SignIn
Kerala Kaumudi Online
Friday, 14 August 2026 4.43 AM IST

പൂഴ്ത്തിവയ്പ്പ് : ആന്ധ്ര മില്ലുടമകളെ പൂട്ടണം, സംസ്ഥാനത്ത് പ്രത്യേക സ്ക്വാഡ്

READ ENGLISH VERSION
aa

ആന്ധ്രാമന്ത്രിക്ക് കത്തയച്ചു 

തിരുവനന്തപുരം: കേരളത്തിലെ ഓണവിപണിയിൽ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നതിനായി നെല്ല് പൂഴ്ത്തിവയ്ക്കുന്ന ആന്ധ്രയിലെ മില്ലുകാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് കത്തയച്ചു. ആന്ധ്രാപ്രദേശ് ഭക്ഷ്യമന്ത്രി നന്ദേല മനോഹ‌റിനാണ് കത്തയച്ചത്. ആന്ധ്രയിലെ മില്ലുടമകളും ഇടനിലക്കാരും ഒത്തുകളിച്ച് കേരളത്തിൽ അരിവില വർദ്ധിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണിത്.

കേരളത്തിലെ അരി മില്ലുകളിലും മൊത്ത വിപണന കേന്ദ്രങ്ങളിലും പരിശോധന നടത്തും. ഇതിനായി പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചു. പൂഴ്ത്തിവയ്പ്പ്, പഴയ സ്റ്റോക്കുകൾക്ക് വില വർദ്ധിപ്പിക്കൽ തുടങ്ങിയവ ശ്രദ്ധയിൽപെട്ടാൽ ശക്തമായ നിയമ നടപടി സ്വീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകി.

ജില്ലാ, താലൂക്ക് സപ്ലൈ, സിറ്റി റേഷനിംഗ് ഓഫീസർമാരുടെ നേതൃത്വത്തിൽ റവന്യു, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തിയാണ് ജില്ലാ, താലൂക്കുതല സ്‌ക്വാഡുകൾ രൂപീകരിച്ചത്.

സർക്കാർ വിപണിയിൽ

1,65,000 ടൺ അരി

1. ഓണം പ്രമാണിച്ച് സപ്ലൈകോയിലും പൊതുവിതരണ കേന്ദ്രങ്ങളിലുമായി 1,65,932 ടൺ അരി എത്തിച്ചിട്ടുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്. ഒരു റേഷൻ കാർഡ് ഉടമയ്ക്ക് 25 കിലോഗ്രാം വരെ അരി സപ്ലൈകോയിൽ നിന്ന് കിലോയ്ക്ക് 26 രൂപ നിരക്കിൽ ലഭിക്കും

2. ഇതിനുപുറമേ ഇതേ നിരക്കിൽ നീല, വെള്ള കാർഡുകൾക്ക് 10 കിലോ വീതവും പിങ്ക് കാ‌ർഡിന് 3 കിലോ വീതവും അരി ലഭ്യമാക്കുന്നുണ്ട്

3. ഇത്രത്തോളം അരി വിലക്കുറവിൽ ലഭ്യമാകുമ്പോൾ പൊതുവിപണിയിൽ ക്രമേണ വില കുറയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA