടും അദ്ദേഹം അതിൽ പങ്കെടുത്തതാണെന്നും സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇതിനെത്തുടർന്ന് ഇമ്രാൻ ഖാനുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ നിരുപാധികം മാപ്പപേക്ഷ സമർപ്പിച്ചു. ഭാവിയിൽ ഇത്തരം പ്രതിഷേധങ്ങളിൽ പങ്കെടുക്കില്ലെന്ന് ഉറപ്പുനൽകുകയും ചെയ്തു.

വർഷങ്ങളായി ഇന്ത്യയിൽ താമസിക്കുന്ന തനിക്ക് രാജ്യവുമായി അടുത്ത ബന്ധമുണ്ടെന്ന് ഇമ്രാൻ ഖാൻ കോടതിയിൽ പറഞ്ഞു. അമേരിക്കയിൽ ചെലവഴിച്ച രണ്ട് വർഷം ഒഴികെ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഇന്ത്യയിലായിരുന്നുവെന്നും ഇന്ത്യയാണ് തന്റെ വീടെന്നും അദ്ദേഹം പറഞ്ഞു. തന്റെ കുട്ടിയും കുടുംബവും തൊഴിൽപരവും വ്യക്തിപരവുമായ ജീവിതവും ഇന്ത്യയിലാണെന്നും ഇവിടെ തുടരാൻ അനുവദിക്കണമെന്നും നടൻ കോടതിയോട് അഭ്യർത്ഥിച്ചു.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ പത്തിന് മുംബയിലെ ആഗസ്റ്റ് ക്രാന്തി മൈതാനിയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് ഇമ്രാൻ ഖാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന്,​ ഇമ്രാൻ ഖാനോട് ഒക്ടോബർ 28നകം ഇന്ത്യ വിടാൻ നിർദേശിച്ച് ‘ലീവ് ഇന്ത്യ’ നോട്ടീസ് പുറപ്പെടുവിച്ചു. ഈ നടപടി അന്യായവും ഭരണഘടനാവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി നടൻ ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

നോട്ടീസിനെതിരായ ഹർജി പരിഗണിച്ച കോടതി ഇമ്രാൻ ഖാന്റെ നിരുപാധിക മാപ്പപേക്ഷയും ഭാവിയിൽ പ്രതിഷേധങ്ങളിൽ പങ്കെടുക്കില്ലെന്ന ഉറപ്പും പരിഗണിച്ചു. ഇന്ത്യ വിടാനുള്ള നോട്ടീസിന്മേലുള്ള നടപടി താൽക്കാലികമായി നിർത്തിവച്ച ഉത്തരവ് ഡിസംബർ ഏഴുവരെ നീട്ടുകയും ചെയ്തു. അന്ന് കേസ് വീണ്ടും പരിഗണിക്കും.

English Summary

Actor Imran Khan, an American citizen and OCI cardholder, received sharp criticism from the Bombay High Court for participating in a protest. The court questioned his right to protest, leading to his unconditional apology and a promise to avoid future demonstrations. His 'Leave India' notice has been temporarily stayed until December 7, pending further hearings.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IMRAN KHAN, BOMBAY HIGH COURT, INDIA IS MY HOME, OCI CARD, SIR PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360