
ന്യൂഡൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെതിരെയുള്ള പ്രതിപക്ഷ പോരാട്ടം അതിതീവ്രമായതോടെ ഇന്നലെ രാജ്യതലസ്ഥാനം മുൾമുനയിലായി.10 മണിക്കൂറോളം നീണ്ട സമരത്തിനൊടുവിൽ രാഹുൽഗാന്ധിയെയും പ്രിയങ്കയെയും മറ്റു നേതാക്കളെയും അറസ്റ്റുചെയ്തു നീക്കി. ഇലക്ഷൻ കമ്മിഷൻ ഓഫീസിനു 100 മീറ്റർ അകലെയുള്ള ആകാശവാണി കോമ്പൗണ്ടിലാണ് ഇവർ കുത്തിയിരിപ്പ് സമരം നടത്തിയത്. രാത്രി ഏഴരയോടെയായിരുന്നു അറസ്റ്റ്.
ചെറുത്തുനിൽക്കുന്നതിനിടെ രാഹുൽഗാന്ധിക്ക് മുഖത്ത് പരിക്കേറ്റു. രാത്രി പത്തരയോടെ രാഹുൽ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെ വിട്ടയച്ചു.
7.45നാണ് രാഹുൽഗാന്ധി, പ്രിയങ്കഗാന്ധി അടക്കമുള്ള നേതാക്കളെ ഡൽഹി പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്ത് ഡൽഹി കിംഗ്‌വേ ക്യാമ്പിലെത്തിച്ചത്.
രാഹുലിനെ പൊലീസുകാർ ബലംപ്രയോഗിച്ച് പൊക്കിയെടുത്താണ് ബസിൽ കയറ്റിയത്. അതിനിടെ രാഹുൽ ജനൽ വഴി പുറത്ത് ചാടാൻ ശ്രമിച്ചു. പൊലീസ് തള്ളിക്കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് പരിക്കേറ്റത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാവിലെ പത്തോടെയാണ് ഇന്ത്യ സഖ്യം നേതാക്കൾ മാർച്ച് തുടങ്ങിയത്. ഒറ്റക്കെട്ടായാണ് ഇന്ത്യാ സഖ്യം ഗ്യാനേഷിനെതിനെതിരെ പ്രതിഷേധിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തിന് നൂറുമീറ്റർ അകലെ ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞു. രാഹുലും പ്രിയങ്കയും അടക്കമുള്ള നേതാക്കൾ ത്രിവർണ പതാക ഉയർത്തിപ്പിടിച്ച് ബാരിക്കേഡിന് മുകളിൽ കയറി നിന്നു.
അഖിലേഷ് യാദവ്, ജോൺബ്രിട്ടാസ്, എ.എ.റഹീം ഉൾപ്പെടെയുള്ളവർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ പൊലീസ് കസ്റ്റഡിയിലെടുത്ത് വാഹനത്തിൽ കയറ്റി. എം.പിമാരെ വലിച്ചിഴച്ചാണ് ബസിൽ കയറ്റിയത്. പ്രവർത്തകർ ബസിനു മുകളിൽ കയറി തടയാൻ ശ്രമിച്ചത് സംഘർഷാവസ്ഥയുണ്ടാക്കി. അറസ്റ്റു ചെയ്‌ത് നീക്കിയ എം.പിമാർ തിരികെയെത്തി പ്രതിഷേധിച്ചതോടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. മുന്നൂറോളം എം.പിമാരാണ് മാർച്ചിൽ പങ്കെടുത്തത്.
പൊലീസിനെ കബളിപ്പിച്ച്
രാഹുലിന്റെ നീക്കം
നേതാക്കളെ അറസ്റ്റു ചെയ്തു നീക്കുന്നതിനിടെ തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തെത്താൻ രാഹുൽഗാന്ധി മറ്റൊരു വഴി തിരഞ്ഞെടുത്തത് പൊലീസിനെ വെട്ടിലാക്കി. പൊലീസിനെ കബളിപ്പിച്ച് കമ്മിഷൻ ആസ്ഥാനത്തിന് സമീപത്തെ ആകാശവാണി വളപ്പിലാണ് ഉച്ചയ്ക്ക് 12.20ന് രാഹുലും പ്രിയങ്കയും അടക്കം കയറിയത്. അതുവഴി കമ്മിഷൻ ആസ്ഥാനത്തേക്ക് കടക്കുകയായിരുന്നു ലക്ഷ്യം. പൊലീസ് തടഞ്ഞതോടെ അവിടത്തെ ആൽമരച്ചുവട്ടിലിരുന്നു പ്രതിഷേധിച്ചു. അതിനിടെ കെ.സി.വേണുഗോപാൽ അടക്കമുള്ള നേതാക്കളുമെത്തി. തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലീസ് അനുവദിച്ചില്ല. ഏഴുമണിക്കൂർ നീണ്ട പ്രതിഷേധത്തിനൊടുവിൽ രാത്രിയോടെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
The political confrontation between the Opposition and the Election Commission intensified in New Delhi on Tuesday. After an hours-long protest demanding action over electoral-roll issues and the resignation of Chief Election Commissioner Gyanesh Kumar, Delhi Police detained Rahul Gandhi, Priyanka Gandhi Vadra and several other Opposition leaders.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |