തിരുവനന്തപുരം: തലസ്ഥാനത്ത് കഴക്കൂട്ടത്ത് കുട്ടിയെ ഡ്രൈവിംഗ് സീറ്റിലിരുത്തി കാറോടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സമീപത്തുകൂടിപോയ കൊല്ലം ഇളമ്പൽ സ്വദേശികളായ കാർ യാത്രക്കാരാണ് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്. കൂടുതൽ വാഹനങ്ങൾ ഇല്ലാത്ത സമയത്താണ് അപകടക്കളിയെന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
കഴക്കൂട്ടം-വിമാനത്താവളം റോഡിൽ അനന്തപുരി ഹോസ്പിറ്റലിന് സമീപമുള്ള ഫ്ലൈ ഓവറിൽ ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. കുട്ടി ഡ്രൈവിംഗ് സീറ്റിലിരിക്കുന്നതും സ്റ്റിയറിംഗ് നിയന്ത്രിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കുട്ടിക്കൊപ്പം ഡ്രൈവിംഗ് സീറ്റിൽ ഒരാളുണ്ടെങ്കിലും സ്റ്റിയറിംഗ് പൂർണമായും നിയന്ത്രിച്ചത് കുട്ടിയായിരുന്നു. ഒപ്പം ഒരു സ്ത്രീയെയും ദൃശ്യങ്ങളിൽ കാണാം. മാതാപിതാക്കളാണ് കുട്ടിക്കൊപ്പമുണ്ടായിരുന്നതെന്നാണ് നിഗമനം. ഇവരുടെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
കാർ ഓടിച്ചത് മൂന്നോ നാലോ വയസുള്ള കുട്ടിയാണെന്ന് ദൃശ്യങ്ങൾ പകർത്തിയ കൊല്ലം ഇളമ്പൽ സ്വദേശിയായ സുജിത്ത് പറഞ്ഞു. മറ്റു വാഹനങ്ങളിലെ യാത്രക്കാർ ഹോൺ അടിച്ച് മുന്നറിയിപ്പ് നൽകിയിട്ടും കുട്ടിക്കൊപ്പം ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്ന ആൾ അത് കാര്യമാക്കിയില്ലെന്നും സുജിത്ത് കൂട്ടിച്ചേർത്തു. തങ്ങൾ വീഡിയോ എടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വീണ്ടും വേഗതയിൽ കാർ മുന്നോട്ട് കുതിക്കുകയായിരുന്നു. 80-100 കിലോമീറ്റർ വേഗതയിലായിരുന്നു അപകടപ്പാച്ചിലെന്നും കണ്ടില്ലെന്ന് നടിക്കാനാവാത്തത് കൊണ്ടാണ് വീഡിയോ എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് കൗമാരക്കാരുടെ അശ്രദ്ധമൂലം തുടർച്ചയായുണ്ടാകുന്ന അപകട മരണങ്ങൾക്കിടെയാണ് ഇത്തരത്തിൽ അലംഭാവത്തോടെ മാതാപിതാക്കൾ കുട്ടിയെകൊണ്ട് കാറോടിപ്പിക്കുന്നത്. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും പൊലീസും അന്വേഷണം ആരംഭിച്ചതായാണ് വിവരം.
A video has emerged showing a child driving a car on Kazhakkoottam airport road in Thiruvananthapuram. Although an adult was present in the driver's seat, the child appeared to control the steering wheel. The incident, captured by other commuters, has prompted an investigation by the Motor Vehicles Department and police, amid growing concerns over road safety involving minors.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |