
കൊച്ചി/കണ്ണൂർ: മകൾ വീണ മാസപ്പടി വാങ്ങിയെന്ന് സമ്മതിച്ചു എന്ന പ്രചാരണം ശുദ്ധ അസംബന്ധവും പച്ചക്കള്ളവുമാണെന്ന് പിണറായി വിജയൻ ഇന്നലെ വാർത്താ സമ്മേളനം നടത്തി പറഞ്ഞതോടെ,ഇ.ഡി നാളെ മുതൽ നടത്തുന്ന തുടർ ചോദ്യം ചെയ്യൽ അതീവ നിർണായകം.
വീണ പണം കൈപ്പറ്റിയ കാലയളവിൽ
സി.എം.ആർ.എല്ലിന്റെ ഓഡിറ്റർമാരായിരുന്ന എ.കെ. മുരളീകൃഷ്‌ണൻ, എ.കെ. ഭഗേഷ്‌കുമാർ ചീഫ് ഫിനാൻഷ്യൽ ഓഫീസറും ചീഫ് ജനറൽ മാനേജരുമായിരുന്ന പി. സുരേഷ്‌കുമാർ, ചീഫ് ഫിനാൻഷ്യൽ ഓഫീസറായിരുന്ന കെ. സുരേഷ്‌കുമാർ എന്നിവരെയാണ് വരും ദിവസങ്ങളിൽ ചോദ്യം ചെയ്യുന്നത്. അന്നത്തെ മുഖ്യമന്ത്രി നേതാവ് പിണറായി വിജയന് മകൾ വീണ വഴി കമ്പനി 3.28 കോടി രൂപ കൈക്കൂലി നൽകിയതായി പി. സുരേഷ്‌കുമാർ മൊഴി നൽകിയെന്ന് ഡി.ജി.പിക്ക് ഇ.ഡി നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതിൽ കൂടുതൽ വിശദീകരണം തേടാനാണ് വീണ്ടും വിളിപ്പിക്കുന്നതെന്നാണ് ഇ.ഡി വൃത്തങ്ങൾ നൽകുന്ന വിവരം.
ഇ.ഡിയെ പ്രഹരിച്ച് പിണറായി
(കണ്ണൂരിലെ വാർത്താ സമ്മേളനം)
# സാധാരണഗതിയിൽ പൊലീസ് മേധാവിക്ക് നൽകുന്ന കത്തുകൾ ഉടൻ പുറത്തുവരാറില്ല. ഇത് എങ്ങനെ മാദ്ധ്യമങ്ങളിലെത്തിയെന്ന് ഇ.ഡി വ്യക്തമാക്കണം.
വീണ മാസപ്പടി വാങ്ങിയെന്ന് സമ്മതിച്ചു എന്ന പ്രചാരണം ശുദ്ധ അസംബന്ധവും പച്ചക്കള്ളവുമാണ്.
# സി.എം.ആർ.എല്ലിന് വഴിവിട്ട ഒരു ആനുകൂല്യവും നൽകിയിട്ടില്ല. അങ്ങനെ തെളിയിക്കുന്ന ഒരു രേഖയും ഹാജരാക്കിയിട്ടില്ല. സേവനം ലഭിക്കാതെ എക്സാലോജിക്കിന് പണം നൽകി എന്നും അതുവഴി സി.എം.ആർ.എല്ലിന് സാമ്പത്തിക നഷ്ടമുണ്ടായെന്നുമായിരുന്നു ആദ്യ ആരോപണം. മുഖ്യമന്ത്രിയെന്ന നിലയിൽ താൻ നൽകിയ വഴിവിട്ട ആനുകൂല്യത്തിനുള്ള കൈക്കൂലിയാണെന്നാണ് പുതിയ ഭാഷ്യം.
# എസ്.എഫ്.ഐ.ഒ റിപ്പോർട്ടിന്റെ നിയമസാധുത ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതിനിടെ, പുതിയ ക്രിമിനൽ കേസ് സൃഷ്ടിച്ച് അന്വേഷണം തന്നിലേക്കെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
# തോട്ടപ്പള്ളി സ്പിൽവേ മണൽ നീക്കം, ഭൂപരിധി ഇളവ്, എക്സാലോജിക് ഇടപാട് എന്നീ മൂന്ന് ആരോപണങ്ങളും വിജിലൻസ് കോടതി, കേരള ഹൈക്കോടതി, സുപ്രീം കോടതി എന്നിവ പരിശോധിച്ച് തള്ളിയവയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |