SignIn
Kerala Kaumudi Online
Wednesday, 05 August 2026 11.26 PM IST

കാട്ടാക്കട ആദിശേഖർ കൊലക്കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജാമ്യവും അനുവദിച്ചു

READ ENGLISH VERSION
adishekar
കൊല്ലപ്പെട്ട ആദിശേഖർ, പ്രതി പ്രിയരഞ്ജൻ, സംഭവത്തിന്റെ സിസിടിവി ദൃശ്യം

തിരുവനന്തപുരം: കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ആദി ശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി. തിരുവനന്തപുരം ആറാം അഡിഷണൽ സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷയാണ് സുപ്രീം കോടതി മരവിപ്പിച്ചിരിക്കുന്നത്. വിചാരണക്കോടതി വിധിക്കെതിരെ പ്രിയരഞ്ജൻ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ശിക്ഷാവിധിയിൽ പിഴവുണ്ടെന്ന നിരീക്ഷണത്തിലാണ് ജാമ്യം അനുവദിച്ച് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.. വിചാരണക്കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീൽ നിലവിൽ കേരള ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

2023 ഓഗസ്റ്റ് 30നാണ് ആദിശേഖർ കാറിടിച്ച് കൊല്ലപ്പെടുന്നത്. കാർ കയറ്റി കൊലപ്പെടുത്തുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യം പുളിങ്കോട് ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിൽ നിന്നാണ് ലഭിച്ചത്. 'മാമാ.. ഇവിടെ മൂത്രം ഒഴിക്കുന്നത് ശരിയാണോ ' എന്ന ആദിശേഖറിന്റെ നിഷ്‌കളങ്കമായ ചോദ്യത്തിൽ നിന്നുണ്ടായ പകയാണ് പൈശാചികമായ കൊലപാതകത്തിലെത്തിയത് എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

ആദിശേഖർ കൂട്ടുകാർക്കൊപ്പം പുളിങ്കോട് ക്ഷേത്ര ഗ്രൗണ്ടിൽ കളി കഴിഞ്ഞ് ബാൾ ഷെഡിൽ സൂക്ഷിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന കുട്ടിയിൽ നിന്ന് ആദിശേഖർ സ്വന്തം സൈക്കിൾ വാങ്ങി കയറാൻ തുടങ്ങുന്നതിനിടെ പിന്നാലെ വേഗത കുറച്ചുവന്ന ഇലക്ട്രിക് കാർ (കെ.എൽ 19 എൻ 6957) വേഗതകൂട്ടി കുട്ടിയെ ഇടിച്ചുതെറിപ്പിച്ചതിനുശേഷം കടന്നുപോവുകയായിരുന്നു.

പ്രതി പ്രിയരഞ്ജൻ സ്ഥിരം മദ്യപാനിയാണെന്നും സംഭവ സമയത്തും മദ്യപിച്ചിരുന്നതായും മുൻകൂട്ടി പദ്ധതിയിട്ട കൊലയാണെന്നും പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ആദിശേഖറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് വീട്ടുകാർ സംശയം ഉന്നയിച്ചതോടെയാണ് അപകട മരണമായി ആദ്യം രജിസ്റ്റർ ചെയ്ത കേസ് നരഹത്യയായി പരിഗണിച്ചത്.

എന്നാൽ ഭാര്യ വിദേശത്ത് ജോലി ചെയ്യുകയാണെന്നും അവരുമായി ഫോണിൽ സംസാരിച്ചുകൊണ്ട് കാർ മുന്നോട്ടെടുത്തപ്പോൾ സൈക്കിളിൽ ഇടിച്ചതാണെന്നും പ്രിയരഞ്ജൻ സമർപ്പിച്ച ജാമ്യ ഹർജിയിൽ പറയുന്നുണ്ട്. പുതിയ ഇലക്ട്രിക് കാറായിരുന്നതിനാൽ പരിചയക്കുറവുമുണ്ടായിരുന്നെന്നും പ്രതി കോടതിയെ അറിയിച്ചിരുന്നു. സംഭവത്തിനുശേഷം തമിഴ്നാട്ടിലേയ്ക്ക് കടന്ന പ്രിയരഞ്ജനെ കന്യാകുമാരിയിൽ നിന്നാണ് പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KATTAAKADA ADISHEKAR MURDER CASE, ADISHEKAR MURDER CASE, PRIYARANJAN BAIL, SUPREME COURT ADISHEKAR CASE, ADISHEKAR CASE MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA