തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ കൗൺസിൽയോഗം അവസാനിച്ചതിന് പിന്നാലെ സംഘർഷം. ഹാജർ രജിസ്റ്ററിൽ യുഡിഎഫ് കൗൺസിലർമാർ ഒപ്പ് വയ്ക്കുന്നതിനിടെ ബിജെപി കൗൺസിലർമാർ അത് പിടിച്ചുവാങ്ങിയെന്നാണ് ആരോപണം. രജിസ്റ്റർ കീറാൻ ശ്രമിച്ചെന്നും ആരോപണം ഉയരുന്നുണ്ട്.
പ്രതിഷേധങ്ങൾക്കിടെ അജണ്ട പാസാക്കി ബിജെപി കൗൺസിലർമാർ പിരിഞ്ഞെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും കോൺഗ്രസ് കൗൺസിലർമാർ വ്യക്തമാക്കി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചെമ്പഴന്തി ഉദയൻ യുഡിഎഫിലെ വനിതാ അംഗങ്ങളെ അടക്കം കൈയേറ്റം ചെയ്‌തെന്നും യുഡിഎഫ് കൗൺസിലർ കെ എസ് ശബരീനാഥ് മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ഉദയന്റെ ഷർട്ട് യുഡിഎഫ് കൗൺസിലർമാർ വലിച്ചുകീറിയതായി ബിജെപി ആരോപിച്ചു.
കൗൺസിൽ യോഗം അഞ്ച് മിനിട്ടുകൊണ്ട് അവസാനിച്ചു. ബിജെപി കൗൺസിലറും കാപ്പ കേസ് പ്രതിയുമായ ആർ സുഗതന്റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫും യുഡിഎഫും തുടക്കം മുതൽ പ്രതിഷേധിച്ചിരുന്നു. മേയർ വിവി രാജഷ് സീറ്റിലെത്തിയതോടെ പ്രതിഷേധം ശക്തമാക്കി. പ്രതിപക്ഷം നടുത്തളത്തിലേക്ക് ഇറങ്ങി മുദ്രാവാക്യം വിളിച്ചു. ബഹളം ശക്തമായതോടെ നടപടി വേഗത്തിൽ അവസാനിപ്പിച്ച് മേയർ കൗൺസിൽ യോഗം അവസാനിപ്പിച്ചു. രജിസ്റ്ററിൽ ഒപ്പിടാൻ യുഡിഎഫ് അംഗങ്ങൾ ശ്രമിച്ചപ്പോൾ ബിജെപി അംഗങ്ങൾ തടയുകയായിരുന്നു. ഇതാണ് വലിയ സംഘർഷത്തിന് കാരണമായത്. ഇതിനിടെ ഡയസിനുമുകളിൽ വരെ കയറി നേതാക്കൾ പരസ്പരം പോരടിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |