SignIn
Kerala Kaumudi Online
Friday, 06 November 2026 10.34 PM IST

'വൈദ്യുതി കരാറിന് പിന്നിൽ അതീവ ഗൗരവമുള്ള കാര്യങ്ങളുണ്ട്, നടക്കാൻ പാടില്ലാത്ത എന്തോ ഒന്ന് ഇതിന് പിന്നിലില്ലേ'

READ ENGLISH VERSION
pinarayi
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: കേരളത്തിലെ വൈദ്യുതി ക്ഷാമം കൃത്രിമമാണെന്നും അതിനുപിന്നിൽ അതീവ ഗൗരവമായ കാര്യങ്ങളുണ്ടെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം ഉണ്ടാകേണ്ട കാലാവസ്ഥയല്ലെന്നും എന്നാൽ മുഖ്യമന്ത്രി പറയുന്നത് വൈദ്യുതി രംഗത്ത് പ്രതിസന്ധി ഉണ്ടെന്നാണെന്നും പിണറായി പറഞ്ഞു. സ്വകാര്യ പ്ലാറ്റ്‌ഫോമായ ജിഎൻഎ എനർജിയുമായുള്ള വൈദ്യുതി കരാറിന്റെ കാര്യങ്ങൾ നേരെ എന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് പറഞ്ഞത്

സാധാരണ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതും ചെയ്യേണ്ടതും വൈദ്യുതി ബോർഡാണ്. പ്രധാന ഉത്തരവാദിത്തവും അവർക്ക് തന്നെയാണ്. വൈദ്യുതി ബോർഡ് എടുത്ത സമീപനം തള്ളുന്ന സർക്കാരിന്റെ നടപടി ദുരൂഹമാണ്. വൈദ്യുതി ബോർഡും മന്ത്രിയും സ്വീകരിച്ചതിന് വിരുദ്ധമായ നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്. സാധാരണ നിലയ്ക്ക് നടക്കാൻ പാടില്ലാത്ത എന്തോ ഒന്ന് ഇതിന് പിന്നിലില്ലേ എന്ന് സംശയമുണ്ട്. കരാർ ഒപ്പിടാൻ തീരുമാനിച്ചത് താനെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പൂർണ ഉത്തരവാദിത്തം മുഖ്യമന്ത്രി ഏ​റ്റെടുക്കുമ്പോൾ അതിലെന്തോ ഒളിപ്പിക്കാനുണ്ട്. അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയില്ല.

ജിഎൻഎ വൈദ്യുതി ഉത്പാദിപ്പിക്കുന്ന കമ്പനിയല്ല. ഡിജി​റ്റൽ ഒടിസി ആണ്. ആരുടെ വൈദ്യുതിയാണ് ജിഎൻഎ നൽകുന്നത്. ഇതിന് ഉത്തരമില്ല. സുതാര്യമായ നടപടികളിലൂടെയാണ് വൈദ്യുതി വാങ്ങേണ്ടത്. കെഎസ്ഇബി വിശദമായ പഠനം നടത്തിയിട്ടുണ്ട്. കെഎസ്ഇബി നടത്തിയ പഠനം തെ​റ്റാണെങ്കിൽ അത് ചൂണ്ടിക്കാണിക്കാനുള്ള അവകാശം സർക്കാരിനുണ്ട്. അങ്ങനെ ചൂണ്ടിക്കാണിച്ചിട്ടില്ല. കെഎസ്ഇബി പറഞ്ഞത് ഇത് സാമ്പത്തിക നഷ്ടം ഉണ്ടാക്കും എന്നാണ്.

ഔദ്യോഗികമായി കത്ത് നൽകിയിട്ടുണ്ട് എന്നും കെഎസ്ഇബി പറയുന്നു. കത്ത് നൽകിയിട്ടില്ല എന്ന് മുഖ്യമന്ത്രി അവകാശപ്പെടുമ്പോഴും കത്ത് പൊതു മണ്ഡലത്തിൽ ലഭ്യമാണ്. രാജമാണിക്യം പ്രാപ്തനായ ഉദ്യോഗസ്ഥനാണ്. കാര്യങ്ങൾ പരിശോധിച്ച് ശരിയല്ലെന്ന് മനസിലാക്കിയപ്പോഴാണ് ശരികേടുകൾ ബോധ്യപ്പെടുത്തിയത്. വഴങ്ങാത്ത ഉദ്യോഗസ്ഥനെ സ്ഥാനംമാ​റ്റുകയാണ്. ഹിമാചൽ വൈദ്യുതിക്ക് അനുകൂലമായി മന്ത്രി സണ്ണി ജോസഫ് ഫയലിൽ കുറിച്ചിട്ടുണ്ട്.

അതേസമയം,ജിഎൻഎയിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനെ മന്ത്രി സണ്ണിജാേസഫ് എതിർത്തിരുന്നതായുള്ള വിവരം പുറത്തുവന്നു. കരാർ വ്യവസ്ഥകൾ അജ്ഞാതമാണെന്നും ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനെയാണ് ബോർഡും ഊർജവകുപ്പും അനുകൂലിക്കുന്നതെന്നുമാണ് ഒക്ടോബർ 19ന് ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ പറയുന്നത്.

ജിഎൻഎയിൽനിന്ന് വൈദ്യുതി വാങ്ങാനുള്ള സർക്കാർ നീക്കത്തിൽ കെഎസ്ഇബി ഡയറക്ടർമാർക്ക് അതൃപ്തിയുണ്ടെന്നുള്ള റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. ഇതിനെത്തുടർന്ന് രണ്ടുപേർ രാജിസന്നദ്ധത അറിയിച്ചെന്നും റിപ്പോർട്ടുണ്ട്.

English Summary

Opposition leader Pinarayi Vijayan alleged Kerala's power shortage is artificial and linked to a suspicious GNA Energy deal. He claimed the Chief Minister's full responsibility indicates hidden motives, especially since KSEB and a minister initially opposed it, warning of financial loss. Reports also suggest KSEB directors' dissatisfaction, with two offering resignation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GNA POWER AGREEMENT, PINARAYI VIJAYAN, KERALA ELECTRICITY CONTRACT, GNA KARാർ, PINARAYI VIJAYAN POWER DEAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA