പത്തനംതിട്ട: ശബരിമലയിൽ നിന്ന് നഷ്‌ടമായെന്ന് സംശയിച്ചിരുന്ന സ്വർണക്കിരീടം സുരക്ഷിതമാണെന്ന് വ്യക്തമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. തിരുവാഭരണം കമ്മീഷണർ ആർ റെജിലാൽ, ആറന്മുളയിലെ സ്‌ട്രോംഗ് റൂമിൽ കിരീടം നേരിൽകണ്ട് ബോദ്ധ്യപ്പെട്ടുവെന്ന് ദേവസ്വംബോർഡിന് റിപ്പോർട്ട് നൽകി. കഴിഞ്ഞദിവസം കിരീടം നേരിൽകണ്ട് ബോദ്ധ്യപ്പെട്ടെന്നാണ് റിപ്പോർട്ടിലുള്ളത്. ഇത് സംബന്ധിച്ച ഔദ്യോഗിക റിപ്പോർട്ടാണ് ഉച്ചയോടെ നൽകിയത്.
ശബരിമല സന്നിധാനത്തെ സ്‌ട്രോംഗ് റൂമിലാണ് മുൻപ് കിരീടം ഉണ്ടായിരുന്നത്. ഹൈക്കോടതി നിർദേശപ്രകാരം നടന്ന തിരുവാഭരണങ്ങളുടെ കണക്കെടുപ്പിലാണ് സ്വർണക്കീരിടം കാണാനില്ലെന്ന വിവരം കണ്ടെത്തിയത്. 2012ൽ തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ സമർപ്പിച്ച കിരീടമാണ് കാണാതായത്. സ്‌ട്രോംഗ് റൂമിൽ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം ഉണ്ടെന്നാണ് വിവരം. വജ്രത്തിന് സമാനമായ വെള്ളക്കല്ലും ഇതിൽ പതിപ്പിച്ചിട്ടുണ്ട്. ഭക്തർ സമർപ്പിച്ചതിന് അന്ന് 445.78 ഗ്രാമാണ് ആകെ തൂക്കം.
എന്നാൽ മുക്കുപണ്ട കിരീടത്തിന് 240 ഗ്രാം മാത്രമാണ് ഉള്ളത്. ശബരിമല സ്വർണക്കൊള്ളയുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി അമിക്കസ് ക്യൂറി ജസ്റ്റിസ് കെ ടി ശങ്കരന്റെ നേതൃത്വത്തിൽ ശബരിമലയിലെ അമൂല്യവസ്തുക്കളുടെ കണക്കെടുപ്പ് ആരംഭിച്ചത്. ഇതിനുപിന്നാലെ ഉണ്ടായ വിവാദത്തിനാണ് ഇപ്പോൾ അവസാനമായത്.
അതേസമയം ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നടത്തിയ ക്രമീകരണങ്ങളെയും മറ്റും കുറിച്ചുള്ള വിവരങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ വാർത്താസമ്മേളനത്തിൽ വിവരിച്ചു. ഇത്തവണ പാർക്കിംഗിലെയും ഭക്തജനങ്ങളുടെയും തിരക്ക് നിയന്ത്രിക്കാനും എഐ ക്യാമറകൾ ഉപയോഗിക്കും. പൊലീസുമായി ചേർന്ന് നടത്തിയ ആലോചനയിലാണ് ഈ തീരുമാനം. അഞ്ച് കോടി ചെലവ് വരുന്ന ഇതിന്റെ ക്രമീകരണം പൊലീസാണ് നടത്തുക. നിലയ്‌ക്കലിൽ പാർക്കിംഗ് ഗ്രൗണ്ടിന് സമീപമായിരിക്കും എഐ ക്യാമറ ഹബ്ബ്. നിലയ്‌ക്കലെ 26 പാർക്കിംഗ് ലോട്ടുകളെ 13 ഭാഗമായി തിരിച്ചാകും ക്രമീകരണം. പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും കാര്യങ്ങൾ ഏകോപിപ്പിക്കാൻ ബോർഡ് ഒരു ലെയ്‌സൺ ഓഫീസറെയും നിയമിച്ചു.
ശബരിമലയിലെ മരാമത്ത് ജോലികൾക്കായി ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്. പതിമൂന്നര കോടി രൂപയുടേതാണ് ഇത്. 6.7 കോടിയുടെ ഇലക്‌ട്രിക്കൽ വർക്കാണ് ഇവിടെയുണ്ടാകുക. ടെൻഡർ നടപടികൾ പൂർത്തിയാക്കി ഉടൻ വർക്കുകൾ ആരംഭിക്കും. എല്ലാ പണികളും ഒക്‌ടോബർ 31ന് മുൻപ് തീർക്കും. സന്നിധാനത്തെ എല്ലാ മരാമത്ത് പണികളുടെയും പേരിൽ പരാതിവരുന്നത് തടയാനും ക്വാളിറ്റി പരിശോധന നടത്താനും പുറമെ നിന്ന് വിദഗ്ദ്ധരെ ചേർത്ത് ബോർഡ് ഒരു ക്വാളിറ്റി അഷ്വറൻസ് ടീം രൂപീകരിച്ചു. ഇവർ വരുംദിവസങ്ങളിൽ ജോലികൾ പരിശോധിക്കും.
സന്നിധാനത്തെ അരവണ പ്‌ളാന്റ് നിലവിൽ നവീകരണ പണികൾ നടക്കുകയാണ്. 2.6ലക്ഷം ടിൻ ആണ് ഫുഡ്‌സേഫ്‌റ്റി നിബന്ധനകളനുസരിച്ച് നിലവിൽ ദിനവും ഉൽപാദിപ്പിക്കുന്നത്. ഇത് ഒരുലക്ഷം കൂടി വർദ്ധിപ്പിച്ച് ദിവസം 3.6 ലക്ഷം ടിൻ അരവണ ഉൽപാദിപ്പിക്കാനാണ് ശ്രമം. മണ്ഡലമാസ പൂജകൾക്കായി നടതുറക്കുമ്പോൾ 75ലക്ഷം ബഫർ സ്റ്റോക്ക് അരവണ ഉണ്ടാകുമെന്ന് ദേവസ്വം പ്രസിഡന്റ് ഉറപ്പ് നൽകി.
അരവണ നിർമ്മാണത്തിനാവശ്യമായ ശർക്കര, ചുക്ക് അടക്കം വസ്‌തുക്കളുടെ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണെന്നും പൂനെയിലെ എൽവൺ കമ്പനിയിൽ ഇത് സംബന്ധിച്ച് പരിശോധനക്കായി ഉദ്യോഗസ്ഥൻ നാളെ പോകുമെന്നും കെ ജയകുമാർ അറിയിച്ചു. ശർക്കര വിതരണ കരാർ ഒക്‌ടോബർ അഞ്ചിനകം ഒപ്പിടും. ചുക്കിന്റെ വിതരണത്തിനായി റീടെൻഡർ ചെയ്യുകയാണ്. ഒക്‌ടോബർ 15നകം എല്ലാ കരാറും ഒപ്പിടുമെന്നും അദ്ദേഹം അറിയിച്ചു.
The Travancore Devaswom Board has clarified that the golden crown suspected to be missing from Sabarimala is safe. Thiruvabharanam Commissioner R. Rejilal reportedly inspected the crown in person at the strong room in Aranmula and submitted a report confirming its presence and safety to the Devaswom Board.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |