SignIn
Kerala Kaumudi Online
Friday, 11 September 2026 11.49 PM IST

പിണറായിക്കെതിരായ ശുപാർശ: പൊലീസ് മെല്ലെപ്പോക്ക് സ്വീകരിച്ചാലും ഇഡി വിടില്ല, തുടർന്നുണ്ടാകുന്നത് കടുത്ത നടപടികൾ

READ ENGLISH VERSION
pinarayi
പിണറായി വിജയനും മുഹമ്മദ് റിയാസും

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയൻ, മരുമകനും എംഎൽഎയുമായ പി.എ.മുഹമ്മദ് റിയാസ്, ഭാര്യ ടി.വീണ എന്നിവർക്കെതിരായുള്ള ഇഡി (എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്) ശുപാർശയിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും അന്വേഷണത്തിൽ മെല്ലെപ്പോക്ക് സ്വീകരിക്കുകയും ചെയ്താൽ ഇഡി സ്വന്തം നിലയിൽ തുടർ നടപടികൾ മുന്നോട്ടുകൊണ്ടുപോകുമെന്ന് റിപ്പോർട്ട്. അങ്ങനെയെങ്കിൽ കേസിൽ സ്വന്തംനിലയിൽ കു​റ്റപത്രം നൽകാനായിരിക്കും ഇഡിയുടെ നീക്കം എന്നാണറിയുന്നത്. പൊലീസ് രജിസ്റ്റർചെയ്ത കേസിന്റെ അടിസ്ഥാനത്തിലായിരിക്കും ഇത്. അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കാൻ ഇഡിക്കാവില്ല. അതിനാലാണ് കേസെടുക്കാൻ ശുപാർശ ചെയ്ത് പൊലീസ് മേധാവിക്ക് തെളിവുകൾ സഹിതം കത്തയച്ചത്.

ഇഡി കുറ്റപത്രം സമർപ്പിക്കുകയാണെങ്കിൽ അത് സ്വന്തം നിലയിൽ നടത്തിയ അന്വേഷണത്തിലെ വിശദാംശങ്ങൾ സഹിതമുള്ളതായിരിക്കും. അഴിമതിനിരോധന നിയമപ്രകാരമുള്ള കേസുകൾ സിബിഐക്കും അന്വേഷിക്കാം. ഹൈക്കോടതി ഉത്തരവുപ്രകാരമോ സംസ്ഥാന സർക്കാരിന്റെ ശുപാർശയിലോ ആണ് സിബിഐ കേസുകൾ ഏ​റ്റെടുക്കുക. പൊലീസ് രജിസ്റ്റർ ചെയ്യുന്ന കേസ് പിന്നീട് സർക്കാരിന് സിബിഐയ്ക്ക് കൈമാറുകയുമാവാം.

അതേസമയം, പിണറായി വിജയനെയും മകളെയും മരുമകനെയും ഉന്നം വച്ചുള്ള ഇ.ഡി ശുപാർശയിലെ പൊലീസ് അന്വേഷണം ഉടൻ നടക്കാനുള്ള സാദ്ധ്യത മങ്ങുകുകയാണ്. ഇക്കാര്യത്തിൽ രാഷ്ട്രീയ സമ്മർദ്ദമുണ്ട്. അന്വേഷണം തിരിഞ്ഞുകുത്തുമോയെന്ന ആശങ്കയും യു.ഡി.എഫ് തലത്തിൽ സജീവമാണ്. നിയമവശങ്ങൾ പരിശോധിച്ച ശേഷമാവും അന്വേഷണ കാര്യത്തിൽ തീരുമാനമെടുക്കുകയെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മന്ത്രി സണ്ണിജോസഫ് പറഞ്ഞത് ഇതിലേക്കുള്ള ചൂണ്ടുപലകയാണ്.


പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും പ്രതി ചേർത്ത് കേസെടുക്കാൻ നേരിട്ടുള്ള മൊഴികളും തെളിവുകളും ഇല്ലെന്ന് അഡ്വക്കേറ്റ് ജനറൽ പ്രാഥമിക പരിശോധനയ്ക്കുശേഷം ആഭ്യന്തര വകുപ്പിനെ അറിയിച്ചതായാണ് അറിയുന്നത്. സി.എം.ആർ.എൽ മാസപ്പടി വിഷയത്തിൽ ഇ.ഡി നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ കേസെടുക്കാതിരിക്കാനാവില്ലെന്നാണ് ഇന്നലെ കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളുടെ യോഗത്തിലും മുഖ്യമന്ത്രി വി.ഡി.സതീശൻ ആവർത്തിച്ചത്. എന്നാൽ, സർക്കാരിന് ഏറെ കരുതലോടെ മാത്രമേ നീങ്ങാനാവൂ.


അന്വേഷണം കടുപ്പിച്ചാൽ, സി.എം.ആർ.എല്ലിൽ നിന്ന് പണം കൈപ്പറ്റിയ മറ്റ് ഇടപാടുകളെക്കുറിച്ചും അന്വേഷണം വേണമെന്ന ആവശ്യമുയർന്നേക്കും. അത് തിരിച്ചുകൊത്തുമെന്ന ആശങ്ക ശക്തമാണ്. മാത്രമല്ല, ഇ.ഡിയെ ആയുധമാക്കി രാഷ്ട്രീയ എതിരാളികളെ കേന്ദ്രസർക്കാർ ഉപദ്രവിക്കുന്നതിന് എതിരാണ് കോൺഗ്രസ് ദേശീയ നേതൃത്വവും 'ഇന്ത്യ" സഖ്യവും. എന്നാൽ,​ പിണറായിക്കും സി.പി.എമ്മിനുമെതിരെ ഇത്രയും ശക്തമായ ആയുധം കിട്ടുമ്പോൾ അത് കൈവിടുന്നത് ശരിയല്ലെന്ന അഭിപ്രായമാണ് മറുവിഭാഗത്തിന്. കോൺഗ്രസിലെ തന്നെ പലനേതാക്കളും ചില ഘടകകക്ഷി നേതാക്കളും തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന നിലപാടിലുമാണ്. സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നതും ഇതാണ്.

English Summary

The Enforcement Directorate has recommended Kerala Police register an FIR against Pinarayi Vijayan, P.A. Muhammed Riyas, and T. Veena. If police delay or fail to act, ED is reportedly prepared to file its own chargesheet. ED cannot directly initiate cases under the Prevention of Corruption Act. Political pressure is expected to slow the police probe, with insufficient direct evidence cited by the Advocate General.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI VIJAYAN ED, പിണറായി വിജയൻ ഇഡി, ED നടപടി, POLICE SLOW APPROACH, പിണറായിക്കെതിരായ ശുപാർശ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA