കോഴിക്കോട്: കനത്ത മഴ കണക്കിലെടുത്ത് വയനാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് നാളെ അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റെഡ് അലർട്ട് മുന്നറിയിപ്പിനെ തുടർന്ന് മലപ്പുറം ജില്ലയിൽ നാളെ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, പാരലൽ കോളേജുകൾ, മറ്റ് കോച്ചിംഗ് സെന്ററുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. എന്നാൽ റെസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഹോസ്റ്റലുകൾക്കും അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല, പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ലെന്നും കളക്ടർ വ്യക്തമാക്കി. കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചതായി വിവരമുണ്ട്.
നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകൾക്കും മറ്റെന്നാൾ ഇടുക്കി, പാലക്കാട് ജില്ലകൾക്കും റെഡ് അലർട്ട് നൽകിയിട്ടുണ്ട്. അതിതീവ്രമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകൾക്കും മറ്റെന്നാൾ പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകൾക്കും ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (ഓറഞ്ച് അലർട്ട്) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
Educational institutions in Wayanad and Malappuram districts will remain closed tomorrow due to heavy rainfall and red alerts. Kozhikode district has also reportedly declared a holiday. In Malappuram, the closure covers anganwadis, madrassas, tuition and coaching centres, but excludes residential institutions, hostels and scheduled examinations. The IMD has forecast extremely heavy rainfall in several Kerala districts, with orange alerts issued for others.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |