കോഴിക്കോട്: കെഎസ്‌ടിപി അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഗ്യാനേഷ് കുമാറിനെതിരെയുള്ള വിജിലൻസ് പുനരന്വേഷണം സ്വാഗതം ചെയ്യുന്നെന്ന് മുസ്ലീം ലീഗ് നേതാവ് എംകെ മുനീർ. മുൻകാലങ്ങളിൽ നടന്ന അന്വേഷണങ്ങൾ രാഷ്‌ട്രീയപരമായി തന്നെ ഉന്നംവച്ചുള്ളത് മാത്രമായിരുന്നെന്നും പതിബെൽ കമ്പനി എഞ്ചിനീയറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങൾ നടന്നിട്ടില്ലെന്നും എംകെ മുനീർ പറഞ്ഞു. ഗ്യാനേഷ് കുമാറിന്റെ പേര് കൃത്യമായി രേഖപ്പെടുത്തിയ ആത്മഹത്യാക്കുറിപ്പുണ്ടായിരുന്നിട്ടും പത്തുവർഷം ഭരിച്ച എൽഡിഎഫ് സർക്കാർ എന്തുകൊണ്ട് ഇതേക്കുറിച്ച് അന്വേഷിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു.
താൻ പൊതുമരാമത്ത് മന്ത്രിയായുള്ള അവസാന സമയത്താണ് ഗ്യാനേഷ് കുമാർ പിഡബ്ല്യുഡി സെക്രട്ടറിയായി ചുമതലയേറ്റതെന്നും വിഷയത്തിൽ വിജിലൻസ് കോടതി തന്നെ നിരപരാധിയെന്നുകണ്ട് വെറുതെ വിട്ടതാണെന്നും എം കെ മുനീർ പറഞ്ഞു.
കെഎസ്‌ടിപി എന്ന പദ്ധതി വളരെ നല്ല രീതിയിൽ നടക്കുകയും ഇവിടുത്തെ റോഡുകളെ നന്നാക്കുകയും ചെയ്‌തിട്ടുണ്ട്. അതിന്റെ പേരിൽ മലേഷ്യൻ കമ്പനിയുടെ എഞ്ചിനീയർ ആത്മഹത്യ ചെയ്‌തിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കണം. അതെവിടെയാണുള്ളതെന്നും അതിൽ എന്താണുള്ളതെന്നും പരിശോധിക്കണം. അതാണ് ഈ ഗവൺമെന്റ് ചെയ്യുന്നത്. ആ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു'- എം കെ മുനീർ പറഞ്ഞു.
തോമസ് ഐസക്കുമായി നടന്ന വാദപ്രതിവാദങ്ങൾ തീർത്തും രാഷ്‌ട്രീയപരമായിരുന്നെന്നും എംകെ മുനീർ വ്യക്തമാക്കി. 'എല്ലാ വർക്കുകളിലും അഴിമതികാണിച്ചെന്നായിരുന്നു ആരോപണം. അതേക്കുറിച്ച് അന്നവർ അന്വേഷിക്കുകയും ചെയ്‌തു. ഞാൻ പിഡബ്ല്യുഡി മാനുവൽ അനുസരിച്ചാണ് കാര്യങ്ങൾ ചെയ്‌തിട്ടുള്ളതെന്ന് വിജിലൻസ് കോടതിക്ക് വ്യക്തമായി. ഞാൻ നിരപരാധിയാണെന്നും കോടതി കണ്ടെത്തി. വിജിലൻസ് കോടതി തള്ളിയ ഒരു കേസ് വീണ്ടും അന്വേഷിക്കണമെന്നാണെങ്കിൽ എന്നെക്കുറിച്ചും അന്വേഷിച്ചോട്ടെ.
പക്ഷേ, ഞാൻ പറയുന്നത് വെറും അഴിമതിയെക്കുറിച്ച് മാത്രമല്ല. ഒരു മരണത്തിലേക്ക് നയിച്ച കാരണമെന്തെന്ന് കണ്ടെത്തുന്നത് കൂടുതൽ ഉത്തരവാദിത്തമുള്ള കാര്യമാണ്. ഇടതുപക്ഷം ഭരിച്ചപ്പോൾ എന്തുകൊണ്ട് ആത്മഹത്യാക്കുറിപ്പിൽ അന്വേഷണം ഉണ്ടായില്ല. ആ അന്വേഷണം വൈകിയത് എന്തുകൊണ്ട്? ആത്മഹത്യയുമായി ബന്ധപ്പെട്ട് ഒരു വിവരവും കൈമാറാനില്ല. ബില്ല് കൊടുക്കാത്തതടക്കം കാര്യങ്ങൾ പറയേണ്ടത് അന്നത്തെ സർക്കാരാണ്. ബാക്കിയുള്ള കാര്യങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ മറുപടി നൽകാം. മന്ത്രി എന്ന നിലയിൽ കോഡും മാനുവലും അനുസരിച്ചുള്ള കാര്യങ്ങളാണ് ചെയ്‌തത്. അന്ന് ഞാൻ മാത്രം ടാർജറ്റ് ചെയ്യപ്പെട്ടു.
തോമസ് ഐസക്ക് ധനകാര്യ മന്ത്രിയായിരുന്ന സമയത്താണ് എഞ്ചിനീയർ ആത്മഹത്യ ചെയ്‌തത്. എന്തുകൊണ്ട് ആ മന്ത്രിയെ ടാർറ്റ് ചെയ്‌തില്ല. രാഷ്‌ട്രീയപരമായി എന്നെ ഇല്ലാതാക്കാൻ കാണിച്ച താൽപര്യം എന്തുകൊണ്ട് എഞ്ചിനീയറുടെ ആത്മഹത്യയിൽ കാണിച്ചില്ല. ആത്മഹത്യയിൽ അന്വേഷണം അന്ന് തന്നെ വേണമായിരുന്നെന്ന് നിങ്ങൾക്കും തോന്നുന്നില്ലേ? അദ്ദേഹത്തിന്റെ ആത്മഹത്യക്കുറിപ്പ് എങ്ങോട്ട് പോയെന്നറിയില്ല. മുഴുവൻ സിസ്റ്റത്തിൽ പ്രശ്‌നമുണ്ടെങ്കിൽ അത് അന്വേഷിക്കണം. ഞാൻ മന്ത്രിയായിരിക്കെ ഏറ്റവും നന്നായി ജോലി ചെയ്‌ത കമ്പനിയാണ് പതിബെൽ. കോൺട്രാക്‌ടറുടെ മേൽ ഇത്രയും സമ്മർദം ചെലുത്തിയത് എന്തിനാണ്? കരാറുമായി ബന്ധപ്പെട്ട് ഒരു വിഷയവും എന്റെ കാലത്ത് ഉണ്ടായില്ല. മന്ത്രി എന്തായാലും ഫണ്ട് തടയില്ലല്ലോ. ബിൽ മാറിക്കൊടുക്കേണ്ട ഘട്ടത്തിലാണ് സർക്കാർ മാറുന്നത്. ഗ്യാനേഷിനെതിരെ അന്വേഷണം വേണമെന്ന് തന്നെയാണ് എന്റെ നിലപാട്'- എംകെ മുനീർ പറഞ്ഞു.
M.K. Muneer welcomed the Vigilance reinvestigation into the KSTP case and called for a probe into the Patibel engineer’s suicide.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |