തിരുവനന്തപുരം: വഖഫ് ബോർഡിൽ അമുസ്ലീം അംഗങ്ങളെ നിയമിക്കാനുള്ള ഭേദഗതി ആദ്യമായി അംഗീകരിക്കുന്ന ബിജെപി ഇതര സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വസ്‌തുതയ്‌ക്ക് നിരക്കാത്ത കാര്യങ്ങളാണ് മുഖ്യമന്ത്രി വി ഡി സതീശൻ പറയുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
'ബോധപൂർവം തെറ്റിദ്ധരിപ്പിക്കുന്നതിനായി വസ്‌തുതാ വിരുദ്ധമായ കാര്യങ്ങൾ മുഖ്യമന്ത്രി പറയുകയാണ്. വഖഫ് ബോർഡ് വിഷയത്തിൽ നിലപാട് അറിയിച്ചപ്പോൾ ഞാൻ വർഗീയത പരത്തുകയാണെന്ന് പറഞ്ഞു. എന്തടിസ്ഥാനത്തിലാണ് അത് പറഞ്ഞതെന്ന് വ്യക്തമാക്കണം. വഖഫ് ബോർഡിൽ അമുസ്ലീം അംഗങ്ങളെ നിയമിക്കണമെന്ന നിയമഭേദഗതി കൊണ്ടുവന്നത് ബിജെപിയുടെ കേന്ദ്ര സർക്കാരാണ്.
ഈ ഭേദഗതി ആദ്യമായി അംഗീകരിക്കുന്ന ബിജെപി ഇതര പാർട്ടി ഭരിക്കുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റാനാണ് യുഡിഎഫ് സർക്കാർ ശ്രമിക്കുന്നത്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമഭേദഗതി അംഗീകരിച്ച് ഹൈക്കോടതിയിൽ അവർ നിലപാട് വ്യക്തമാക്കി. ഇത് വ്യക്തമായ സംഘപരിവാർ സേവയാണ്. അത് തുറന്നുകാട്ടിയപ്പോഴാണ് എന്നെപ്പറ്റിയുള്ള പരാമർശങ്ങൾ നടത്തിയത്.
വഖഫ് നിയമത്തിൽ മുമ്പ് ഭേദഗതി വരുത്തിയെങ്കിലും അമുസ്ലീം അംഗങ്ങളെ ഉൾപ്പെടുത്തണമെന്ന് വന്നിട്ടില്ല. ഓരോ മതവിഭാഗത്തിന്റെയും ബോർഡുകളിൽ അവരുടെ ആളുകൾ മാത്രമാണുള്ളത്. ബിജെപി സർക്കാർ വന്നതോടെ വഖഫ് നിയമത്തിൽ ഭേദഗതി കൊണ്ടുവന്നു. അതിന് പിന്നിലെ താൽപ്പര്യം വ്യക്തമാണ്. ഇതിനോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കുന്നത് വർഗീയത പരത്തലാണോ? ഒരു കോൺഗ്രസ് മുഖ്യമന്ത്രി ബിജെപിയുടെ നിലപാട് സ്വീകരിക്കാൻ പാടുണ്ടോ?' - പിണറായി വിജയൻ ചോദിച്ചു.
Opposition leader Pinarayi Vijayan accused the UDF government of supporting Sangh Parivar interests over the proposed Waqf Board amendment. He alleged that the Chief Minister’s statements were factually incorrect and claimed Kerala was being pushed to become the first non-BJP-ruled state to accept the amendment allowing non-Muslims in the Waqf Board.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |