
കണ്ണൂർ: ഇവിടെ, ഉപഭോക്താക്കളെ സംസാരിച്ച് വീഴ്‌ത്തില്ല. പുഞ്ചിരിമാത്രം സമ്മാനിക്കുന്ന ജീവനക്കാർ മാത്രം. കണ്ണൂർ ഫോർട്ട് റോഡിലാണ് ഷീ കളക്ഷൻൻസ് എന്ന ഈ വസ്ത്രശാല.
സ്ത്രീകൾക്ക് വേണ്ടിയുള്ള ഷോറൂം മറ്റിടങ്ങളിലേതിന് സമാനം. നിറഞ്ഞ ഷെൽഫുകൾ, പുതുവസ്ത്രം പരതുന്ന ഉപഭോക്താക്കൾ, ബില്ലിംഗ് കൗണ്ടറിലെ തിരക്കും സാധാരണം. പക്ഷേ ഇടപാടുകൾക്ക് ശബ്ദമില്ല.
ജീവനക്കാരായ വിമോഷ്, വിനീഷ്, സുജാത, അതുൽ, ലബീബ്, വിമോഷ്, ഗഗൻ എന്നിവരെല്ലാം ഭിന്നശേഷിക്കാരാണ്. ജോലി തേടി പലവഴി അലഞ്ഞവർ. ഷീ കളക്ഷൻസിലെ ദൈനംദിന പ്രവർത്തനങ്ങളെല്ലാം ഇവരുടെ കൈകളിലാണ്. ഉപഭോക്താക്കളുടെ മുഖഭാവം, ചുണ്ടുകളുടെ ചലനം, വിരൽചൂണ്ടൽ, പുഞ്ചിരി അത്രമതി അവർക്ക് കാര്യങ്ങൾ മനസിലാക്കാൻ. ഷിജിൻ ഹാരിസാണ് ഷീ കളക്ഷൻസിന്റെ നടത്തിപ്പുകാരൻ. പിതാവ് എം.വി. ഹാരിസാണ് ഉടമ.
തൊഴിലാളിയുടെ മകൻ സൂപ്പർവൈസറായി
42 വർഷം മുമ്പാണ് എം.വി. ഹാരിസ് എംബ്രോയ്ഡറി യൂണിറ്റ് തുടങ്ങിയത്. എംബ്രോയ്ഡറി ജോലികൾക്കായി അദ്ദേഹം മിടുക്കരായ തൊഴിലാളികളെ കണ്ടെത്തി. അങ്ങനെയാണ് തൊഴിലാളിയായിരുന്ന നാരായണന്റെ മക്കളായ വിമോഷിനെയും വിനീഷിനെയും പരിചയപ്പെട്ടത്. ഇരുവർക്കും സംസാര ശേഷിയും കേൾവിയുമുണ്ടായിരുന്നില്ല. ഭിന്നശേഷികാർക്ക് അവസരമൊരുക്കണമെന്ന ചിന്ത അന്നാണ് ഹാരിസിനുണ്ടായത്. എംബ്രോയ്ഡറി യൂണിറ്റ് വിപുലീകരിച്ച് വസ്ത്രശാലയാക്കിയപ്പോൾ
ഇരുവരെയും ഹാരിസ് ജീവനക്കാരാക്കി. രണ്ടു പതിറ്റാണ്ടായി ഇവർ ഹാരിസിനൊപ്പമുണ്ട്. വിമോഷ് സ്ഥാപനത്തിന്റെ സൂപ്പർവൈസറാണ്. വിമോഷിന്റെ സുഹൃത്തുക്കളാണ് മറ്റ് ജീവനക്കാർ. ഹാരിസിന്റെ റിസോർട്ടിലും ഇവർ സജീവമാണ്. സാജിതയാണ് ഹാരിസിന്റെ ഭാര്യ. മക്കൾ: നിഷിൻ, ഷിജിൻ, റോഷൻ.
'മറ്റുള്ളവർ അവരുടെ വൈകല്യമാവാം കാണുന്നത്. ഞാൻ കണ്ടത് അവരുടെ കഴിവുകളാണ്
- എം.വി. ഹാരിസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |